Monday, February 19, 2018

അല്ലാഹുവിന്‍റെ ഖുർആനിൽ കാണുന്നില്ലല്ലോ?!

അല്ലാഹുവിന്‍റെ ഖുർആനിൽ കാണുന്നില്ലല്ലോ?!

ഈ ഒരു ചോദ്യത്തിന്ന് മുഹമ്മദ് നബി (സ)യുടെ സ്വഹാബികളുടെ  കാലത്തോളം പഴക്കമുണ്ട്; ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പുതുമയും ഉണ്ട്.

ഇസ്‌ലാമിലെ ഒരു വിഷയത്തെ കുറിച്ച് അത് ഖുർആനിൽ ഉണ്ടെങ്കിൽ മാത്രം എടുക്കുകയും അതേ സമയം പരിശുദ്ധ ഖുർആനിനെ ജീവിച്ചു കാണിച്ചു തന്ന, സ്ഥിരപ്പെട്ട ഹദീസുകളിൽ വന്ന തിരു ചര്യകളെ വേണ്ടത്ര ശ്രദ്ധിക്കാതെയും, ഒരു വേള സൗകര്യപൂർവ്വം അവഗണിച്ചുകൊണ്ടും കാര്യങ്ങളെ സമീപിക്കുന്ന സഹോദരങ്ങൾ ബുദ്ധികൊടുത്ത് വിലയിരുത്തേണ്ട ഒരു സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

മുഹമ്മദ് നബി(സ) യെ കണ്ടും കേട്ടും ജീവിച്ച മഹാനായ സ്വഹാബി വര്യൻ ഇബ്നു ഉമർ (റ)നോടാണ് ആ ചോദ്യം ചോദിച്ചത്. ഭയപ്പാടിന്റെ നിസ്‌കാരത്തെ പ്രതിപാദിക്കുന്ന പരിശുദ്ധ ഖുർആൻ വചനം 4:101 ചർച്ച ചെയ്യുന്നിടത്തും മറ്റുമാണ് ഇത്തരമൊരു ചോദ്യത്തെ പണ്ഡിതന്മാർ ഉദ്ധരിക്കുന്നത്.

حدثني يحيى عن مالك عن ابن شهاب عن رجل من آل خالد بن أسيد أنه سأل عبد الله بن عمر فقال يا أبا عبد الرحمن إنا نجد صلاة الخوف وصلاة الحضر في القرآن ولا نجد صلاة السفر فقال ابن عمر يا ابن أخي إن الله عز وجل بعث إلينا محمدا صلى الله عليه وسلم ولا نعلم شيئا فإنما نفعل كما رأيناه يفعل   -  موطأ الإمام مالك  

"അല്ലയോ അബ്ദുറഹ്മാനിന്റെ പിതാവേ - യുദ്ധത്തിന്റെ വേളയിലുള്ള നിസ്‌കാരത്തെ കുറിച്ചും ഭയപ്പാടിന്റെ വേളയിലുള്ള നിസ്‌കാരത്തെ കുറിച്ചും നമ്മൾ ഖുർആനിൽ കാണുന്നു. എന്നാൽ യാത്രയിലുള്ള നിസ്കാരത്തെ കുറിച്ച്‌ (ഖുർആനിൽ) കാണുന്നുമില്ല."

ഭയപ്പാടിന്റെയും യുദ്ധത്തിന്റെയും അവസരത്തിലുള്ള ചുരുക്കി  നിസ്‌കാരത്തെ കുറിച്ച് പരിശുദ്ധ ഖുർആനിൽ കാണുമ്പോൾ, യാത്രാ വേളയിലുള്ള ചുരുക്കി നിസ്‌കാരം ഖുർആനിൽ കാണുന്നില്ല. ഈ ഒരു സന്ദർഭത്തിലാണ് ഖുർആനിൽ കാണിന്നില്ല എന്ന ചോദ്യം വന്നത്.

ഈ ചോദ്യത്തിന്ന് ഇബ്‌നു ഉമർ (റ) കൊടുക്കുന്ന മറുപടിയിലാണ് വിഷയത്തിന്റെ മർമ്മം.

"അപ്പോൾ ഇബ്‌നു ഉമർ (റ) പറഞ്ഞു - ഓ സഹോദര പുത്രാ, പ്രതാപവാനും മഹത്വമുള്ളവനുമായ അല്ലാഹു മുഹമ്മദ് നബി(സ)യെ അയച്ചപ്പോൾ നമുക്ക് ഒന്നും അറിവില്ലായിരുന്നു. തീർച്ചയായും അദ്ദേഹം എന്തൊന്ന് പ്രവൃത്തിക്കുന്നതായി നമ്മൾ കണ്ടുവോ അത് നമ്മൾ പ്രവൃത്തിക്കുന്നു."

യാത്രാ വേളയിലുള്ള ചുരുക്കി നിസ്‌കാരം യഥാർത്ഥത്തിൽ വന്നത് പരിശുദ്ധ ഖുർആനിന്റെ ജീവിത മാതൃകയായ തിരു സുന്നത്തിലൂടെ മാത്രമാണ്.

അപ്പോൾ, ഖുർആനിന്റെ കൂടെ ആ ഖുർആനിനെ ജീവിച്ചു ജീവിച്ചു കാണിച്ചു തന്ന മുഹമ്മദ് നബി(സ)യുടെ ചര്യകൂടി നോക്കാതെ ഒരു സംഗതി ഖുർആനിൽ ഉണ്ടെങ്കിൽ എടുക്കാം അല്ലെങ്കിൽ സ്വന്തം സൗകര്യപ്രകാരവും മറ്റും അതിനെ മാറ്റിവെക്കുന്നവർക്ക് ഇബ്‌നു ഉമർ (റ)ന്റെ മറുപടിയിൽ യഥാർത്ഥ മാതൃകയുണ്ട്‌.

വളരെ സുപ്രധാനമായ കാര്യം എന്തെന്നാൽ പരിശുദ്ധ ഖുർആനും തിരു സുന്നത്തും ഒരിക്കലും വേർപിരിയാതെ, അത് രണ്ടും എത്രത്തോളം അഭേദ്യമാണ് എന്ന വസ്‌തുതയും ഈ ഒരു സംഭവവും അതുപോലുള്ളതും കൃത്യമായി വിരൽ ചൂണ്ടുന്നുണ്ട്.  

കാര്യങ്ങൾ അങ്ങനെയാകുമ്പോൾ,  ലോകാവസാനം വരെയുള്ള ജനതതിക്ക് വേണ്ടി അല്ലാഹുവാൽ സംരക്ഷിക്കപ്പെട്ട ഇസ്‌ലാം അന്നും ഇന്നും എന്നും അതിന്റെ പൂർണ്ണ രൂപത്തിൽ നിലനിൽക്കുന്നത് പരിശുദ്ധ ഖുർആനിനാലും, ആ പരിശുദ്ധ ഖുർആനിനെ ജീവിച്ചു ഉത്തമ മാതൃക സൃഷ്ടിച്ച തിരു നബി(സ)യുടെ ചര്യയാലും, ആ ചര്യയെ സ്വഹാബത്ത് (റ) അനുധാവനം ചെയ്‌ത രീതിയിലുമാണ് എന്നും നമുക്ക് മനസ്സിലാകും.

യുക്തിയുടെയോ മറ്റെന്തെങ്കിലും ഭൗതികതയുടെയോ അളവുകോലുകൾ വെച്ചല്ല മഹാനായ സ്വഹാബി ഇബ്‌നു ഉമർ (റ)  ഖുർആനിൽ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന്ന് മറുപടി പറഞ്ഞത്. പകരം, അല്ലാഹുവിന്റെ തിരു ദൂതർ എപ്രകാരം പ്രവൃത്തിച്ചോ അത് അതേപടി സ്വീകരിക്കുക എന്നതാണ് അടിസ്ഥാന തത്വമായി അദ്ദേഹം പറഞ്ഞത്. അത്തരമൊരു നിലപാട് സ്വീകരിച്ച സ്വഹാബത്തിന്റെ നിലപാടാണ് ശരി എന്നാണ് അല്ലാഹു തന്നെ പറയുന്നത്.

"നിങ്ങള്‍ ഈ വിശ്വസിച്ചത്‌ പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിലോ അവരുടെ നിലപാട്‌ കക്ഷിമാത്സര്യം മാത്രമാകുന്നു." - ഖുർആൻ 2:137. 

അതെ, സ്വാഹാബാത്താകുന്ന നിങ്ങൾ വിശ്വസിച്ചപോലെ അവരും വിശ്വിസിച്ചാൽ അവർ നേർമാർഗത്തിലായി. അല്ല എങ്കിൽ കക്ഷതിത്വത്തിന്റെ പടുകുഴിയിലാണ് അവർ ചെന്നെത്തുക എന്നതാണ് സാരം. 

അപ്പോൾ ഖുർആൻ ഈ ലോകത്ത് നിലനിൽക്കണം എന്നുണ്ടെങ്കിൽ അതിന്റെ കൂടെ ആ ഖുർആനിന്റെ ഏറ്റവും ഉത്തമമായ മാതൃക കൂടി  അന്യൂനമായി നിലനിൽക്കണം എന്നത് അത്യന്താപേക്ഷിതമാണ്. അല്ല എന്നാണെങ്കിൽ, മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട സുന്നത്തിൽ മാത്രം കാണുന്ന യാത്രയിലുള്ള ചുരുക്കി നിസ്കാരം പോലെയുള്ള ഒരുപാട് വിഷയങ്ങൾ തോന്നുന്നവർ തോന്നുന്ന പോലെ സ്വീകരിക്കുകയും തോന്നുന്നവർ തോന്നുന്ന പോലെ തള്ളിക്കളയുകയും ചെയ്യും ​و​​الله المستعان
  
അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.