Monday, December 10, 2018

ജൂതന്റെ വീട്ടിൽ പടയങ്കി പണയംവെച്ച തിരുദൂദർ

ജൂതന്റെ വീട്ടിൽ പടയങ്കി പണയം വെച്ച തിരുദൂദർ

കാലിഫോർണിയയിലെ ഒരു സാദാരണ ഓഫീസ് ദിവസം. ഉച്ചഭക്ഷണ സമയത്ത് പലപ്പോഴും കുശലം പറയാറുള്ള ക്ലയന്റ് (സീനിയർ എൻജിനീയർ) അന്നൊരു ദിവസം ഒരു ചോദ്യം ചോദിച്ചു.

അമേരിക്കയിലേക്കുള്ള യാത്രകളിൽ എല്ലാം തന്നെ ഏതെങ്കിലുമൊരു സന്ദഭത്തിൽ വെച്ച് അത്തരത്തിലുള്ള എന്തെങ്കിലും ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു. തിരുനബി കൽപ്പിച്ച മീശ ചെറുതാക്കുകയും, താടി വളർത്തുകയും ചെയ്യുക എന്ന ഒരു ചര്യ പിൻപറ്റുന്ന ഏതൊരാളും അഭിമുഖീകരിക്കുവാൻ സാധ്യതയുള്ള ചോദ്യങ്ങളിൽപെട്ട ഒരു ചോദ്യമായിരുന്നു അത്.

"എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്നായിരുന്നു ആ ചോദ്യം.

ഈ രൂപത്തിലുള്ള ഒരു ചോദ്യം ഏതെങ്കിലും ഒരു പോയന്റിൽ വെച്ച് ഉണ്ടായേക്കാം എന്നുള്ളത് കൊണ്ട് തന്നെ അതിന്ന് എങ്ങിനെ മറുപടി പറയാം എന്നതിനെക്കുറിച്ച് മനസ്സിൽ ഒരു ഏകദേശ ധാരണയുണ്ടായിരുന്നു .

പലപ്പോഴും ഇത്തരം ചോദ്യങ്ങൾക്ക് നൽകാറുള്ള ഉത്തരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയായിരുന്നു സ്വീകരിച്ചത്. ആ രീതി മറ്റൊന്നുമല്ല. പരിശുദ്ധ ഖുർആനിലെ ഒരു വചനത്തിൽ നിന്നും ലഭിച്ച ഒരു ആശയമാണ് ആ രീതി പിൻപറ്റുവാനുള്ള ഒരു പ്രചോദനം.

"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." - ഖുർആൻ 17:81.

ഘോരാന്ധകാരത്തിൽ മുഴുകിയിരുന്ന ഒരു ജനസഞ്ചയത്തെ, ഒരു പൂർണ്ണ ചന്ദ്രപ്പ്രഭ രാത്രിയുടെ കൂരിരുട്ടിന്റെ എങ്ങിനെ പ്രശോഭിതമാക്കുമോ,  അതിനേക്കാൾ വലിയ വെളിച്ചത്തിന്റെ പ്രഭ ചൊരിഞ്ഞ മുഹമ്മദ് നബി(സ)യുടെ ഐതിഹാസികമായ ജീവിതത്തിലെ ഒരു വരി മതിയാകും ഇത്തരത്തിൽ കുമിഞ്ഞുകൂടിയ ചോദ്യങ്ങൾക്കുള്ള മറുപടിയായി.

"അൽ അമീൻ" അഥവാ സത്യസന്ധൻ എന്ന് സർവ്വരാലും വിളിക്കപ്പെട്ടിരുന്ന തിരുദൂതരുടെ ജീവിതത്തിൽ ഉണ്ടായ ആയിരക്കണക്കിന്ന് വരുന്ന സംഭവങ്ങളിൽ നിന്നുള്ള ഒരൊറ്റ സംഭവം പറഞ്ഞപ്പോഴേക്ക് അതാ അസത്യങ്ങളുടെ കൂമ്പാരങ്ങൾക്ക് മുകളിൽ പടുത്തുയർത്തിയ തീർത്തും തെറ്റായ ധാരണകൾ ഉരുകിപ്പോയിരിക്കുന്നു.

"എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്ന ചോദ്യത്തിന്ന് ഈയുള്ളവൻ പറഞ്ഞ മറുപടിയെ ഒരൊറ്റ വചനത്തിലേക്ക് ചുരുക്കിയതാണ് "ജൂതന്റെ വീട്ടിൽ പടയങ്കി പണയംവെച്ച തിരുദൂദർ" എന്ന തലവാചകം. ചിന്തിക്കുന്നവർക്കും, ചരിത്രത്തെ തൊട്ടറിയാൻ ശ്രമിക്കുന്നവർക്കും ഈ ഒരു വരി മതി കാര്യങ്ങൾ യഥാവിധി മനസ്സിലാക്കുവാൻ എന്നാണ് വിലയിരുത്തൽ.

ക്രിസ്തുമത വിശ്വാസിയായ ക്ലയന്റിനോട് ചോദ്യത്തിനുള്ള മറുപടിയായിക്കൊണ്ട് ഞാൻ പറഞ്ഞു: "നിങ്ങൾക്കറിയുമോ, മുഹമ്മദ് നബി ഈ ലോകത്ത് നിന്നും വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ പടയങ്കി, തന്റെ അയൽവാസിയായ ജൂത മത വിശ്വാസിയായ ഒരാളുടെ അടുക്കൽ പണയം വെച്ച നിലയിലായിരുന്നു!". 

"ഓഹ്, ശരിക്കും!!" എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം. 

"മുഹമ്മദ് നബി മരണപ്പെടുമ്പോൾ അദ്ദേഹം മദീന പട്ടണത്തിന്റെ ഭരണാധികാരിയായിരുന്നു എന്നതും ഇതിന്റെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്" എന്നതുകൂടി കേട്ടപ്പോൾ അദ്ദേഹം അത്ഭുത സ്തബ്ധനായി.

എന്തെല്ലാം ഒരു കൂട്ടം ഉന്നതമായ സന്ദേശങ്ങളാണ് ഈ ഒരു സംഭവത്തിൽ നിന്നും മാത്രം കിട്ടുന്നത് എന്ന് ആലോചിക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ട് ആ ചോദ്യത്തിനുള്ള മറുപടി അവിടെ അവസാനിപ്പിച്ചു.

സി.എൻ.എൻ പോലുള്ള അമേരിക്കൻ ടീവി ചാനലുകൾ പടച്ചുവിടുന്ന പെരും നുണകൾ സ്ഥിരമായി കേൾക്കാൻ വിധിക്കപ്പെടുകയും, തൽഫലമായി അത്തരം നുണപ്പ്രചരണങ്ങളിൽ നിന്നും മാത്രം കാര്യങ്ങൾ വിലയിരുത്തേണ്ടി വരികയും ചെയ്ത ഏതെങ്കിലും ഒരാൾ "എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്ന് ചോദിക്കുന്നത് തീർത്തും സ്വാഭാവികമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

തനിക്കുള്ള സംശയം ഹൃദയത്തിൽ പുകച്ചിടാതെ, വളരെ മാന്യമായി ചോദിച്ച എന്റെ ക്ലയന്റിനെ വളരെയധികം പ്രശംസിക്കുവാൻ ആഗ്രഹിക്കുകയാണ് ഈ ഒരു സന്ദഭത്തിൽ.

ഹോട്ടൽ മുറിയിൽ ഇരുന്നുകൊണ്ട് സി.എൻ.എൻ എന്ന ചാനൽ പ്രക്ഷേപണം ചെയ്ത മുൻ സിഐഎ ഓഫീസറുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഇസ്ലാമിക ആദർശത്തെ കുറിച്ച് പറഞ്ഞ കല്ല് വെച്ച നുണകൾ കണ്ടപ്പോൾ വളരെയധികം അമ്പരപ്പാണ് എനിക്കുണ്ടായത്. ഇത്രത്തോളം വലിയ നുണകൾ ഒരു ആധികാരികതയുടെ പരിവേഷത്തോടെ, അതും പട്ടാപകൽ എങ്ങിനെ അവതരിപ്പിക്കുവാൻ സാധിക്കുന്നു എന്നത് വളരെ അത്ഭുതത്തോട് കൂടിയല്ലാതെ എനിക്കാലോചിക്കുവാൻ സാധിക്കുന്നില്ല.

മദീനയുടെ ഭരണാധിപനും, ന്യായാധിപനും, സർവ്വ സൈന്യാധിപനും, ആത്മീയ നേതാവുമൊക്കെയായിരുന്ന മുത്ത് മുഹമ്മദ് നബി(സ), ദാരിദ്ര്യത്തിന്റെ കാഠിന്യത്താൽ അൽപം ബാർളിക്ക് വേണ്ടി തന്റെ സുപ്രധാനമായ പടയങ്കി അയൽവാസിയായ ജൂതന്റെ അടുത്ത് പണയം വെച്ച സംഭവം പ്രസക്തമാകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ആധികാരികതക്ക് വേണ്ടി മാത്രം പ്രമാണം ഇവിടെ കൊടുക്കുന്നു.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَدِرْعُهُ مَرْهُونَةٌ عِنْدَ يَهُودِيٍّ بِثَلاَثِينَ صَاعًا مِنْ شَعِيرٍ - كتاب الجهاد والسير - صحيح البخاري

"ആയിഷ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂദർ മരണപെടുമ്പോൾ തന്റെ പടയങ്കി മുപ്പത് സാഅ് (ഒരു അളവ്) ബാർലിക്ക് വേണ്ടി ഒരു ജൂതന്റെ അടുത്ത് പണയം വെച്ച നിലയിൽ ആയിരുന്നു." - സ്വഹീഹ് ബുഖാരി(റഹി).

ആറാം നൂറ്റാണ്ടിലെ റോമിന്റെയും പേർഷ്യയുടെയും അധിപന്മാർ സുഖലോലുപതയിൽ അമ്മാനമാടിയപ്പോൾ, തിരുദൂദർ തിരഞ്ഞെടുത്തത് ഭൗതിക വിരക്തിയുടെയും ലാളിത്യത്തിന്റെയും മാർഗമായിരുന്നു.

റോമിന്റെയും പേർഷ്യയുടെയും അധിപന്മാർ തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരായവരെ നിഷ്കാസനം ചെയ്തപ്പോൾ, തിരുദൂദർ വിഭാവന ചെയ്ത് നടപ്പാക്കിയത് ജൂതന്മാരും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഒക്കെ അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് ഒരുമയോടെ ജീവിക്കുന്ന ഒരു രാജ്യമായിരുന്നു.

ഇത്തരമൊരു വിഭാവനയുടെ ഫലമാണ് ജൂതനായ ഒരാൾക്ക് മദീന ഭരണാധികാരിയുടെ അയൽവാസിയായി നിർഭയം ജീവിക്കുവാൻ സാധിച്ചത്. 

ലോകത്തിലെ സർവ്വ ജനങ്ങൾക്കും വേണ്ടി അയക്കപ്പെട്ട ദൈവിക ദൂദൻ എന്ന് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച മുഹമ്മദ് നബി(സ) ഭൂജാതനാകുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുൻപ്, മക്കയും മദീനയും ഒക്കെ ഉൾക്കൊള്ളുന്ന ജസീറത്തുൽ അറബ് എന്ന പ്രദേശത്ത് ജൂതന്മാരും, ക്രിസ്ത്യാനികളും എന്തിനുവേണ്ടി വന്നു താമസിച്ചു എന്നത് വളരെ കൗതുകമുണർത്തുന്ന ഒരു കാര്യം തന്നെയാണ്.

ചരിത്രത്തിൽ ചില കാരണങ്ങൾ കാണാമെങ്കിലും അതിൽ പ്രധാനമായ ഒന്നാണ് ഈന്തപ്പനയുടെ നാട്ടിൽ നിന്നൊരു ദൈവിക ദൂദൻറെ ആഗമനത്തെ അന്നത്തെ ജൂതന്മാരും ക്രിസ്ത്യാനികളും പ്രതീക്ഷിച്ചിരുന്നു എന്നത്.

ഈന്തപ്പനത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന അബ്ദുല്ലാ ഇബ്നു സലാം എന്ന ജൂത പണ്ഡിതൻ, മുഹമ്മദ് നബി(സ) മദീനക്കടുത്തുള്ള ഖുബായിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അങ്ങോട്ട് ഓടിപ്പോയതും, ദൈവിക ദൂദന്മാർക്ക് മാത്രം ഉത്തരം അറിയുന്ന ചോദ്യങ്ങൾ ചോദിക്കുകയും, ശേഷം ആ വന്നത് മൂസാ നബിയുടെ സഹോദരനാണ് എന്ന് സത്യം ചെയ്തു പറഞ്ഞതുമൊക്കെ മദീനയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെയെല്ലാം ആരാധ്യൻ ഏകനാണെന്ന് പ്രഖ്യാപിക്കുകയും,  മുൻ വേദഗ്രന്ഥങ്ങളെ മുഴുവൻ സത്യപ്പെടുത്തികൊണ്ടും, അതിൽ മൂസ നബിക്ക് നൽകിയ തൗറാത്തിനേയും, ഈസ നബിക്ക് നൽകിയ ഇൻജീലിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടുമായിരുന്നു പരിശുദ്ധ ഖുർആൻ മദീനയിലെ ജൂതന്മാരെയും ക്രസിത്യാനികളെയും അഭിസംബോധന നടത്തിയത്. 

ആ പരിശുദ്ധ ഖുർആനിലും, അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ)യിലും വിശ്വസിക്കുവാനും അവിശ്വസിക്കുവാനും ഉള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആയിരുന്നു ജൂതന്മാരും ക്രിസ്ത്യാനികളുമൊക്കെ മദീനയിൽ ജീവിച്ചത്. അവരിൽപെട്ട ആളുകൾ പിൽകാലത്ത് തിരുദൂതരുടെ ഏറ്റവും അടുത്ത  അനുയായികളായിത്തീർന്നു എന്നതാണ് ചരിത്രം.

ഇത്തരുണത്തിൽ, മദീന ഭരണാധികാരിയുടെ അയൽവാസിയാകുവാനും, ആ ഭരണാധികാരിയുടെ പടയങ്കി വിശ്വസിച്ചേൽപ്പിക്കപ്പെടുവാനും ഒക്കെ ജൂത മത വിശ്വാസിയായ ഒരാൾക്ക് സാധിച്ചു എങ്കിൽ, ചരിത്രത്തിൽ തുല്യതയില്ലാത്ത മാനവിക മൂല്യങ്ങൾ തന്നെയാണ് മുഹമ്മദ് നബി(സ) ലോകജനതക്ക് വേണ്ടി വിട്ടേച്ച് പോയത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Wednesday, October 17, 2018

ആടും പുലിയും യാഥാർത്യമായി

ആടും പുലിയും യാഥാർത്യമായി

കേരളത്തിലെ നിലവിലെ സാഹച്യര്യം കാണുമ്പോൾ എനിക്ക് ഓർമ്മ വന്നത്  എന്റെ ഉപ്പ പണ്ട്  പറഞ്ഞുതന്ന ഒരു കഥയിലെ രണ്ടു കഥാപാത്രങ്ങളെയാണ്.

ഒരു നാട്ടിൽ രണ്ടാളുകൾ തമ്മിൽ ഭയങ്കരമായ ഒരു വാഗ്വാദം നടക്കുന്നു...

ഒന്നാമത്തെയാൾ  രണ്ടാമത്തവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു - "നിന്റെ ആടിനെ ഞാൻ എന്റെ പുലിയെ വിട്ട് കടിപ്പിക്കും" എന്ന്.

മറുപടിയായി രണ്ടാമത്തെയാൾ പറയുന്നു "അങ്ങിനെയാണെങ്കിൽ നിന്നെയും നിന്റെ പുലിയെയും ഞാൻ വകവരുത്തും എന്ന്"

വാഗ്വാദം കണ്ടുനിന്ന പൊതുജനം രണ്ടു കഷ്ണമായി ഭിന്നിക്കുകയും, അതിൽ ഒരു വിഭാഗം ഒന്നാമത്തെവന്റെ പിന്നിലും, മറുവിഭാഗം രണ്ടാമത്തെവന്റെ പിന്നിലും അണിനിരന്നു. അങ്ങിനെ വലിയ ഒരു തമ്മിലടിക്ക് കോപ്പ് കൂട്ടുന്ന ഒരു ഭീകരമായ അന്തരീക്ഷം ആ നാട്ടിൽ  സംജാതമായി!

പ്രശ്‌നം പരിഹരിക്കുവാൻ ഒരാൾ കടന്നുവരുന്നു. 

അദ്ദേഹം ഒന്നാമത്തെ ആളോട് ചോദിച്ചു - "നീയല്ലേ മറ്റവന്റെ ആടിനെ നിന്റെ പുലിയെ വിട്ട് കടിപ്പിക്കും എന്ന് പറഞ്ഞത്, എവിടെ നിന്റെ പുലി?"

ഒന്നാമത്തവൻ മറുപടിയായി പറഞ്ഞു - "അല്ലാ, അവൻ ഒരു ആടിനെ വാങ്ങിയാൽ, ഞാൻ ഒരു പുലിയെ വാങ്ങും"!!

അദ്ദേഹം രണ്ടാമത്തവനോട് ചോദിച്ചു - "നിന്റെ ആടിനെയല്ലേ അവൻ പുലിയെക്കൊണ്ട് കടിപ്പിക്കും എന്ന് പറഞ്ഞത്, എവിടെ നിന്റെ ആട്?"

രണ്ടാമത്തവൻ മറുപടിയായി പറഞ്ഞു - "അല്ലാ, അവൻ ഒരു പുലിയെ വാങ്ങിയാൽ, ഞാൻ ഒരു ആടിനെ വാങ്ങും"!!

വിശ്വാസത്തിലോ  ആചാരത്തിലോ ഒരു താൽപര്യവും ഇല്ലാത്ത ഒരു വിഭാഗം ആളുകക്ക് ഒരു പുലിയെ കിട്ടിയപ്പോൾ അതിനെ കൂട്ടിൽ അടക്കുന്നതിന്ന് പകരം നാട്ടിൽ  ഇറക്കി. 

പുലി ഇറങ്ങുന്ന ഒരു അവസരം കാത്തുനിന്ന രണ്ടാമത്തെ വിഭാഗം, അത്തരമൊരു അവസരം തങ്ങളുടെ  സ്വാർത്ഥമായ താൽപര്യം നടപ്പാക്കുവാൻ വേണ്ടി പുലിയുടെ മുന്നിലേക്ക്  ചില ആടുകളെ ചമയം നടത്തി ഉന്തിവിട്ടു. അങ്ങിനെ നാട്ടിൽ അടിയായി, ഉന്തും തള്ളുമായി, ഇന്നിതാ ഹർത്താലുമായി...

സമാധാനത്തിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജനസഞ്ചയത്തിലേക്ക്, പുലി ഇറങ്ങുവാനുള്ള സാഹചര്യം ഒരുക്കിയത് ആടിനെ ഇറക്കിയവരാണ് എന്നാണ് എന്റെ ഒരു വിലയിരുത്തൽ.  

ലക്ഷ്യം ചേരിതിരിക്കലാണ്, ഭിന്നിപ്പിക്കലാണ്. ഇത് ജനം തിരിച്ചറിയണം പക്ഷെ ഒരു സുഹൃത്ത് പറഞ്ഞപോലെ, ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? പുലിയെന്തറിഞ്ഞു അങ്ങാടി വാണിഭം?

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Saturday, October 6, 2018

കൊണാണ്ടർ

കൊണാണ്ടർ

മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു പ്രൊജക്റ്റ് ലീഡർ ഉണ്ടായിരുന്നു.

പല മീറ്റിംങ്ങുകൾക്കിടയിലും അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു പദപ്രയോഗമായിരുന്നു "കൊണാണ്ടർ". എന്റെ ഓർമ്മ ശരിയാണെങ്കിൽ  ക്ലയന്റ് സൈഡിൽ നിന്നും എന്തെങ്കിലും ഒരു ചൊറിയൻ ഇമെയിൽ വരികയോ, അല്ലെങ്കിൽ ടീമിലെ ജൂനിയർ മെംബേർസ് എന്തെങ്കിലും പണി ഒപ്പിക്കുകയോ ചെയ്യുമ്പോഴായിരുന്നു അദ്ദേഹം "ഇതൊരു കോണാണ്ടർ  ആയല്ലോ" എന്ന തരത്തിൽ പറയാറുണ്ടായിരുന്നത്.

"കൊണാണ്ടർ" എന്ന് കേൾക്കുമ്പോഴെല്ലാം ഞാൻ വിചാരിച്ചത്,  കോഴിക്കോട് ഭാഗത്ത് പലപ്പോഴും ഉപയോഗിക്കാറുള്ള ഒരു "മണാങ്കട്ട" പ്രയാഗമാണ്  അത് എന്നാണ്. അതായത്, രണ്ടു കാര്യങ്ങൾ ഒരാളെ ചെയ്യാൻ ഏൽപിച്ചിട്ട്, ഏൽപിച്ച രണ്ടു പണിയുമായും ഒരു ബന്ധവും ഇല്ലാത്ത മറ്റ് രണ്ടു കാര്യങ്ങൾ ചെയ്തുവന്നിട്ട്, "ഇനി എന്താ ചെയ്യേണ്ടത്" എന്ന് ചോദിച്ചാൽ  അത്തരം സന്ദർഭങ്ങളിൽ പറയുന്നതാണ് "മണ്ണാങ്കട്ട" എന്നത് :)

അങ്ങിനെ സ്വൽപ്പം വർഷങ്ങൾക്ക് ശേഷം, ജോലി ആവശ്യാർത്ഥം അമേരിക്കയിൽ പോയപ്പോഴായിരുന്നു സംഗതി ശരിക്കും മനസ്സിലായത്. അഞ്ചാറു ദിവസമായി പരിഹരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാര്യം പരിഹരിച്ച എന്റെ ക്ലയന്റ്, അതെങ്ങിനെ പരിഹരിച്ചു എന്ന് വിശദീകരിക്കുന്നിടയിൽ, ഒരു പീസ് ഹാർഡ്‌വെയർ പൊക്കിപ്പിടിച്ചുകൊണ്ടു പറഞ്ഞു "this conundrum"!

എന്റെ മനസ്സിലേക്ക് ഉടനെ ഓടിയെത്തിയത് മുൻ  പ്രൊജക്റ്റ് ലീഡറുടെ ആ  പ്രയോഗമായിരുന്നു. എന്തായാലും ക്ലയന്റ് "മണ്ണാങ്കട്ട" എന്നല്ല ഉദ്ദേശിച്ചത്  എന്ന് എനിക്കുറപ്പായിരുന്നു. അങ്ങിനെ ഡിക്ഷണറി എടുത്തപ്പോൾ അതാ കിടക്കുന്നു "Conundrum" അഥവാ "പരിഹരിക്കുവാൻ വളരെ പ്രയാസമുള്ളത്" എന്ന അർത്ഥത്തിൽ ഒരു വാക്ക്!

അങ്ങിനെ മറ്റു പല കാര്യങ്ങളും നോക്കിക്കൊണ്ട്  ഇരിക്കുമ്പോഴായിരുന്നു ആ കാര്യം കൂടി മനസ്സിലായത്. അതായത്, പല ഇംഗ്ലീഷ് വാക്കുകളുടെയും സ്‌പെല്ലിംഗും ഉച്ചരണവും തമ്മിൽ ഭയങ്കര അന്തരം ഉണ്ട് എന്ന കാര്യം.

ഒരു ഇഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിംഗ് മാത്രം നോക്കി അതിന്റെ ഉച്ചരാണം മനസ്സിലാക്കുവാൻ സാധിക്കുകയില്ല. പലപ്പോഴും ഒരു വാക്കിന്റെ ഉച്ചരാണം അതിന്റെ സ്പെല്ലിങ്ങുമായി യാതൊരു ബന്ധവുമില്ല എന്ന് കാണാം.

ഞാനടക്കമുള്ള ആളുകൾ Video എന്ന വാക്ക് ഉച്ചരിക്കാറുള്ളത് "വീഡിയോ" എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ "വ" എന്ന ആദ്യത്തെ അക്ഷരത്തിന്റെ വള്ളിക്ക് നീട്ടം ഇല്ലാതെ "വിഡിയോ" എന്നാണ് ഉച്ചരിക്കേണ്ടത്.

അങ്ങിനെ ഒരു വാക്കിന്റെ യഥാർത്ഥ ഉച്ചരാണം പഠിക്കണമെങ്കിൽ Phonitics എന്താണെന്ന് പഠിക്കണം. പിന്നെ Syllable എന്താണെന്ന് പഠിക്കണം. അങ്ങിനെ അങ്ങിനെ പോയി, പ്പോയി, ഈ വാക്കുകൾ കൂട്ടിച്ചേർത്ത് സംസാരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളായ Intonation, Phonemes, Voiced, Unvoiced, Assimilation, Eliding and Deleting, Word Emphasis, Word Stress മുതലായവ പഠിക്കണം.

ഇതെല്ലാം കണ്ടുപകച്ചുപോയ എന്നോട് എന്റെ മനസ്സ് പറഞ്ഞു "വാ പോകാം". അപ്പോൾ ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു "വാ വേഗം പോകാം"

Tuesday, October 2, 2018

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?

വിശാസങ്ങളും ആചാരങ്ങളും പലതാണ്.  ഇന്ന് ലഭ്യമായ ഭൗതികതയുടെ അളവുകോൽ വെച്ച് പല വിശ്വാസ-ആചാരങ്ങളെയും അളക്കുക എന്നത് വളരെ പ്രയാസമായിരിക്കും.

നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ആചാരത്തിലേക്ക് അതിൽ ഇതുവരെ ഇല്ലാത്ത ഒന്നിനെ തിരുകിക്കയറ്റുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. എന്തിന്റെയെങ്കിലും പേരിൽ അങ്ങിനെ ചെയ്‌താൽ അത് ചെയ്ത സംവിധാനങ്ങളോടുള്ള ബഹുമാനം കുറഞ്ഞുപോകുവാൻ കാരണമായേക്കാം.

ഒരാൾ മനസ്സിലാക്കിയ പോലെ മറ്റുള്ളവരും വിശ്വസിക്കണമെന്നും ആചരിക്കണമെന്നുമൊക്കെ മറ്റൊരാൾക്ക് ആഗ്രഹിക്കാം പക്ഷെ അത് അടിച്ചേൽപ്പിക്കുന്നത് ഒട്ടും ശരിയല്ല. വിശിഷ്യാ ഇത്തരം അടിച്ചേൽപ്പിക്കലുകൾ വരുന്നത് ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണികളിൽപെട്ട ഒന്നിൽ നിന്നാകുമ്പോൾ.

ലിംഗ സമത്വത്തിന്റെ പേരിലാണ് തീരുമാനം എടുത്തത് എങ്കിൽ അത് ഇതുകൊണ്ടു മാത്രം തീരും എന്ന് കരുതുന്നില്ല. മറിച്ച്, വലിയ വലിയ അനർത്ഥങ്ങളിലേക്ക് വഴി തുറക്കലാകും അത് എന്നാണ് തോന്നുന്നത്.

പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക ഘടന എത്രത്തോളം വൈവിധ്യമാണോ അത്രത്തോളം തന്നെ എല്ലാ വിഭാഗം വിശ്വാസങ്ങളിലും ആചാരങ്ങളിലും അതിന്റെ പ്രതിഫലനങ്ങൾ  നിഴലിച്ചു കാണാം.

വിശ്വാസ-ആചാരങ്ങളെ വേണമെങ്കിൽ മാറ്റിനിറുത്താം. നിലവിലുള്ള പല ബൗദ്ധിക സംവിധാനങ്ങളും ലിംഗ സമത്വത്തേക്കാൾ ഉപരി, ലിംഗ വൈവിധ്യങ്ങൾക്കാണ് പ്രാധ്യാനം നൽകുന്നത് എന്ന് കാണാം.

ലേഡീസ് ഒൺലി ടോയ്‌ലെറ്റ് മുതൽ, സീറ്റുകളും, കോച്ചുകളും, ഹെൽപ് ലൈൻ നമ്പറുകളും, കൗണ്ടറുകളും,  കമ്മീഷനുകളുമൊക്കെ തുടങ്ങി, അവർക്ക് വേണ്ടി മാത്രമുള്ള പോലീസ് സ്റ്റേഷനുകൾ വരെ നമ്മുടെ നാട്ടിലുണ്ട്. ലിംഗ സമത്വമാണ് ഉദ്ദേശം എങ്കിൽ ഇത്തരം സംവിധാനങ്ങളൊക്കെ പിരിച്ചുവിടേണ്ടിവരും.

നീതിക്കും ന്യായത്തിന്നും മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്, പക്ഷെ ഒന്നല്ല, രണ്ടാണ് - വൈവിധ്യങ്ങളാൽ നിറഞ്ഞു തുളുമ്പുന്ന രണ്ട് വ്യക്തിത്വങ്ങൾ. ഈ വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകുന്നതാകും നല്ലത് എന്നാണ് അഭിപ്രായം.

എന്റെ സുഹൃത്ത് വിജേഷ് വിജയ് എഴുതിയ കുറിപ്പ് ഇതിന്റെ താഴെ കൊടുക്കുന്നു.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.


ആചാരവും ദുരാചാരവും.
–––––––––––––––––––––––––––
ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണ്.

ആ പ്രതിഷ്ഠയുടെ പ്രത്യേകത ആണ് അങ്ങിനെ ഒരു ആചാരം വരാൻ ഉള്ള കാരണം.

അവിടത്തെ പ്രതിഷ്ഠയുടെ രീതി അനുസരിച്ചു വിശ്വാസികളായ സ്ത്രീകൾ എടുക്കുന്ന ഒരു അകലം. അതാണ് ഈ ആചാരത്തിന്റെ കാതലും.

പണ്ട് ഈ 10/50 റൂൾ ഉണ്ടായിരുന്നില്ല എന്നാണറിവ്. ആ പ്രതിഷ്ഠയുടെ രീതി മാനിച്ചു ആ സന്ദർശനം ഒഴിവാക്കുക ആണ് വിശ്വാസികളായ സ്ത്രീകൾ ചെയ്തു പോന്നിരുന്നത് . ഇടക്കും തടക്കും ആ ഗൈഡ്ലൈൻ അറിഞ്ഞോ അറിയാതെയോ തെറ്റിക്കപ്പെടുന്നു എന്ന് കണ്ടപ്പോൾ വന്ന ഒരു നിയമം. പ്രായം തോന്നിക്കാത്ത ഒരു 12 വയസ്സായ ഒരു കുട്ടി അങ്ങോട്ട് കേറി പോയാൽ ഒന്നും സംഭവിക്കില്ല. ഇപ്പോഴും Birth Certificate ചെക്കിങ്ങോ ആർത്തവം ആയോ എന്നൊരു പരിശോധനയോ അവിടെ ഉള്ളതായി അറിവില്ല.

നിങ്ങൾ പോകേണ്ട പോകുന്നവർ പൊക്കോട്ടെ എന്നത് കൊണ്ടു വിശ്വാസിയുടെ പ്രശ്നം തീരില്ല. കാരണം അവിടെ അവരുടെ വിശ്വാസം ഹനിക്കപ്പെടുന്നു.

ഉദാഹരണത്തിന് ഖുർആനോ ബൈബിളോ ഭാഗവദ്ഗീതയോ അവിശ്വാസികൾക്ക് വെറും ഒരു പുസ്തകം മാത്രം ആണ്. ഒരു പുസ്തകത്തെ നിലത്തിട്ടു ചവുട്ടിയാൽ നിനക്കെന്ത് എന്ന് പറഞ്ഞു അതു ചവുട്ടികൂട്ടിയാൽ വിശ്വാസികൾക്ക് അതു ബുദ്ധിമുട്ടുണ്ടാക്കില്ല എന്നില്ലല്ലോ.

സ്ത്രീ യെ പുച്ഛിക്കൽ അല്ല ബ്രഹ്മചാരി എന്ന ആ പ്രതിഷ്ഠയുടെ സ്വഭാവത്തെ മാനിക്കൽ ആണ് ഇവിടെ ചെയ്യുന്നത്.

"അയ്യേ ദേ അശുദ്ധയായ ഒരു യൗവ്വന യുക്ത സ്ത്രീ" എന്നുള്ള ലൈൻ അല്ല ഈ ഗൈഡ്ലൈന് പിന്നിൽ എന്നാണ് പറഞ്ഞു വരുന്നത്.

സതി, കീഴ് ജാതിക്കാർ അമ്പലത്തിൽ പ്രവേശിക്കരുത് പോലെയുള്ള ദുരാചാരങ്ങളെ ഇതിലേക്ക് കൂട്ടി കെട്ടുന്നവരോട് സഹതാപമേ ഉള്ളൂ.

ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവർ അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിക്കുന്നവർ.

അതെന്താ ബാക്കി അയ്യപ്പ സ്വാമി അമ്പലങ്ങളിൽ എവിടെയും ഇല്ലാത്ത ഒരു "ബ്രഹ്മചര്യം" ഇവിടെ മാത്രം എന്നൊക്കെയുള്ള ലോജിക്കൽ ചോദ്യവുമായി വരുന്നവരോട്: ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും തർക്കം നടന്നു വരുന്നേ ഉള്ളൂ ബ്രോ. ഇതൊക്കെ ഒരു വിശ്വാസത്തിന്റെ ഭാഗം അത്രേ ഉള്ളൂ.

ശബരിമലയിൽ സ്ത്രീകൾ കയറുന്നത് കൊണ്ടു ശബരിമലക്കോ അയ്യപ്പ സ്വാമിക്കോ ബ്രഹ്മചര്യത്തിനോ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള അഭിപ്രായക്കാരൻ ആണ് ഞാൻ.

പക്ഷെ വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും മാനിക്കുന്നു.

ബ്രഹ്മചാരികൾ സ്ത്രീവിരുദ്ധർ ആണ് എന്ന അഭിപ്രായം ഇല്ലാത്തിടത്തോളം ഇത് സ്ത്രീ വിരുദ്ധം ആണെന്ന അഭിപ്രായവും എനിക്കില്ല.

ഇവിടെ ഒരപമാനിക്കലും പീഡനവും വിരുദ്ധതയും ഇല്ല. ഇത് ഒരാചാരമാണ് ദുരാചാരമല്ല.

ദുരാചാരങ്ങളെ എതിർക്കുക. വലിയ ഉപദ്രവങ്ങൾ സൃഷ്ടിക്കാത്തിടത്തോളം ആചാരങ്ങൾ നടന്നു പോകട്ടെ.

Tuesday, August 21, 2018

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ

കാരുണ്ണ്യവും ദിശാ ബോധവും ഉള്ള ഒരു ഭരണാധികാരിയുടെ സ്വാന്തനത്തിന്റെയും പ്രതീക്ഷയുടെയും ഉജ്ജ്വലമായ വരികൾ


അല്ലെങ്കിൽ എന്തിനാണ് യുഎഇയുടെ ഭരണാധികാരിയായ പ്രിയ ഷെയ്ഖ് മുഹമ്മദ് അങ്ങേക്ക് ഇത് പറയേണ്ട ആവശ്യം. താങ്കളുടെ രാജ്യത്തിന്റെ വിജയത്തിൽ മലയാളികൾ പങ്ക് കൊണ്ടിട്ടുണ്ടെങ്കിൽ അതിന്നവർ പ്രതിഫലവും പറ്റിയിട്ടുണ്ട് എന്നൊക്കെ അങ്ങേക്ക് ചിന്തിക്കാമായിരുന്നല്ലോ. പക്ഷെ അങ്ങേക്ക് അങ്ങിനെ ചിന്തിക്കുവാൻ കഴിഞ്ഞില്ല എന്നതും, രാജ്യാന്തരവും സാംസ്കാരികവും ഭാഷാപരവുമായ സകല മതികൾകെട്ടുകളെയും ഭേദിച്ചുകൊണ്ട് താങ്കൾ കാണിച്ച ഈ ദയാ വായ്പ്പുമൊക്കെ ലോക ഭരണാധികാരികൾക്ക് ഒരു ഉത്തമ മാതൃകയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

കുറച്ചു മാസങ്ങൾക്ക് മുൻപ് എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ #AbuDhabi എന്ന ഹാഷ് ടാഗിൽ അങ്ങയുടെ രാജ്യം സംഘടിപ്പിച്ച ഒരു എക്‌സിബിഷനിൽ പങ്കെടുത്ത എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇല്ലായ്മ്മയുടെ പടുകുഴിയിൽ വീണു കിടക്കുകയായിരുന്ന ഒരു ജന സമൂഹത്തെ ദിശാ ബോധം കൊണ്ട് കൈപിടിച്ചുയർത്തിയ അങ്ങയുടെ പിൻഗാമിളകുടെ ചില ചരിത്ര സ്മ്രിതികളാണ്.

ഒട്ടകത്തിന്റെ മൂക്ക് കയർ മാത്രം പിടിക്കുവാനറിയുകയും, ആ ഒട്ടകം എങ്ങോട്ട് ചായുന്നോ അങ്ങോട്ട് മാത്രം ചായുന്ന ഒരു ജനതയായിരുന്നല്ലോ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അവിടങ്ങളിൽ ഉണ്ടായിരുന്ന സമൂഹങ്ങൾ. ആ അഗാധമായ അന്ധകാരത്തിൽ നിന്നും അങ്ങയുടെ രാജ്യത്തെയും ജനങ്ങളെയും മാനുഷികതയുടെ വിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയ പ്രത്യയശാസ്ത്രമായ പരിശുദ്ധ ഖുർആനിലെ ഒരു വചനം ഈ സന്ദർഭത്തിൽ അനുസ്മരിച്ചുകൊള്ളട്ടെ.

"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍." - ഖുർആൻ 2:177.

എന്താണ് പുണ്യം, ആരാണ് പുണ്യവാൻ എന്നതൊക്കെയാണ് ഈ വചനം വിശദീകരിക്കുന്നത്.

പുണ്യം എന്ന് പറഞ്ഞാൽ അത് ആരാധനാലയത്തിന്റെ മതിൽകെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. പുണ്യം എന്ന് പറഞ്ഞാൽ അത് ഏതെങ്കിലും ആചാരം മുറുകെപ്പിടിക്കൽ മാത്രമല്ല. വിശ്വാസം ആർജ്ജിച്ചാൽ പിന്നെ വരുന്നത് ധനം ചിലവഴിക്കലാണ്. പുണ്യത്തിന്റെ വലിയ ഒരു കാതലായി പഠിപ്പിക്കപ്പെടുന്നത് തന്നെ സ്വന്തം സമ്പത്തിനോട് അതിയായ ആഗ്രഹം ഉണ്ടായിരിക്കെ അത് പലവിധം വിഷമതകൾ അനുഭവിക്കുന്ന ആളുകൾക്ക് കൊടുക്കലാണ്. 

"ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും." - ഖുർആൻ 76:8.

യാതൊരു സംഗതി തങ്ങൾക്ക് തന്നെ ആവശ്യമുണ്ടോ, ആ ആവശ്യവും നിലനിൽക്കെത്തന്നെ മറ്റുള്ളവരെ കൂടി പരിഗണിക്കുന്ന ആളുകളാണവർ. 

തങ്ങളെ നിഷ്‌കാസനം ചെയ്യുവാൻ വേണ്ടി യുദ്ധത്തിന്ന് വന്ന ആളുകളെ തടവുകാരായി പിടിച്ചാൽ പോലും അവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ ഉള്ള ഒരു വ്യത്യാസവും കാണിക്കുവാൻ പാടുള്ളതല്ല എന്നത് പ്രവാചകാദ്ധ്യാപനങ്ങളിൽ പെട്ടതാണ്. 

ഒരു യുദ്ധത്തടവുകാരനോട് പോലും അത്തരത്തിലുള്ള ഒരു വിവേചനം പാടില്ല എന്ന് ആദർശ സംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റു വിഷമതകൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ വിവേചനം പാടില്ല എന്ന്  പ്രേത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. 

ഇനി, എന്തിനാണ് ഈ സമ്പത്തൊക്കെ ചിലവഴിക്കുന്നത്? നാലാളുകൾ കാണാൻ വേണ്ടിയാണോ? മീഡിയകളിൽ വാർത്തക്ക് വേണ്ടിയാണോ? തിരിച്ച് എന്തെകിലും ഉപകാരം കിട്ടാൻ വേണ്ടിയാണോ?

"( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." - ഖുർആൻ 76:9.

തങ്ങൾ ആർക്കാണോ സഹായം നൽകുന്നത്, അവരിൽ നിന്നും ഒരു തരിമ്പ് പ്രതിഫലമോ, അനുമോദനമോ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. 

സോഷ്യൽ മീഡിയകളിലെ ലൈക്കുകൾക്ക് വേണ്ടി അല്ല അത് ചെയ്യുന്നത്. ലോകത്തെ എഴുനൂറ് കോടിയിൽ പരം ജനങ്ങളിൽ ഒരാൾ പോലും അത് ലൈക്ക് ചെയ്തില്ലെങ്കിലും തങ്ങളുടെ രക്ഷിതാവിന്റെ ഒരേ ഒരു ലൈക്ക് മാത്രമാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്. 

അഖിലാണ്ഡത്തെ പടച്ച് പരിപാലിക്കുന്ന, ഏകനായ, ഒരു പങ്കാളിയുടെയും ആവശ്യമില്ലാത്ത സാക്ഷാൽ പടച്ചവന്റെ പ്രീതിയാണ് ഇത്തരം ആളുകൾ പ്രതീക്ഷിക്കുന്നത്, അതാണ് പുണ്യം, അവനാണ് പുണ്യവാൻ,  അവളാണ് പുണ്യവതി എന്നതൊക്കെയാണ് പഠിപ്പിക്കപ്പെടുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ. 

Saturday, August 4, 2018

പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ സാമ്പത്തിക സിദ്ധാന്തം

പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ സാമ്പത്തിക സിദ്ധാന്തം

ലോകത്ത് നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും, അതിന്റെ വിപരീതമായ തൊഴിലാളിത്ത വ്യവസ്ഥിതിയും തമ്മിൽ ആശയപരമായ പല സംവേദനങ്ങളും  നടന്നിട്ടുണ്ട്.

അത്തരമൊരു കാര്യമാണ് കേരളത്തിലെ പ്രമുഖനായ ഒരു വ്യവസായി ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 

"പെറ്റി ബൂർഷാ" എന്നും, "അമേരിക്കൻ ചെരുപ്പ് നക്കി" എന്നുമൊക്കെയുള്ള വിശേഷണങ്ങൾ തന്റെ  ബിസിനസ്സിന്റെ തുടക്കത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കാലഘട്ടത്തെയാണ് അദ്ദേഹം അനുസ്മരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആ വിശേഷണം തന്നിൽ ചാർത്തിയ പാർട്ടിയുടെ അമരക്കാരൻ  ഇന്ന് ബൂർഷാസികളുടെ പറുദീസയായ അമേരിക്കയിലേക്ക് പോകാനിരിക്കുന്ന വാർത്തയും കൊടുത്തിരിക്കുന്നു.

കാക്കനാട് എൻജിഒ ക്വർട്ടേഴ്സിൽ ഞാൻ കണ്ടിട്ടുള്ള, എല്ലാ നിലകളിലും വലിയ ചെടികൾ വെച്ച് പിടിപ്പിച്ച്‌, പ്രകൃതിയോട് ചേർത്തു വെച്ച അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥൻ കൂടിയായ ഒരാൾക്കാണല്ലോ ഇത് കേൾക്കേണ്ടി വന്നത് എന്നോർത്തപ്പോൾ അതൊരു പ്രയാസമായിട്ടാണ് തോന്നിയത്.

കൂട്ടിയോജിപ്പിക്കുവാൻ പറ്റാത്ത വിധം ആശയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന രണ്ട് സാമ്പത്തിക സിദ്ധാന്തങ്ങളുടെ ഏറ്റുമുട്ടലുകളാണ് യഥാർത്ഥത്തിൽ ഇവിടങ്ങളിൽ നടക്കുന്നത്.

ഒരു ഭാഗത്ത്, സ്വകാര്യ സമ്പത്തിനെ ലോകത്തിലെ സകല അന്യായങ്ങൾക്കുമുള്ള ഹേതുവായി കാണുകയും, ആ സമ്പത്ത് ഉടമപ്പെടുത്തിയ വ്യക്തികളെ ബൂർഷാസികളായും, തങ്ങളുടെ ആശയങ്ങൾകുള്ള മൂലധനമായും കാണുന്ന തൊഴിലാളിത്ത വ്യവസ്ഥിതി.

മറുഭാഗത്ത്, എന്തിനെയും കഴിവിന്റെ പരമാവധി വിൽപ്പനച്ചരക്കാക്കി മാറ്റുന്നതിന്റെ കൂടെത്തന്നെ  തൊഴിലാളിത്ത വ്യവസ്ഥിതിയുടെ നിയമ പുസ്തകവും കൂടി കമ്പോളത്തിൽ വിറ്റഴിക്കാൻ അതിയായി വെമ്പൽ കൊള്ളുന്ന മുതലാളിത്ത വ്യവസ്ഥിതി.

ഇത്തരമൊരു സാഹചര്യത്തിലാണ് ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ലോകർക്ക് വേണ്ടി സമർപ്പിക്കപ്പട്ട പരിശുദ്ധ ഖുർആൻ ജനസമക്ഷം സമർപ്പിക്കുന്ന പണക്കാരനെയും പാവപ്പെട്ടവനെയും കോർത്തിണക്കിയ, തീർത്തും ചൂഷണ വിമുക്തമായ സാമ്പത്തിക സിദ്ധാന്തത്തിന്റെ പ്രസക്തി കടന്നു വരുന്നത്.

പ്രധാനമായും അഞ്ചു സ്തംഭങ്ങളാണ് ഈ സാമ്പത്തിക വ്യവസ്ഥിതിയുടെ തൂണുകളായി വർത്തിക്കുന്നത്.

1.  പലിശ രഹിത സമ്പദ്  വ്യവസ്ഥ
2. സക്കാത്ത് അഥവാ പണം ഉള്ളവൻ കൊടുക്കേണ്ട ഓഹരി.
3. ദാനധർമ്മം.
4. അനന്തരാവകാശ നിയമം.
5. വിനിമയ നിയമങ്ങൾ

ഇപ്പറഞ്ഞ സ്തംഭങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത്,  പണക്കാരന്ന് എത്ര സമ്പത്ത് വേണമെങ്കിലും നീതിപൂർവ്വകമായി സമ്പാദിക്കുവാനും, അതോടൊപ്പം തന്നെ പാവപ്പെട്ടവന്ന് ചൂഷണ മുക്തമായും, സമാധാനപരമായും തന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള വലിയ ഒരു അവസരവുമാണ് ഉണ്ടാകുക.


1.  പലിശ രഹിത സാമ്പദ്  വ്യവസ്ഥ

ഇന്നിന്റെ ലോകം പലിശയിലും, കൂട്ടുപലിശയിലും, അതിന്റപ്പുറത്തുള്ള പലിശയിലും കുളിച്ചു കിടക്കുകയാണ്. ലോകത്തുള്ള  സമ്പത്തിന്റെ വലിയ ശതമാനം വളരെ കുറഞ്ഞ ആളുകളിൽ ഒതുങ്ങിപ്പോയതിന്റെ ഒരു പ്രധാന കാരണം പലിശയാണെന്ന്  ആ വിഷയം പഠിക്കുമ്പോൾ മനസ്സിലാകുന്നതാണ്.

"അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസിന്ന് കിട്ടാനുള്ള പലിശ മുഴുവനും ഞാൻ ഇതാ റദ്ദ് ചെയ്തിരിക്കുന്നു"  എന്ന് മുഹമ്മദ് നബി(സ) ജനലക്ഷങ്ങളെ സാക്ഷി നിറുത്തി പ്രഖാപിച്ചപ്പോൾ, പാവപ്പെട്ടവനെ പിഴിഞ്ഞു, പിഴിഞ്ഞു കൊണ്ടിരുന്ന ഒരു വ്യവസ്ഥിതിയുടെ അടിവേരാണ് അറുക്കപ്പെട്ടത്.  ആ അടിവേര് അറുത്തുമാറ്റിയ പ്രവാചകൻ അത് തുടങ്ങിയത് സ്വന്തം കുടുംബത്തിൽ നിന്നാണ് എന്നതും വളരെ പ്രസക്തമാണ്.

2. സക്കാത്ത് അഥവാ പണം ഉള്ളവൻ നൽകേണ്ടുന്ന ഓഹരി.

ഒരു ചന്ദ്ര വർഷം, ന്യായമായ ചിലവുകൾ കഴിച്ച് ബാക്കിവരുന്ന വരുമാനത്തിന്റെ, ലാഭത്തിന്റെ, ധാന്യ-വിളകളുടെ  ഒരു നിശ്‌ചിത ഭാഗം അർഹരായ ആളുകൾക്ക് അവകാശമായി കിട്ടേണ്ട ഒന്നാണ് സക്കാത്ത്. അത് ഉള്ളവന്റെ ഔദാര്യമല്ല, മറിച്ച് ഇല്ലാത്തവന്റെ അവകാശമാണ്.

ഒട്ടകത്തെ കെട്ടുന്ന ഒരു കഷ്ണം കയർ സകാത്തായി നൽകാനുള്ള ഒരാൾ അത് നൽകാൻ തയ്യാറില്ല എങ്കിൽ, പാവപ്പെട്ടവന്ന് ലഭിക്കേണ്ട ആ ഓഹരി യുദ്ധം ചെയ്തിട്ടാണെങ്കിൽ പോലും പിടിച്ചെടുക്കും എന്ന് പറഞ്ഞ അബൂബക്കർ സിദ്ധീഖ്(റ) എന്ന ഭരണാധികാരിയെയാണ് ഇസ്‌ലാമിക ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. 

3. ദാനധർമ്മം.

ഈത്തപ്പഴത്തിന്റെ ഒരു ചീളെങ്കിലും ദാനം ചെയ്തുകൊണ്ട് നരകാഗ്നിയിൽ നിന്നും സ്വന്തത്തെ രക്ഷിക്കുക എന്ന ഒരൊറ്റ നബി വചനം മതി ഒരു വിശ്വാസിക്ക് തന്റെ സമ്പത്ത് ധർമ്മം ചെയ്യുവാനുള്ള കാരണമായിട്ട്.

പരിശുദ്ധ ഖുർആനിലും, നബി വചനങ്ങളും സമ്പത്ത് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും, പ്രോത്സാഹനങ്ങളും വിവരിക്കുന്നത് ധാരാളമായി കാണാം. സകല വിഭാഗീയ ചിന്തകൾക്കും അതീതമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവനെ സഹായിക്കണം എന്നതാണ് കൽപ്പന.

4. അനന്തരാവകാശ നിയമം.

വര്ഷം 2012ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ്, ഒരു ഭർത്താവ് മരണപ്പെട്ടാൽ, ആ ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് അവകാശം ഉണ്ട് എന്ന് തീരുമാനിച്ചത്.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് പരിശുദ്ധ ഖുർആൻ അത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്ത്യൻ കാബിനറ്റ് ഭർത്താവ് മരണപ്പെട്ട ഭാര്യയെ മാത്രം പരിഗണിച്ചപ്പോൾ, ഖുർആൻ അതിന്റെ കൂടെ ഭാര്യ മരിച്ച ഭർത്താവിന്ന് കൂടി, മരിച്ച ഭാര്യയുടെ സ്വത്തിൽ നിശ്ചിത അവകാശം വകവെച്ചു കൊടുത്തു.

ഒരാൾ മരിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന സ്വത്തുക്കൾ എങ്ങിനെ ഭാഗിക്കണം എന്ന് വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അനന്തര സ്വത്ത് വീതം വെക്കുന്ന വേളയിൽ, കുടുംബക്കാരല്ലാത്ത പാവപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം എന്നുമാണ് പരിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്.

5. വിനിമയ നിയമങ്ങൾ

കൊടുക്കലുകളും വാങ്ങലുകളും നടത്തുമ്പോൾ പാലിക്കപ്പെടേണ്ട ഒരു പാട് മാർഗ്ഗ നിർദേശങ്ങൾ ഉണ്ട്. ഒരാൾ മറ്റൊരാളോട് കടം വാങ്ങുമ്പോൾ അത് എഴുതിവെക്കുകയും, രണ്ടാളുകൾ സാക്ഷികളായി ഉണ്ടായിരിക്കുകയും വേണം. ജനങ്ങളിൽ വെച്ച് ഉത്തമൻ നന്നായി കടം വീട്ടുന്നവനാണ് എന്നുമൊക്കെ പഠിപ്പിക്കപ്പെട്ടു.

ഒരു സാധനത്തിന്ന് വിലപറഞ്ഞ ആൾ ആ കച്ചവടം ഒഴിയുന്നതിന്ന് മുൻപ് വേറെ ഒരാൾ വിലപറയാൻ പാടില്ല.   അളവിലും തൂക്കത്തിലും കൃതിമം നടത്താൻ പാടില്ല. സമ്പത്ത് ഉള്ളവൻ തന്നിഷ്ടം പോലെ  ധൂർത്തടിക്കരുത് എന്നതൊക്കെ നിർദേശങ്ങളിൽ ചിലതാണ്.

വളരെ ചുരിക്കിപ്പറഞ്ഞ ഈ സാമ്പത്തിക സിദ്ധാന്തങ്ങളൊക്കെ ഒരു ഉട്ടോപ്പിയൻ അഥവാ നടപ്പിലാക്കാൻ പറ്റാത്ത ചിന്താഗതികൾ ആണ് എന്ന് തോന്നുന്നവർ ചരിത്രത്തിൽ നിന്നും ചില ഏടുകൾ മറിച്ചു നോക്കേണ്ടിയിരിക്കുന്നു എന്നാണ് അഭ്യർത്ഥിക്കുവാനുള്ളത്.

അതല്ലെങ്കിൽ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തിയവർ പറഞ്ഞതെങ്കിലും ഒരു നോക്ക് കാണേണ്ടിയിരിക്കുന്നു.

സ്വതത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റു തന്റെ "ഗ്ലിമ്സസ്‌ ഓഫ് വേൾഡ് ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിൽ ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ തുടക്കം കുറിച്ച വിപ്ലവകരമായ ആ മാറ്റത്തെ കുറിച്ച് പറഞ്ഞ വരികൾ ഇപ്പറഞ്ഞ നയങ്ങളും തത്വങ്ങളും വിജയിച്ചു എന്നല്ല മറിച്ച് അത് ലോക ചരിത്രത്തിലെ വിസ്മയങ്ങളിൽപെട്ടതാണ് എന്നാണ് പറഞ്ഞു വെച്ചത്.

The story of the Arabs, and of how they spread rapidly over Asia, Europe and Africa, and of the high culture and civilization which they developed, is one of the wonders of history” – Jawaharlal Nehru, Glimpses Of World History, Page 165.

കറകളഞ്ഞ ഏകദൈവ വിശ്വാസം മുന്നോട്ട് വെക്കുകയും, പൂർവ്വ വേദങ്ങളെയും അത് കൊണ്ടുവന്ന ദൈവിക ദൂതൻമാരെയും സത്യപ്പെടുത്തിക്കൊണ്ടും, അവസാനത്തെ വേദമായിക്കൊണ്ട് ലോകത്തിലെ ജനങ്ങൾക്ക് വേണ്ടി ദൈവം തമ്പുരാൻ അവതരിപ്പിച്ചത് എന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധ ഖുർആനും, അതിന്റെ ജീവിത മാതൃകയായ നബി ചര്യയും, ആ ചര്യകൾ നെഞ്ചോട് ചേർത്തുവെച്ച പ്രവാചക അനുചരന്മാരുടെ ജീവിതവും, അവർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളും ലോക ചരിത്രത്തിൽ അത്ഭുതങ്ങളിൽ അൽഭുതമാണ് എന്ന് അതിന്റെ ഏതെങ്കിലും ഓരത്തു കൂടെയെങ്കിലും സഞ്ചരിച്ചവർക്ക് മനസ്സിലാകും എന്നതിന്ന് ചരിത്രകാരൻമാർ സാക്ഷികളാണ് എന്നതാണ് യാഥാർത്ഥ്യ ബോധം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Friday, July 27, 2018

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഏഴു മക്കളെ പ്രസവിച്ചു വളർത്തിയവർക്ക് ദേശീയ അവാർഡ്!

ഈ വാർത്ത വരുന്നത് ഏതെങ്കിലും "മൂന്നാം കിട" രാജ്യത്തുനിന്നല്ല. ലോകത്തെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളിൽ ഒന്നായ റഷ്യയിൽ നിന്നാണ്.

കമ്മ്യൂണിസത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമൊക്കെ ആയിരുന്ന സോവിയറ്റ് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ നിന്നാണ് ഈ രാജ്യാന്തര ബഹുമതി എന്നുള്ളത് പല പുരോഗമന ചിന്തകളെയും കടപുഴക്കുന്ന ഒരു കാര്യമാണ് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു. 

ഭൂമിക്ക് പുറത്തേക്ക് അഥവാ ബഹിരാകാശത്തേക്ക് മനുഷ്യന്ന് യാത്ര ചെയ്യാനുള്ള സോയൂസ് പോലുള്ള റോക്കറ്റുകൾ നിർമിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യമായ റഷ്യയുടെ നായകനാണ് ഏഴു മക്കളുടെ മാതാപിതാക്കളെ കൂടുതൽ മക്കളെ ഉണ്ടാക്കുകയും, പോറ്റിവളർത്തുകയും ചെയ്തു എന്ന ഒരേ ഒരു കാരണത്താൽ "ഓർഡർ ഓഫ് പാരന്റൽ ഗ്ലോറി" എന്ന അവാർഡ് നൽകി ആദരിക്കുന്നത്. 

കൂടുതൽ മക്കൾ ഉണ്ടാകുക എന്നത് ഒരു പിന്തിരിപ്പൻ ഏർപ്പാടാണ് എന്ന ചിന്തയാണ് പുരോഗമന ചിന്തകർ എന്ന് അവകാശപ്പെടുന്ന പലരും ഈ ലോകത്തിന്ന് പകർന്നു നൽകിയത്. 

ഇത്തരം ഒരു ചിന്തയുടെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായിരുന്നല്ലോ ഇക്കഴിഞ്ഞ മാസം നാലാമ്മത് ജനിച്ച ഒരു കുഞ്ഞു പൈതലിനെ അതിന്റെ അമ്മ എറണാകുളത്തെ ഇടപ്പള്ളിയിലെ ഒരു ചർച്ചിന്റെ അങ്കണത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

നാലാമതൊരു കുഞ്ഞിനെ വളർത്തുന്നത് കാരണം തങ്ങളെ സാമൂഹികമായി അധപ്പതിച്ചവരായി സമൂഹം കണക്കാക്കും(!) എന്നാണ് ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുവാനുള്ള കാരണമായി പറഞ്ഞത്. ഈ ഒരു ചിന്ത നമ്മുടെ സമൂഹത്തെ എത്രത്തോളം വിരിഞ്ഞു മുറുക്കിയിട്ടുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

"നാം രണ്ട് നമുക്ക് രണ്ട്" എന്നും, "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെയുള്ള ചൊല്ലുകളായിരുന്നല്ലോ നമ്മളൊക്കെ കണ്ടതും കേട്ടതും. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പല ട്രക്കുകൾക്ക് പിന്നിലും ഈ വാചകങ്ങൾ എഴുതിവെച്ചതായി കണ്ടിട്ടുമുണ്ട്.

ഈ രൂപത്തിലുള്ള "നാം രണ്ട് നമുക്ക് രണ്ട്" എന്നും "നാം ഒന്ന് നമുക്ക് ഒന്ന്" എന്നുമൊക്കെ കേട്ട ഒരാൾ "നാം ഒന്ന്, നമുക്കെന്തിന്ന് മറ്റൊന്ന്?" എന്ന് ചോദിക്കുകയും അത് പ്രവൃത്തി പദത്തിൽ കൊണ്ടുവരികയും ചെയ്‌താൽ ഒരു പരിധിവരെ അയാളെ കുറ്റം പറയാൻ സാധ്യമല്ല. കാരണം സാമൂഹിക ചിന്താഗതി എന്ത് പകർന്ന് നൽകിയോ അതിനെ അതിനേക്കാളും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുവാനാണ് അയാൾ ശ്രമിച്ചത് എന്ന് പറയേണ്ടിവരും.

ഇത്തരമൊരു സന്ദർഭത്തിലാണ് കറകളഞ്ഞ ദൈവിക വിശ്വാസം യദാർത്ഥത്തിൽ മനുഷ്യന്ന് സഹായകമാകുന്നത്.

പെൺകുട്ടികൾ ഉണ്ടാകുന്നത് ഒരു അപമാനമായി കാണുകയും ഒരു വേള ജനിച്ച പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്ന ഒരവസരത്തിലാണ് പരിശുദ്ധ ഖുർആൻ ആ ജനസഞ്ചയത്തോട് സംസാരിച്ചത്.

"ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു." - ഖുർആൻ 17:31.

ദാരിദ്ര്യഭയത്താലോ മറ്റോ കുഞ്ഞുങ്ങളെ ഇല്ലായ്‌മ്മ ചെയ്യുവാൻ പാടില്ല എന്നും എല്ലാവര്ക്കും ഭക്ഷണവും മറ്റ് ജീവിതോപാധികളുമൊക്കെ നൽകുന്നത് സാക്ഷാൽ സൃഷ്ടാവ് ആണ് എന്നുമാണ് പഠിപ്പിക്കപ്പെടുന്നത്.

കൂടുതൽ കുട്ടികൾ ഉണ്ടാകുക എന്നത് സാമൂഹികമായ അപകർഷതാ ബോധം സൃഷ്ടിക്കുന്നുണ്ടെങ്കിൽ, അത്തരം ചിന്തകൾക്കാൾ ഉന്നതമായ ഒരു കാഴ്ചപ്പാടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. കൂടുതൽ മക്കളുണ്ടാകുക എന്നത് സമ്പത്ത് ഉണ്ടാകുന്നത് ഈ ലോകത്ത് എത്രത്തോളം അലങ്കാരമാണോ അതെ പോലെ ഒരു അലങ്കാരമാണ് മക്കൾ എന്നാണ്.

"സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും." - ഖുർആൻ 18:46. 

ഇത്തരുണത്തിൽ ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് അപകർഷതയല്ല, അഭിമാനമാണ്. ഒരു യഥാർത്ഥ ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതൽ മക്കളുണ്ടാകുക എന്നത് ദാരിദ്രമല്ല, സമ്പത്താണ്.



അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Friday, July 20, 2018

വംശീയതയുടെ അപ്പോസ്തലന്മാർക്ക് തലയിൽ ഒരു കിരീടം കൂടി!

വംശീയതയുടെ അപ്പോസ്തലന്മാർക്ക്  തലയിൽ ഒരു കിരീടം കൂടി!

ലോകത്ത് നിലനിൽക്കുന്ന വർഗ്ഗ വംശീയതയുടെ പ്രകടമായ ആൾരൂപവും, ശക്തരായ പ്രയോക്താക്കളുമായ ഇസ്രാഈൽ മക്കൾ, അവരുടെ "രാജ്യത്തെ" ജൂതന്മാർക്ക് മാത്രമായുള്ള ഒരു സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അവിടങ്ങളിൽ ജീവിക്കുന്ന ജൂതന്മാരല്ലാത്ത മറ്റു ആളുകൾക്ക് വോട്ടവകാശം വരെ നിഷേധിക്കുന്ന തീർത്തും അന്യായമായ ഒരു നീക്കമാണ് അവരുടെ നിയമ നിർമാണ സഭ ഇന്നലെ പാസ്സാക്കിയ ബില്ലിന്റെ കാതൽ.

എന്ത് കൊണ്ട് വംശീയതയുടെ ആളുകളായി ഇസ്രാഈൽ മക്കളെ വിശേഷിപ്പിച്ചു എന്ന് ചോദിച്ചാൽ, അതാണ് തുടക്കം മുതൽ ഇന്നു വരെയുള്ള  അവരുടെ ചരിത്രം എന്നതാണ് അതിനുള്ള ഉത്തരം. 

മഹാനായ ദൈവിക ദൂതൻ യഅകൂബ് നബിയുടെ പന്ത്രണ്ട് മക്കളിൽ നിന്നുണ്ടായ വംശപരമ്പരയായിട്ടാണ് ഇസ്രാഈൽ സന്തതികൾ അന്നും ഇന്നും നിലകൊള്ളുന്നത്. 

ആ പന്ത്രണ്ടു മക്കളിലെ ഒരു ഇളയ മകനോട് മറ്റ് മക്കൾക്കുണ്ടായ അടങ്ങാത്ത വിദ്വേഷവും, അവസാനം ആ ഇളയ മകനെ കൊലപ്പെടുത്തുവാനും, ഇല്ലായ്മ ചെയ്യുവാനും വേണ്ടി അവർ നടത്തിയ ഗൂഢാലോചനകളെ കുറിച്ചുമൊക്കെ ബൈബിളിലും ഖുർആനിലും കാണാവുന്നതാണ്. അവർക്കിടയിൽ തന്നെ അന്യായങ്ങൾ നിലനിന്നിരുന്നു എന്നതാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്.

യഹൂദികൾ എന്നറിയപ്പെടുന്ന ഇസ്രാഈൽ സന്തതികളുടെ ഒരു പ്രധാനപ്പെട്ട വാദമാണ് ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആളുകളാണ് അവർ എന്നത്. ലോകത്തുള്ള മറ്റു ഒരു ജനവിഭാഗത്തിന്നും ആ പദവി ഇല്ല എന്നതാണ് അവരുടെ വിശ്വാസം. 

ആ വിശ്വാസത്തെ കുറിച്ച് പരിശുദ്ധ ഖുർആനിൽ പലസ്ഥലങ്ങളിലും പ്രതിപാധിച്ചതായി കാണാവുന്നതാണ്.

"(നബിയേ ) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍." - ഖുർആൻ 62:6.

ലോകത്തിലെ മറ്റു ജനങ്ങൾക്കില്ലാത്ത, മറ്റു ജനങ്ങൾക്ക് ഒരു തരത്തിലും നേടിയെടുക്കുവാൻ സാധിക്കാത്ത, ഇസ്രാഈൽ മക്കളുടെ സന്തതി പരമ്പരയിൽ ജനിച്ചവർക്ക് മാത്രം, (ജനനം കൊണ്ട് മാത്രം) ദൈവിക സന്നിധിയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്ന അടിസ്ഥാന വിശ്വാസമാണ് നാളിതുവരെ അവർ നടത്തിക്കൊണ്ടിരിക്കുന്ന സകല വംശീയതകളുടെയും അടിസ്ഥാനം എന്ന് കാണാവുന്നതാണ്.

തങ്ങളുടെ താന്തോന്നിത്തങ്ങൾക്കും, ദേഹേച്ഛക്കും ഒക്കെ എതിരായി ദൈവിക ദൂതന്മാർ അവരിലേക്ക് വരുമ്പോഴൊക്കെ, അവരെ നിഷേധിക്കുകയും, പരിഹസിക്കുകയും, ഒരു വേള കൊന്നുകളയുകയും ചെയ്തതാണ് ബഹുഭൂരിഭാഗം വരുന്ന ഇസ്രാഈൽ മക്കളുടെ ചരിത്രം.

"യരുശലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ" എന്ന ലൂക്കോസിന്റെ 13:34 വചനം ചൂണ്ടിക്കാണിക്കുന്നതും ഇസ്രാഈൽ മക്കളുടെ തികഞ്ഞ നിഷേധത്തെയും, അതിക്രമത്തെയും കുറിച്ചാണ്.

വംശീയതയുടെയും വിദ്വേഷത്തിന്റെയും ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിവെട്ടിപ്പിടിക്കലിന്റെയും, മറ്റു മത വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെയും ഏറ്റവും പ്രകടമായ സംഭവ വികാസങ്ങളാണ് യഥാർത്ഥത്തിൽ സിറിയയിൽ ഐസിസ് എന്ന കാപട്യത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് ഇസ്രാഈൽ നടത്തിക്കൊണ്ടിരിക്കുന്നത്. റഷ്യയുടെ ഇടപെടൽ മൂലം ആ നീക്കം അവസാനം പാളി എന്നത് വേറെ ഒരു വശമാണ്.

സിറിയയിലെ മുസ്ലികളെയും, അവരുടെ ആരാധനാലയങ്ങളെയും മാത്രമല്ല അവർ തകർത്തെറിഞ്ഞത്. നൂറ്റാണ്ടുകളോളം സിറിയയിൽ നിലനിൽക്കുന്ന അവിടുത്തെ ക്രിസ്ത്യൻ ചർച്ചുകൾ ബോംബിട്ട് തകർക്കുകയും, അവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ ഐസിസിന്റെ മറപിടിച്ച്‌ കൊന്നൊടുക്കിയുമാണ് അവർ മുന്നേറിക്കൊണ്ടിരിക്കുന്നത് .

വംശീയ ഉന്മൂലനങ്ങൾക്കും, വിധ്വംസക പ്രവർത്തങ്ങളൾക്കുമൊക്കെ മുകളിൽ സൂചിപ്പിച്ച പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ട് എന്നത് കൊണ്ടാണ് അവരുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നാളിതുവരെ ഇത്തരം നീചകൃത്യങ്ങൾക്ക് ഇസ്രാഈൽ മക്കൾ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകിവരുന്നത്.

ഈ അതിക്രമങ്ങൾ ഏതറ്റം വരെ പോകുമെന്ന് ചോദിച്ചാൽ, ഏതൊരു ജീസസ്സിനെ അവർ കൊലപ്പെടുത്തി എന്ന് വാദിച്ചുവോ, ആ മർയമിന്റെ പുത്രൻ ജീസസ് അഥവാ ഈസ(അ) ഇന്നത്തെ സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ സ്ഥിതിചെയ്യുന്ന ഉമയ്യാദ് പള്ളിയുടെ കിഴക്കൻ മിനാരത്തിൽ വന്നിറങ്ങുന്നത്  വരെ എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Monday, July 16, 2018

യഥാർത്ഥ രാമ രാജ്യം പുലരട്ടെ

യഥാർത്ഥ രാമ രാജ്യം പുലരട്ടെ

അടുത്ത തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കുകയാണ് ഭരണകക്ഷിയുടെ താൽപര്യം എന്ന് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞതും അതിനോടനുബന്ധിച്ചുണ്ടായ പ്രതികരണങ്ങളുമാണ് ഇങ്ങിനെ ഒന്നെഴുതുവാൻ പ്രേരണ നൽകിയത്.

സന്തുഷ്ടിയും സമൃദ്ധിയും നിറഞ്ഞ കോസലാ മഹാരാജ്യത്തിലെ പ്രധാനാ നഗരവുമായിരുന്ന അയോദ്ധ്യപുരിയെയാണ് രാമാ രാജ്യത്തിന്റെ നെടുംതൂണായി രാമായണത്തിൽ കാണുവാൻ സാധിക്കുന്നത്.

സത്യം മാത്രം പറയുന്ന, ആറു വേദങ്ങൾ പഠിച്ച, ധർമ്മത്തെ നന്നായി ആശ്രയിച്ച, നന്മയിൽ വർത്തിക്കുന്ന മന്ത്രിമാരാൽ സഹായിക്കപ്പെട്ട ചന്ദ്ര ശോഭയുള്ള ദശരഥ രാജാവിനാൽ ഭരിക്കപ്പെട്ട, ആരാലും കീഴടക്കുവാൻ സാധിക്കാത്ത അയോദ്ധ്യ.

മണ്ണിന്റെ മക്കൾ വാദം ഉന്നയിക്കാത്ത, നാനാ ദേശവാസികളായ വ്യാപാരികളാൽ ശോഭിക്കപ്പെട്ടിരുന്ന രാജ്യമാണ് രാമായണത്തിലെ അയോദ്ധ്യ. കാമവെറിയുള്ളവനോ, ഗുണഹീനനോ, നാസ്തികനോ, ക്രൂരനോ ഇല്ലാത്ത രാജ്യമാണ് രാമായണത്തിലെ അയോദ്ധ്യ. 

ഇങ്ങിനെ ഒരു പാട് നല്ല വിശേഷണങ്ങളുള്ള സമാധാന പൂർണ്ണമായ ഒരു രാജ്യമായിട്ടാണ് രാമായണത്തിലെ അയോദ്ധ്യ നിലകൊള്ളുന്നത്.

എന്നാൽ രാമ രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുമ്പോൾ, രാമായണത്തിലെ അയോദ്ധ്യാ രാജ്യം ഒരു വഴിക്കും, രാമ രാജ്യം ലക്ഷ്യമാക്കിയവർ അതിന്റെ നേരെ എതിർ ദിശയിലേക്കും പോകുന്ന കാഴ്ചക്കാണ് ഇന്ത്യാ മഹാരാജ്യം സാക്ഷിയായിട്ടുള്ളത്. 

അയോദ്ധ്യയുടെ അധിപനായി വാഴുന്നതിന്റെ തലേ ദിവസം, തന്റെ ഉള്ളം കയ്യിൽ വന്ന അധികാരമെല്ലാം ത്യജിച്ചുകൊണ്ട്, നീണ്ട പതിനാല് വർഷത്തെ കാനന വാസത്തിന്ന് പോകുന്ന ശ്രീ രാമനെ രാമായണം വരച്ചു കാണിക്കുമ്പോൾ, അധികാരത്തിന്ന് വേണ്ടി ജനങ്ങളെ വർഗീയമായി ചേരിതിരിച്ച്, തമ്മിൽ തല്ലിച്ച്, രക്തം ചിന്തിക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് രാമാരാജ്യമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പറയുന്നവർ നടപ്പാക്കുന്നത്.

രാമായണ കാവ്യത്തെ ആറ്റിക്കുറുക്കി, അതിന്റെ ആകെത്തുക "ഹിംസ അരുത്" എന്നതാണ് എന്ന് പ്രഖ്യാപിക്കുകയും, അത് തന്റെ ജീവിതം കൊണ്ട് കാണിക്കുകയും ചെയ്ത രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്ത് ജീവനെടുത്താതാണ് രാമരാജ്യത്തിന്റെ അവകാശം ഏറ്റെടുത്ത ആളുകൾ ഇന്ത്യക്ക് സമ്മാനിച്ചത്. 

കുറ്റമില്ലാത്ത പുരുഷനെ, ശത്രുവായിരുന്നാൽ പോലും ഹിംസിക്കുകയില്ല എന്ന രാമായണ വാക്യത്തെ നെഞ്ചിലേറ്റിയ ആളുകൾ എവിടെ?

അഹിംസക്ക് വേണ്ടി നിലകൊണ്ട മഹാത്മാ ഗാന്ധിയുടെ നാടായ ഗുജറാത്തിന്റെ മണ്ണിൽ, ജീവന്ന് വേണ്ടി യാചിക്കുന്ന, നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിൽക്കുന്ന കുത്തുബുദ്ധീൻ അൻസാരിമാരെയും, ഊരിപ്പിടിച്ച വാളുമായി ആർത്തട്ടഹസിക്കുന്ന അശോക് മോച്ചിമാരെയുമൊക്കെയാണ് രാമരാജ്യത്തിന്റെ അവകാശം ഏറ്റെടുത്ത ആളുകൾ ഇന്ത്യക്ക് സമ്മാനിച്ചത്. 

അസൂയ ഉള്ളവരോ, ശക്തിയറ്റവനോ, ദീനതയാർന്നവനോ, വ്യാകുല ചിത്തനായവനോ, വ്യാധിപീഡിതനോ ഇല്ലാത്ത രാജ്യമെന്ന് വാൽമീകി മഹർഷി വിശേഷിപ്പിച്ച  രാമായണത്തിലെ അയോദ്ധ്യ എവിടെ? 

രാമായണത്തിലെ അയോദ്ധ്യ സമാധാന പൂർണ്ണമായി നിലകൊള്ളുമ്പോൾ, ആ ഭൂമിയെ സംഘർഷ ഭൂയായി മാറ്റുകയും, അത് തങ്ങളുടെ അധികാരത്തിലേക്കുള്ള കുറിക്കുവഴിയായി ഇന്നും കൊണ്ട് നടക്കുകയും ചെയ്യുന്ന ആളുകൾ രാമ രാജ്യമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറയുമ്പോൾ, അല്ല ശാന്തികുടികൊണ്ട രാമരാജ്യത്തെ തച്ചുതകർക്കാൻ ഒരുമ്പെട്ട രാവണ രാജ്യമാണ് നിങ്ങളുടെ ലക്ഷ്യം എന്നാണ് ഇതിനെല്ലാം സാക്ഷിയായവർക്ക് പറയാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ

Tuesday, July 3, 2018

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

നഷ്ടപ്പെട്ടത് നിഷ്കളങ്കതയുടെ രണ്ടു മുഖങ്ങൾ

സഹോദരൻ അരിയിൽ ശുക്കൂറിന്ന് ശേഷം മനസ്സിനെ പിടിച്ചുലച്ച ഒന്നാണ് സഹോദരൻ അഭിമന്യുവിന്റെ കൊലപാതകം.

കാപാലിക രാഷ്ട്രീയക്കാരുടെ കരാളഹസ്തങ്ങളാൽ നിഷ്കരുണം ചവിട്ടിമെതിക്കപ്പെട്ട യുവത്വത്തിൻറെ മിഥുനങ്ങൾ നാമ്പിട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്ന രണ്ടു മുഖങ്ങൾ.

രണ്ടു പേരുടെയും രാഷ്ട്രീയമായ നിലപാടുകൾ എന്തുമായിക്കോട്ടെ, തങ്ങൾ നിലകൊണ്ടിരുന്ന കർമ്മ വീഥികളിൽ നിസ്വാർത്ഥമായി കുതിച്ചു മുന്നേറുവാൻ വെമ്പൽ കൊള്ളുന്നത് ആ മുഖങ്ങളിൽ നിന്നും ആർക്കും വായിച്ചെടുക്കാം.

കൊന്നവരുടെയും, കൊല്ലപ്പെട്ടവരുടെയും പേരിലെ മതം ചികഞ്ഞുകൊണ്ട്, ഇവിടെ സൂചിപ്പിക്കപ്പെട്ട കൊലപാതകങ്ങളിൽ ഒന്ന് തീവ്രവാദമാണെന്നാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അരിയിൽ ഷുക്കൂറിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും അഭിമന്യുവിന്റെ നെഞ്ചിൽ കടാര കുത്തി ഇറക്കിയവനും ഭീകര വാദികൾ തന്നെയാണ്; അരിയാഹാരം കഴിക്കുന്നവർക്ക് മറ്റൊരു ഡെക്കറേഷൻ ആവശ്യമില്ല.

നിഷ്പക്ഷമായും നീതിയുക്തമായും ശിക്ഷ നടപ്പാക്കുവാനുള്ള ചങ്കുറപ്പാണ് ഭരണാധികാരികളിൽ നിന്നും നീതിപീഠങ്ങളിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത്. അതല്ലാതെ, സ്വന്തം പാർട്ടിയിൽ പെട്ടവനാണെങ്കിൽ ഒരു നീതിയും, അല്ലാത്തവനാണെങ്കിൽ വേറെ നീതിയും അല്ല വേണ്ടത്.

ഒരു കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് മഹാനായ ഖലീഫ ഉമർ ആറാം നൂറ്റാണ്ടിൽ നടത്തിയ പ്രസ്താവന ഇന്നത്തെയും എന്നത്തേയും ഭരണാധികാരികൾക്ക് പ്രചോദനമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

"സൻആയിലെ (ഇന്നത്തെ യമനിന്റെ തലസ്ഥാനത്തിലെ) മുഴുവൻ ആളുകളും ആ കുട്ടിയെ കൊന്നതിൽ പങ്കുണ്ടെങ്കിൽ, അവരെ മുഴുവനും പകരം കൊല്ലുമായിരുന്നു" എന്നാണ് ഖലീഫ ഉമർ പ്രഖ്യാപിച്ചത്.

കുത്തിയവനെ മാത്രമല്ല, കുത്താൻ കത്തി നൽകിയവനെയും, വാഹനം ഒരുക്കിക്കൊടുത്തവനെയും, റൂട്ട് കാണിച്ചുകൊടുത്തവനെയും, പിറകിൽ നിന്നും കൈ പിടിച്ചുവച്ചവനെയുമൊക്കെ നീതി പീഠത്തിൽ ഹാജരാക്കി, ശിക്ഷയായിക്കൊണ്ട് എല്ലാറ്റിന്റെയും തലവെട്ടിക്കളയും എന്ന്.

കൊല്ലപ്പെട്ടവനോടും അവന്റെ കുടുംബത്തോടുമുള്ള നീതിയും, ജീവിച്ചിരിക്കുന്നവർക്കുള്ള താക്കീതുമാണ് ഇത്തരം ശിക്ഷാ നടപടികൾ.

മനഃസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാനാവില്ല ഇതെന്നല്ല, ഒരു കൊലപാതകവും. അതിനെ രാഷ്രീയമെന്നും തീവ്രവാദമെന്നുമൊക്കെ തരം തിരിക്കുന്നത്, നീതി നിർവഹണത്തിൽ നിന്നും, ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടമാണ് എന്നാണ് സൂചിപ്പിക്കുവാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Thursday, June 14, 2018

ആഘോഷവും ആരാധനയാണ്

ആഘോഷവും ആരാധനയാണ്

ആഘോഷത്തിന്റെ കാമ്പ് ദൈവ ഭക്തിയാണ്. ഈ ആഘോഷം വെറും ഒരു "ആഘോഷമല്ല" മറിച്ച് ആരാധനയാണ്; ദൈവ ഭക്തിയിലേക്കും സകല നന്മകളിലേക്കും, പാപമോചനത്തിലേക്കും ഓടി അടുക്കുന്ന ആരാധനയിൽ അധിഷ്ഠിതമായ ആഘോഷം.

പാവപ്പെട്ടവന്ന് ഭക്ഷണം നൽകുന്ന വേളയാണ് "ഈദുൽ ഫിത്ർ" എന്ന ആഘോഷ ദിവസത്തിന്റെ ഒരു പ്രധാന വശം. അന്നേ ദിവസം ദരിദ്രന്റെ പട്ടിണിമാറ്റാത്തവന്ന് ആഘോഷിക്കാൻ അർഹതയില്ല.

ധാർമിക മൂല്യങ്ങളുടെ പരിധികൾ പാലിക്കുന്നതടക്കമുള്ള ഒരു മാസത്തെ പരിശീലനത്തിന്റെ സമാപ്തിയാണ് ഈ ദിനം. അത് കൊണ്ടുതന്നെ ആ പരിസമാപ്തി ഘട്ടത്തിലും പരിധികൾ പാലിക്കപ്പെടേണ്ടതുണ്ട്.

പൊതുവഴികൾ മുടക്കിക്കൊണ്ടുള്ള വമ്പൻ പ്രകടനങ്ങൾ ഈ ആഘോഷത്തിന്ന് അന്യമാണ്. പൊതു വഴിയിൽ നിന്നും തടസ്സങ്ങൾ നീക്കം ചെയ്യുന്നത് സത്യവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ട ഒരു പ്രവാചക അനുചരന്ന് എങ്ങിനെയാണ് ഒരു വഴി മുടക്കിയാകുവാൻ സാധിക്കുക?

തന്റെ ദേഹേച്ചകൾക്കും, ഭൗതിക താൽപര്യങ്ങൾക്കും, കക്ഷിത്വ ചിന്തകൾക്കും ഒക്കെ മുകളിൽ ദൈവത്തിന്റെ ആജ്ഞയാണ് എനിക്ക് ഏറ്റവും വലുത് എന്നതാണ് ഈ ദിവസത്തിന്റെ ഒരു പ്രമേയം. അതാണ് "അല്ലാഹു അക്ബർ" അഥവാ "ദൈവമാണ് ഏറ്റവും വലിയവൻ" എന്ന വാക്യം ഉൽഘോഷിക്കുന്നത്. 

കാലഘട്ടത്തിന്റെ വളരെ നിസ്സാരമായ ഏതോ ഒരു കോണിൽ മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും വെറും കയ്യോടെ പുറത്തേക്ക് വന്ന, കഴിവ് കെട്ടവനായ, ദുർബലനായ, പര സഹായം കൂടാതെ ജീവിക്കുവാൻ പറ്റാത്തവനായ, വായുവും, വെള്ളവും, ഭക്ഷണവുമൊക്കെ ആവശ്യമുള്ളവനായ, രോഗവും വാർധക്യവും ബാധിക്കുന്നവനായ, മറവി സംഭവിക്കുന്നവനായ, മരിച്ചു പോകുന്നവനായ ഒന്നിന്റെയും മുന്നിൽ അല്ല ഈ ആരാധനകൾ അർപ്പിക്കുന്നത്. 

മറിച്ച്, സർവ്വ ലോകങ്ങളെയും പടച്ചു പരിപാലിക്കുന്ന, അതിനെയെല്ലാം ഉടമപ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന, മരണമോ, ഉറക്കമോ, മയക്കമോ ബാധിക്കാത്ത, ഭക്ഷണം ആവശ്യമില്ലാത്ത എന്നാൽ സർവ്വതിനേയും ഭക്ഷിപ്പിക്കുന്ന, ദുർബലനായ ഒരു സഹായിയുടെയും ഒരാവശ്യവും ഇല്ലാത്ത, സർവ്വ ഐശ്വര്യങ്ങളുടെയും, സർവ്വ പ്രതാപങ്ങളുടെയും ഉടയവനായ അവന്നാണ് ഈ ആരാധകനകൾ ഒക്കെയും അർപ്പിക്കുന്നത്. ഇത്തരമൊരു സന്ദേശമാണ് ഈ ആഘോഷ വേളയിൽ തെളിഞ്ഞു നിൽക്കുന്നത്.

അബൂ അബ്ദുൽ മന്നാൻ

Tuesday, May 29, 2018

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ഇന്ന് കേരളത്തിൽ നടന്ന ജാതിക്കൊലയുടെ വാർത്ത വായിച്ചപ്പോൾ ഓർത്തെടുത്ത ഒരു അനുഭവമാണ് ഇങ്ങിനെ ഒന്നെഴുതുവാൻ പ്രേരണയായത്.

വര്ഷം രണ്ടായിരത്തി പതിനാല്. ഷിക്കാഗോയിലെ ഒഹാരേ ഇന്റർനാഷണൽ എയർപോർട്ടാണ് സ്ഥലം. 

ജോലി ആവശ്യാർത്ഥം അമേരിക്കയിലേക്ക് പോയ ഞാനും എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ പ്രശാന്ത് വിജയനും ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്‌ളൈറ്റിന് വേണ്ടി എയർപോർട്ടിൽ കാത്തിരിക്കുന്ന രംഗം.

കണ്ടാൽ ആഫ്രിക്കക്കാരൻ എന്ന്  തോന്നിക്കുന്ന ഒരാൾ എന്റെ ഇടതു വശത്തുള്ള സീറ്റിൽ വന്നിരിക്കുകയും "അസ്സലാമു അലൈക്കും" അഥവാ "ദൈവം തമ്പുരാന്റെ രക്ഷ താങ്കൾക്കുണ്ടാകട്ടെ" എന്ന് പറയുകയും ചെയ്തു. 

ഞാൻ തിരിച്ചും സലാം പറഞ്ഞു. ഷിക്കാഗോയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലിചെയ്യുന്ന ഒരു നോർത്ത് സുഡാൻ പൗരനാണെന്ന് പരസ്പരം പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ നമ്മൾ സംസാരം തുടങ്ങി. രാഷ്ട്രീയപരമായും, സാംസ്കാരികമായും, ജോലിസംബന്ധവുമായ ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അതാ വേറെ ഒരാൾ "അസ്സലാമു അലൈക്കും" എന്ന് പറഞ്ഞു കൊണ്ട് പ്രശാന്തിന്റെ വലതു വശത്തും ഇരുന്നു. അമേരിക്കയിൽ നിയമ പഠനത്തിന്ന് വേണ്ടി വന്ന ഒരു സൗദിഅറേബ്യൻ പൗരനാണെന്ന് പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ സംസാരം കുറേ കൂടി ജോറായി നടന്നുകൊണ്ടിരുന്നു.

അതിനിടയ്ക്കാണ് പ്രശാന്ത് എന്നോട് ആ ചോദ്യം സ്വൽപം ആശ്ചര്യത്തോട് കൂടി ചോദിച്ചത്. "നിങ്ങൾ (ഒരേ ആദർശക്കാർ) എവിടെ നിന്നു കണ്ടാലും ഭയങ്കര അടുപ്പമാണല്ലോ?". 

ഒരു അന്യദേശത്ത് വെച്ച്, തീർത്തും ഒരു പരിചയവും ഇല്ലാത്ത, അന്യ ദേശക്കാരായ ആളുകളോട് ഊരും പേരുമൊക്കെ വെളിപ്പെടുത്തിക്കൊണ്ട് വളരെ അനായാസമായി, അതും ഇന്നിന്റെ സാഹചര്യത്തിൽ, പരസ്പരം സഹോദരങ്ങളെ പോലെ ഇടപഴകുവാൻ എങ്ങിനെ സാധിക്കുന്നു എന്നായിരുന്നു പ്രശാന്തിന്റെ ചോദ്യത്തിന്റെ കാതൽ.

"ദൈവം തമ്പുരാൻ ഹൃദയത്തിൽ ഇട്ടുതന്ന അടുപ്പം" എന്നായിരുന്നു ഒറ്റവാക്കിൽ അവനോട് ഞാൻ പറഞ്ഞത്.

രാജ്യത്തിന്റെയോ, ഭാഷയുടെയോ, നിറത്തിന്റെയോ മറ്റോ അതിർത്തികൾക്കെല്ലാം മുകളിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഈ സാഹോദര്യത്തിന്റെ ഉറവിടം ചെന്നെത്തുന്നത് ആറാം നൂറ്റാണ്ടിലെ അറേബ്യൻ മണലാരിണ്യത്തിൽ എഴുത്തും വായനയും അറിയാത്ത, "അൽ അമീൻ" അഥവാ "സത്യസന്ധൻ" എന്ന് സർവ്വ ജനങ്ങളാലും വിളിക്കപ്പെട്ട ദൈവീക ദൂതൻ മുഹമ്മദ്(സ) എന്ന വ്യക്തിയാൽ പൂർത്തീകരിക്കപ്പെട്ട ആദർശത്തിലാണ്.

ഗോത്ര മഹിമകളും അതിന്റെ പേരിലുള്ള വിവേചനങ്ങളും തമ്മിലടികളും, മനുഷ്യൻ മറ്റൊരു മനുഷ്യനെ നാൽകാലികളെ പോലെ അടിമകളാക്കുന്ന അവസ്ഥകളുമൊക്കെ നിലനിന്നിരുന്ന പതിനാല് നൂറ്റാണ്ട് മുൻപുള്ള അറേബ്യൻ ഉപഭൂഖണ്ഡം.

ഏകനായ പ്രപഞ്ച നാഥനെ മാത്രം വിളിച്ചാരാധിക്കുവാൻ നിർമിക്കപ്പെട്ട കഅബാലയത്തിന്നു ചുറ്റും ഒരു ഗംഭീര ജനസാഗരം നില കൊള്ളുന്ന രംഗം.

പ്രാർത്ഥന സമയത്തെ അറിയിക്കുന്ന ബാങ്ക് വിളി നടത്തുവാൻ ആരാണ് ഏൽപ്പിക്കപ്പെടുന്നത് എന്ന് സാധാരണക്കാരൻ മുതൽ പ്രമാണിമാർ വരെ സാകൂതം കാത്തിരുന്ന ഒരു നിമിഷം. 

ആ ദൗത്യ നിർവഹണം ഏൽപ്പിക്കപ്പെട്ടത് മറ്റാരെയുമായിരുന്നില്ല. അടിച്ചമർത്തപ്പെട്ടവന്റെ പര്യായമായിരുന്ന, കറുത്തവനായ, മക്കയിലെ പ്രമാണിമാരുടെ അടിമയായിരുന്ന ബിലാൽ(റ) ആയിരുന്നു അത്. 

അങ്ങിനെ ആ കഅബാലയത്തിന്റെ മുകളിലേക്ക് ബിലാൽ കയറി. അദ്ദേഹം ആ കയറ്റം കയറിയത് നൂറ്റാണ്ടുകളോളം തങ്ങളെ അടിമകളാക്കി വെച്ചിരുന്ന ഒരു വ്യവസ്ഥിതിയെ ബഹുജന ഹൃദയങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടായിരുന്നു. 

ഏതെങ്കിലും അധികാരത്തിന്റെയോ, കയ്യൂക്കിന്റെയോ ഭാഷ കൊണ്ടായിരുന്നില്ല ഇത്തരം വിവേചനങ്ങൾ നീക്കം ചെയ്യപ്പെട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. 

മറിച്ച്,  ദൈവീക വചനങ്ങളായ, മുൻ വേദഗ്രന്ഥങ്ങളെ മുഴുവൻ സത്യപ്പെടുത്തിക്കൊണ്ട് അവതരിച്ച പരിശുദ്ധ ഖുർആൻ കൊണ്ടും അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ) ചര്യകൾകൊണ്ടുമായിരുന്നു സകല വംശവെറികളും വിവേചനങ്ങളും അവസാനിച്ചത്.  

"എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് സ്‌കൂളിലെ അസ്സംബ്ലിയിൽ വെച്ച് ഞാൻ പഠിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, "ഈ ലോകത്തെ സർവ്വ മനുഷ്യരും ഒരേ പിതാവിന്റെയും ഒരേ മാതാവിന്റെയും മക്കളാണ്" എന്ന അതി വിശാലമായ ആദർശ വാക്യമാണ് എന്റെ മദ്രസയിൽ നിന്നും ഞാൻ പഠിച്ചതും, പ്രഖ്യാപിച്ചതും. 

അതിങ്ങനെ വായിക്കാം.

"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.". ഖുർആൻ 49:13. 

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വെച്ച്, ആബാലവൃദ്ധം ജനങ്ങളെയും സാക്ഷി നിറുത്തികൊണ്ട് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു -

"മനുഷ്യരെ, അറിഞ്ഞേക്കുക: നിങ്ങളുട രക്ഷിതാവ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനേക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന്നു അറബിയേക്കാളും ഇല്ല; കറുത്തവന്ന് ചുവന്നവനെ (വെള്ളക്കാരനെ) ക്കാളും ഇല്ല; ചുവന്നവന്ന് കറുത്തവനെക്കാളും ഇല്ല - ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു".

ഇത്തരുണത്തിൽ, സകല ജാതി ചിന്തകളെയും  വെടിഞ്ഞുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട്, പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിച്ചുകൊണ്ട് നമുക്ക് മുന്നേറാം. പടച്ചവൻ അനുഗ്രഹിക്കട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

ഹൃദയാന്തരങ്ങളിൽ കനൽ തരികൾ വിതറിയ മരണം

ഹൃദയാന്തരങ്ങളിൽ കനൽ തരികൾ വിതറിയ മരണം

പല മരണങ്ങളും ഇന്നേവരെയുള്ള ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഓരോ മരണവും അതിന്റെതായ അലയൊലികളും ദുഃഖങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് സഹോദരി ലിനി സജീഷിന്റെ മരണം. വരും കാലങ്ങളിലേക്ക് മായ്ക്കാനാകാത്ത അടയാളം കോറിയിട്ട ഒരു മരണം.

തന്റേതല്ലാത്ത കാരണത്താൽ രോഗത്തിന്ന് അടിമപ്പെടുകയും ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവ് ഇല്ലാ എന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു സന്ദർഭം.

ഒരു പൂർണ്ണ ബോധ്യത്തോടുകൂടി ആ സഹോദരി മരണത്തിലേക്ക് നടന്നു പോയത് ഏതൊരു മാനസികാവസ്ഥയിലൂടെ ആയിരിക്കും എന്ന ചിന്തയും, ആ സ്ഥാനത്ത് സ്വന്തത്തെ കരുതുമ്പോൾ എന്തായിരിക്കും അവസ്ഥ എന്ന ചിന്തയും കനൽ തരികളാണ് ഹൃദയത്തിൽ വിതറുന്നത്.

മരണ മുഖത്തേകുള്ള തന്റെ യാത്രയിൽ പറക്കമുറ്റാത്ത രണ്ടു മക്കളിൽ നിന്നും താനിതാ പിഴുതുമാറ്റപെടുകയാണ് എന്ന് തിരിച്ചറിഞ്ഞ ഒരു അമ്മയുടെ മനോവ്യഥകൾ ജീവനുള്ള ഏതൊരു ഹൃദയത്തെയും അലട്ടിക്കൊണ്ടിരിക്കും.

തങ്ങൾ അനാഥത്വത്തിലാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത ആ രണ്ടു കുഞ്ഞു മക്കൾ...

ലോകത്ത് പകരം വെക്കാനില്ലാത്ത അമ്മയുടെ ലാളനയും, സ്നേഹവാത്സല്യങ്ങളും ഇനി ഒരിക്കലും ലഭിക്കാൻ സാധിക്കാത്ത ആ കുരുന്നു മക്കൾ...

പക്ഷെ ഒന്നുറപ്പുണ്ട്. തീയ്യിൽ കരുത്തത് വെയിലത്ത് വാടില്ല. അനാഥത്വത്തിന്റെ ബാല്യങ്ങൾ പേറിയവരൊക്കെ കരുത്തരായി വളർന്നതാണ് ചരിത്രം. അത്തരം കരുത്തുറ്റൊരു ഭാവി ആ മക്കൾക്ക് ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ.

അബൂ അബ്ദുൽ മന്നാൻ.

Friday, May 18, 2018

മായാ ജലം!

മായാ ജലം!

മായാജാലം എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല എന്ന് കരുതുന്നു. എൽ.പി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു രൂപയോ മറ്റോ കൊടുത്ത് മായാജാലം കണ്ടവരാണ് നമ്മിൽ പലരും.

എന്നാൽ ഇവിടെ പറയുന്നത് ഒരു മായാ ജലത്തെ കുറിച്ചാണ്. ആഴിപ്പരപ്പിലെ ഉപ്പു വെള്ളത്തെ വളരെ ലളിതമായി ശുദ്ധീകരിച്ചുണ്ടാക്കുന്ന അത്ഭുത വെള്ളം, കുടിവെള്ളം.

അറബിക്കടലിന്റെ അനന്ത വിസ്‌മൃതിയിലെ ഒരു പച്ച തുരുത്തായ ലക്ഷദ്വീപിൽ ജനങ്ങൾക്ക് കുടിക്കുവാനായി വെള്ളം കണ്ടെത്തുന്നത് തീർത്തും ഉപ്പ് കലർന്ന കടൽ വെള്ളത്തിൽ നിന്നുമാണ്.



കടൽ വെള്ള ശുദ്ധീകണം എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ഒരു പാട് കെമിക്കൽസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള ഒരു പരിപാടിയെ കുറിച്ചാണ്.

എന്നാൽ കുടിവെള്ള ശുദ്ധീകരണ രംഗത്തെ തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചയാണ് കവരത്തി ദ്വീപിൽ കാണുവാൻ സാധിച്ചത്.

ലഗൂണിലെ ഉപരിതല ജലം ഒരു ഫ്‌ളാഷ് ചേമ്പറിലേക്ക് പമ്പ് ചെയ്യുമ്പോൾ രൂപപ്പെടുന്ന നീരാവിയെ മറ്റൊരു ചേമ്പറിലേക്ക് കടത്തി വിടുകയും അവിടെ വെച്ച് ആ നീരാവിയെ തണുപ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ തണുപ്പിക്കുമ്പോൾ കിട്ടുന്ന വെള്ളമാണ് കുടിവെള്ളം. വളരെ ലളിതമായ രീതി.

ഏതെങ്കിലും ഒരു അസംസ്‌കൃത വസ്തുവിന്റെ ഒരു ആവശ്യം ഇവിടെ വരുന്നില്ല. ബാക്കിവരുന്ന വെള്ളം കടലിലേക്ക് തന്നെ ഒഴുക്കുകയാണ് ചെയ്യുന്നത്. LTTD (Low Temperature Thermal Desalination) എന്നാണ് ഈ പ്രവർത്തനത്തെ വിളിക്കുന്നത്.



ആദ്യത്തെ ഫ്‌ളാഷ് ചേമ്പറിൽ നൂറു ലിറ്റർ വെള്ളം പമ്പ് ചെയ്യുമ്പോൾ ഒരു ലിറ്റർ വെള്ളത്തിനുള്ള നീരാവി ഉണ്ടാകുന്നു. ആ നീരാവിയെ രണ്ടാമത്തെ ചേമ്പറിൽ വെച്ച് തണുപ്പിക്കുന്നത് കടലിന്റെ ഏകദേശം 350 മീറ്റർ താഴ്ചയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിച്ചാണ്. 

കടലിന്റെ അടിയിലേക്ക് പോകുംതോറും വെള്ളത്തിന്ന് തണുപ്പ് കൂടും. 350 മീറ്റർ താഴ്ചയിലെ വെള്ളത്തിന്റെ താപം ഏകദേശം 23 ഡിഗ്രിയാണ്.

ഈ കുടിക്കുവാൻ പാകമായ ജലത്തിൽ ഉപ്പിന്റെ അംശം തീരെ ഉണ്ടാകില്ല എന്ന് മാത്രമല്ല ആ വെള്ളത്തിന്ന് നല്ല തണുപ്പും ഉണ്ടായിരിക്കും.

ഇങ്ങിനെ ഉൽപാദിപ്പിക്കുന്ന കുടിവെള്ളത്തിൽ ഉപ്പിന്റെകൂടെ, കാൽസ്യം പോലുള്ള, മനുഷ്യന്ന് ആവശ്യമുള്ള മിനറൽസും പോകും എന്നതാണ് ഈ വെള്ളത്തിന്റെ ഒരു പോരായ്മയായി പറയുന്നത്. എന്നാൽ കാൽസ്യം കൂടുതൽ അടങ്ങിയ ചൂരയും, ക്വിന്റൽ ചൂരയും പോലുള്ള മൽസ്യങ്ങൾ ദ്വീപിൽ സുലഭമായതിനാൽ കാൽസ്യത്തിന്റെ കുറവ് അതു വഴി പരിഹരിക്കപ്പെട്ടേക്കാം.

ശുദ്ധീകരണ തത്വങ്ങൾ ലളിതമാണെങ്കിലും കടലിന്റെ ആഴിയിൽ നിന്നും വെള്ളം പമ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന മെഷിനറീസും മറ്റും അൽപ്പം കോംപ്ലക്സ് ആണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.


മുഹമ്മദ് നിസാമുദ്ധീൻ

ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടുക

​​ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടുക

ദാരിദ്ര്യം മനുഷ്യനെ പല തിന്മകളിലേക്കും എത്തിക്കും എന്നുള്ളത് ഒരു യാഥാർഥ്യമാണ്.

ഈ അടുത്തു നടന്ന തീയേറ്റർ പീഡനത്തിന്റെ അടിസ്ഥാന കാരണം ദാരിദ്ര്യമാണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ​
നബി (സ) പറഞ്ഞു തന്ന ഗുഹയിൽ അകപ്പെട്ട മൂന്നാളുടെ സംഭ​വം ഓർക്കുമല്ലോ. അതിൽ ഒരാൾ മറ്റൊരാളെ ചൂഷണം ചെയ്യുവാൻ ​തുനിഞ്ഞതിന്റെ കാരണം സാമ്പത്തിക പ്രയാസം ആയിരുന്നല്ലോ.  

​ഇവിടെയാണ് നബി(സ) രാവിലെയും വൈകീട്ടും മൂന്ന് പ്രാവശ്യം പ്രാർത്ഥിക്കുവാൻ പറഞ്ഞ പ്രാർത്ഥനയുടെ പ്രസക്തി കടന്നു വരുന്നത്.

​ഇമാം ബുഖാരി അദബുൽ മുഫ്രദിലും, ഇമാം അഹ്മദും,  ഇമാം ​അബൂ ദാവൂ​ദും ഇമാം നസാഈയും ഹസനായ സനദോടെ ഉദ്ധരിച്ച ഹദീസിൽ ഈ പ്രാർത്ഥന കാണാം.

​ ​ ​اللهم عافني في بدني، اللهم عافني في سمعي، اللهم عافني في بصري لا إله إلا أنت، اللهم إني أعوذ بك من الكفر والفقر،  ​وأعوذ بك  من عذاب القبر لا إله إلا أنت ​ ​


"അല്ലാഹുമ്മ ആഫിനീ ഫീ ബദനീ. അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ ലാ ഇലാഹ ഇല്ലാ അൻത്ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ കുഫ്‌രി വൽ ഫഖ്‌ർ. വ അഊദുബിക  മിൻ അദാബിൽ ഖബ്ർ,  ലാ ഇലാഹ ഇല്ലാ അൻത്ത ".

അർത്ഥം: "​അല്ലാഹുവേ എന്റെ ശരീരത്തിൽ നീ സൗഖ്യം പ്രദാനം ചെയ്യേണമേ,​ അല്ലാഹുവേ എന്റെ കേൾവിയിൽ  നീ സൗഖ്യം പ്രദാനം ചെയ്യേണമേ, അല്ലാഹുവേ എന്റെ കാഴ്ച്ചയിൽ  നീ സൗഖ്യം പ്രദാനം ചെയ്യേണമേ. നീ അല്ലാതെ ആരാധനക്കർഹനായി ഒരാളും ഇല്ല. അല്ലാഹുവേ, സത്യ നിഷേധത്തെ തൊട്ടും, ദാരിദ്ര്യത്തെ തൊട്ടും ഞാൻ നിന്നിൽ ശരണം തേടുന്നു,  ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു.  നീ അല്ലാതെ ആരാധനക്കർഹനായി ഒരാളും ഇല്ല."

അബൂ അബ്ദുൽ മന്നാൻ 

Saturday, April 28, 2018

ബന്ധങ്ങൾ പൂത്തുലയട്ടെ

ബന്ധങ്ങൾ പൂത്തുലയട്ടെ

കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പ് കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള തീവണ്ടിയിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ വളരെ ഹൃദ്യമായ ഒരു അനുഭവമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ കാരണം.

തലപ്പാവും താടിയുമൊക്കെയുള്ള ഒരാളായിരുന്നു എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നത്.  ഞാൻ സലാം പറഞ്ഞു. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടി അദ്ദേഹം സലാം മടക്കി. അങ്ങിനെ പരസ്പരം പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം ആരാണെന്ന് മനസ്സിലായത്.

സുന്നീ കേരളത്തിലെ പ്രമുഖനായ പണ്ഡിതനും വാഗ്മിയുമാണ് അദ്ദേഹം. യൂറ്റൂബിലും മറ്റും ലക്ഷങ്ങളുടെ വ്യൂവർഷിപ്പുള്ള പണ്ഡിതൻ.  ഇന്നും ഇന്നലകളിലുമായി സുന്നീ സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്ന പല പ്രമുഖ പ്രഭാഷകന്മാരുടെയും ഗുരുവര്യൻ.

എന്നാൽ ഇപ്പറഞ്ഞ യോഗ്യതകളുടെ ഒരു തലയെടുപ്പോ ഭാവമോ ഒന്നും തന്നെ അദ്ദേഹത്തിന്റെ സംസാരത്തിലോ ശരീര ഭാഷയിലോ എനിക്ക് കാണാനായില്ല. വളരെ വിനയത്തോടും സ്നേഹത്തോടുമുള്ള അദ്ദേഹത്തിന്റെ സംസാരം എനിക്ക് വല്ലാത്ത ഇഷ്ടമായി.

ചെറുതല്ലാത്ത എന്റെ താടി കണ്ടിട്ടായിരിക്കണം, സംസാരത്തിന്റെ ഇടക്ക് അദ്ദേഹം എന്നോട് ചോദിച്ചു. "സലഫി ആണല്ലേ". ചിരിച്ചുകൊണ്ട് അതെ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ സംസാരം തുടർന്നു.

വളരെ കാലികമായ വിഷയത്തിൽ അദ്ദേഹം ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എനിക്ക് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. അതോടൊപ്പം തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വലിയ ഒരു കാർ മേഘം അദ്ദേഹം നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മോൻ ഖബറിങ്ങൽ പോയാൽ സിയാറത്ത് നിയ്യത്ത് വെച്ചാൽ മതി. ചോദിക്കേണ്ടത് അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ മതി.

ആദർശപരമായി വ്യത്യസ്ത തലങ്ങളിലുള്ള ജനങ്ങളെ, ഒരു ഗുണകാംക്ഷയും ഇല്ലാതെ അത്യന്തം വിമർശിച്ചുകൊണ്ട് അന്യാതീനപ്പെടുത്തുന്ന ശൈലികൾ ഒഴിവാക്കുന്നത് നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് ശരിയാണെന്നു പറഞ്ഞു.

അങ്ങിനെ എനിക്കെത്തേണ്ട സ്ഥലമായപ്പോൾ, കമ്പാർട്മെന്റിലെ ജനബാഹുല്യം വകവെക്കാതെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും  പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് സലാം പറഞ്ഞു പിരിഞ്ഞു.

വിഭിന്നങ്ങളായ ആദർശ നിലപാടുകളിൽ നാം ഉറച്ചു തന്നെ നിൽക്കുമ്പോഴും, അല്ലാഹു എന്ന ഒരൊറ്റ ആളുടെ പേരിൽ, പരസ്പര സാഹോദര്യം മുറുകെപ്പിടിച്ച്, പരസ്പരം ഗുണകാംഷികളായി വർത്തിക്കാൻ സാദാരണക്കാർക്കും പണ്ഡിതന്മാർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Sunday, April 22, 2018

അവർക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ ചെയ്യലാകുന്നു

അവർക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യലാകുന്നു

വർഷം രണ്ടായിരത്തി പന്ത്രണ്ടിൽ ഡൽഹിയിൽ ഒരു പെൺകുട്ടി ഓടുന്ന ബസ്സിൽ വെച്ച് അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, എറണാകുളം ഷൊർണൂർ ട്രെയിനിൽ വെച്ച് മറ്റൊരു സഹോദരി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും, ഇന്നിതാ ജമ്മു കാശ്മീർ താഴ്‌വരയിൽ എട്ടു വയസ്സുകാരി അതി നിഷ്ടൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ മനുഷ്യത്വത്തിന്റെ കണികകൾ അവശേഷിക്കുന്നവർ നടപ്പാക്കണം എന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട ഒരു ശിക്ഷാ നടപടിയാണ് കുറ്റവാളികൾക്ക് തൂക്ക് കയർ വിധിക്കണം എന്നുള്ളത്.

അങ്ങ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റ് മുതൽ ഇങ്ങു കേരളത്തിൽ വരെ, രാജ്യത്തിന്റെ നാനാ തുറകളിലുള്ള ആളുകൾ ഇത്തരം ശിക്ഷ വളരെ പരസ്യമായി ആവശ്യപ്പെട്ടത് കണ്ടവരാണ് നമ്മൾ.

ഈ ഒരു സന്ദര്ഭത്തിലാണ് പരിശുദ്ധ ഖുർആൻ വളരെ കൃത്യമായി മുന്നോട്ട് വെക്കുന്ന ശിക്ഷാ നടപടി കടന്നു വരുന്നത്.

"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും." - ഖുർആൻ 5:33.

പലപ്പോഴും നിരപരാധികളായ ആളുകളെ വകവരുത്തുവാൻ ഖുർആൻനിതാ പറയുന്നു എന്ന് കാണിച്ചുകൊണ്ട് തൽപര കക്ഷികൾ ഈ വചനത്തെ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്തു കൊണ്ട് കുപ്രചരണം നടത്താറുണ്ട് എന്നത് സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

ഭൂമിയിൽ മനുഷ്യന്റെ സമാധാന പൂർണ്ണമായ ജീവിതത്തിന്ന് കരുതിക്കൂട്ടി തടസ്സം നിൽക്കുകയും, കൊള്ളയും, കൊള്ളിവെപ്പും, കലാപവും, കൊലപാതകങ്ങളും തുടങ്ങിയ നിഷ്ടൂര കൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്ക് ഇസ്ലാമിക ശിക്ഷാവിധികൾ നിലനിൽക്കുന്ന രാജ്യത്തിലെ ന്യായാധിപന്ന് വിധിക്കാവുന്ന ഏറ്റവും കൂടിയ ശിക്ഷാവിധികളാണ് ഈ വചനത്തിൽ പറയുന്നത്. ഇവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ എന്ന വ്യതാസം ഇല്ല. കുറ്റവാളി ആണോ അല്ലെ എന്നതാണ് മാനദണ്ഡം.

ജൂതന്മാരും, ക്രിസ്ത്യാനികളും, അഗ്നി ആരാധകരും, വിഗ്രഹാരാധകരും മുസ്ലിം സമൂഹങ്ങളും ഒരുമിച്ച് താമസിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ മദീന പട്ടണത്തിന്റെ ഭരണാധിപനായും ന്യായാധിപനായും മുഹമ്മദ് നബി(സ) അധികാരമേറ്റെടുത്തപ്പോൾ ക്രമാസമാധാന രംഗത്ത് പല ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു.

അത്തരമൊരു സന്ദർഭത്തിലാണ് തുല്യ നീതിയും, അർഹിക്കുന്ന ശിക്ഷകളുമൊക്കെ പരാമർശിക്കുന്ന ഈ ഖുർആനിക വചനം അവതരിക്കുന്നത്.

അറേബ്യയിലെ ഒരു ഗോത്രത്തിൽ നിന്നും ചില ആളുകൾ മദീനയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് നബി(സ)യുടെ അടുത്ത് വരികയും അവരുടെ രോഗ ചികിത്സക്ക് വേണ്ടി ഒട്ടക കൂട്ടങ്ങളെയും അതിന്റെ ഇടയനെയും വിട്ടുതരണം എന്ന് ആവശ്യപ്പെടുകയുണ്ടായി. അങ്ങിനെ അവർക്കത് വിട്ടുകൊടുക്കുകയും, അവരുടെ രോഗം മാറിയ ശേഷം ഇടയനെ കൊന്നുകളയുകയും, ഒട്ടക കൂട്ടങ്ങളുമായി അവർ കടന്നു കളയുകയും ചെയ്തു.

ഇത്തരം ഒരു സന്ദര്ഭത്തിലാണ് ഈ ഖുർആനിക വചനം അവതരിക്കുന്നത്. അങ്ങിനെ വിവരം അറിഞ്ഞ പ്രവാചകൻ ഈ സംഘത്തെ പിടികൂടുകയും വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

കുറ്റവാളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷയും, അതോടൊപ്പം തന്നെ ജീവിച്ചിരിക്കുന്നവരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന ശിക്ഷാ വിധികളുടെ കാതൽ.

പരിശുദ്ധ ഖുർആനിന്റെ പ്രാമാണിക വ്യഖ്യാതാക്കളിൽ പ്രമുഖനായ 
ഇമാം ഇബ്നു ജരീർ ത്വബരി(റഹി) സൂചിപ്പിച്ച കുറ്റകൃത്യങ്ങളിൽ ചിലതാണ് താഴെ കൊടുത്തത്.

വ്യഭിചാരം,
കളവ് ,
കൊലപാതകം,
വിളകളും കൃഷികളും നശിപ്പിക്കൽ,
കൊള്ള നടത്തൽ,
അന്യന്റെ മുതൽ അപഹരിക്കൽ.

ഇത്തരം കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്കാണ് ജന ജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താലുമായി ബന്ധമുള്ള ഒരു കുറ്റകൃത്യം കൂടി കടന്നു വരുന്നത്.

"قطع الطريق وإخافة السبيل"

അഥവാ പൊതുവഴികളിൽ തടസ്സം സൃഷ്ടിക്കുകയും, ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന്ന് ഭയപ്പാടുണ്ടാക്കുക എന്നതും. വളരെ ഗൗരവത്തിലാണ് ഇസ്‌ലാം ഈ കുറ്റ കൃത്യത്തെ കാണുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്നിന്റെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ് ഈ കുറ്റ കൃത്യം. ഹർത്താൽ നടത്തി ജന ജീവിതം ദുസ്സഹമാക്കുകയും, ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുകയും, അന്യന്റെ മുതൽ കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥായാണല്ലോ ഇന്നുള്ളത്.

ഇത്തരുണത്തിൽ ജനങ്ങളുടെ വഴിമുടക്കുകയും പൊതുവഴികളിൽ ഭീതി സൃഷ്ടിക്കുന്നവരും ഇസ്‌ലാമിക ശിക്ഷാ നടപടികൾ നിലനിൽക്കുന്ന രാജ്യത്ത് ആണെങ്കിൽ, ഈ വചനത്തിൽ പറഞ്ഞ ശിക്ഷാ വിധികൾക്ക് അർഹരായേക്കാം.

എന്തെങ്കിലുമൊക്കെ കുറ്റ കൃത്യം ചെയ്യുമ്പോഴേക്കും ഈ ശിക്ഷാ വിധികൾ നടപ്പിലാക്കലാണ് എന്ന് ഒരിക്കലും മനസ്സിലാക്കരുത്. അതോടൊപ്പം തന്നെ ശിക്ഷ നടപ്പാക്കൽ ഏതെങ്കിലും ഒരു കൂട്ടം ജനങ്ങളാണ് എന്നും മനസ്സിലാക്കരുത്.

മറിച്ച്, ഉത്തരവാദിത്തപ്പെട്ട ഒരു ന്യായാധിപൻ, കൃത്യമായ അന്വേഷണങ്ങൾക്കൊടുവിൽ, കുറ്റകൃത്യം തെളിഞ്ഞതിന്ന് ശേഷം, അതിന്റെ തോതും, ആ കുറ്റക്രിത്യം കൊണ്ടുണ്ടായ നാശനഷ്ടങ്ങളും ഒക്കെ കണക്കിലെടുത്തുകൊണ്ടാണ് ശിക്ഷ വിധിക്കുക എന്ന് വേണം മനസ്സിലാക്കുവാൻ.

ജനങ്ങളുടെ സുരക്ഷയും, ഭയപ്പാടില്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും തുല്യ നീതിയുമൊക്കെ നടപ്പാക്കുവാൻ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ശിക്ഷാ വിധികളുടെ സമകാലീനമായ പ്രയോഗികതയും അതുമൂലമുണ്ടാകുന്ന വളരെ ഉയർന്ന ക്രമസമാധാനത്തെയും കുറിച്ചൊക്കെ പൊതുജനങ്ങളും വിശിഷ്യാ നിയമ വൃത്തങ്ങളിൽ ഉള്ളവരുമൊക്കെ പഠിക്കേണ്ട സമയമാണ് ഇത് എന്നാണ് അഭിപ്രായം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Monday, February 19, 2018

അല്ലാഹുവിന്‍റെ ഖുർആനിൽ കാണുന്നില്ലല്ലോ?!

അല്ലാഹുവിന്‍റെ ഖുർആനിൽ കാണുന്നില്ലല്ലോ?!

ഈ ഒരു ചോദ്യത്തിന്ന് മുഹമ്മദ് നബി (സ)യുടെ സ്വഹാബികളുടെ  കാലത്തോളം പഴക്കമുണ്ട്; ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പുതുമയും ഉണ്ട്.

ഇസ്‌ലാമിലെ ഒരു വിഷയത്തെ കുറിച്ച് അത് ഖുർആനിൽ ഉണ്ടെങ്കിൽ മാത്രം എടുക്കുകയും അതേ സമയം പരിശുദ്ധ ഖുർആനിനെ ജീവിച്ചു കാണിച്ചു തന്ന, സ്ഥിരപ്പെട്ട ഹദീസുകളിൽ വന്ന തിരു ചര്യകളെ വേണ്ടത്ര ശ്രദ്ധിക്കാതെയും, ഒരു വേള സൗകര്യപൂർവ്വം അവഗണിച്ചുകൊണ്ടും കാര്യങ്ങളെ സമീപിക്കുന്ന സഹോദരങ്ങൾ ബുദ്ധികൊടുത്ത് വിലയിരുത്തേണ്ട ഒരു സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

മുഹമ്മദ് നബി(സ) യെ കണ്ടും കേട്ടും ജീവിച്ച മഹാനായ സ്വഹാബി വര്യൻ ഇബ്നു ഉമർ (റ)നോടാണ് ആ ചോദ്യം ചോദിച്ചത്. ഭയപ്പാടിന്റെ നിസ്‌കാരത്തെ പ്രതിപാദിക്കുന്ന പരിശുദ്ധ ഖുർആൻ വചനം 4:101 ചർച്ച ചെയ്യുന്നിടത്തും മറ്റുമാണ് ഇത്തരമൊരു ചോദ്യത്തെ പണ്ഡിതന്മാർ ഉദ്ധരിക്കുന്നത്.

حدثني يحيى عن مالك عن ابن شهاب عن رجل من آل خالد بن أسيد أنه سأل عبد الله بن عمر فقال يا أبا عبد الرحمن إنا نجد صلاة الخوف وصلاة الحضر في القرآن ولا نجد صلاة السفر فقال ابن عمر يا ابن أخي إن الله عز وجل بعث إلينا محمدا صلى الله عليه وسلم ولا نعلم شيئا فإنما نفعل كما رأيناه يفعل   -  موطأ الإمام مالك  

"അല്ലയോ അബ്ദുറഹ്മാനിന്റെ പിതാവേ - യുദ്ധത്തിന്റെ വേളയിലുള്ള നിസ്‌കാരത്തെ കുറിച്ചും ഭയപ്പാടിന്റെ വേളയിലുള്ള നിസ്‌കാരത്തെ കുറിച്ചും നമ്മൾ ഖുർആനിൽ കാണുന്നു. എന്നാൽ യാത്രയിലുള്ള നിസ്കാരത്തെ കുറിച്ച്‌ (ഖുർആനിൽ) കാണുന്നുമില്ല."

ഭയപ്പാടിന്റെയും യുദ്ധത്തിന്റെയും അവസരത്തിലുള്ള ചുരുക്കി  നിസ്‌കാരത്തെ കുറിച്ച് പരിശുദ്ധ ഖുർആനിൽ കാണുമ്പോൾ, യാത്രാ വേളയിലുള്ള ചുരുക്കി നിസ്‌കാരം ഖുർആനിൽ കാണുന്നില്ല. ഈ ഒരു സന്ദർഭത്തിലാണ് ഖുർആനിൽ കാണിന്നില്ല എന്ന ചോദ്യം വന്നത്.

ഈ ചോദ്യത്തിന്ന് ഇബ്‌നു ഉമർ (റ) കൊടുക്കുന്ന മറുപടിയിലാണ് വിഷയത്തിന്റെ മർമ്മം.

"അപ്പോൾ ഇബ്‌നു ഉമർ (റ) പറഞ്ഞു - ഓ സഹോദര പുത്രാ, പ്രതാപവാനും മഹത്വമുള്ളവനുമായ അല്ലാഹു മുഹമ്മദ് നബി(സ)യെ അയച്ചപ്പോൾ നമുക്ക് ഒന്നും അറിവില്ലായിരുന്നു. തീർച്ചയായും അദ്ദേഹം എന്തൊന്ന് പ്രവൃത്തിക്കുന്നതായി നമ്മൾ കണ്ടുവോ അത് നമ്മൾ പ്രവൃത്തിക്കുന്നു."

യാത്രാ വേളയിലുള്ള ചുരുക്കി നിസ്‌കാരം യഥാർത്ഥത്തിൽ വന്നത് പരിശുദ്ധ ഖുർആനിന്റെ ജീവിത മാതൃകയായ തിരു സുന്നത്തിലൂടെ മാത്രമാണ്.

അപ്പോൾ, ഖുർആനിന്റെ കൂടെ ആ ഖുർആനിനെ ജീവിച്ചു ജീവിച്ചു കാണിച്ചു തന്ന മുഹമ്മദ് നബി(സ)യുടെ ചര്യകൂടി നോക്കാതെ ഒരു സംഗതി ഖുർആനിൽ ഉണ്ടെങ്കിൽ എടുക്കാം അല്ലെങ്കിൽ സ്വന്തം സൗകര്യപ്രകാരവും മറ്റും അതിനെ മാറ്റിവെക്കുന്നവർക്ക് ഇബ്‌നു ഉമർ (റ)ന്റെ മറുപടിയിൽ യഥാർത്ഥ മാതൃകയുണ്ട്‌.

വളരെ സുപ്രധാനമായ കാര്യം എന്തെന്നാൽ പരിശുദ്ധ ഖുർആനും തിരു സുന്നത്തും ഒരിക്കലും വേർപിരിയാതെ, അത് രണ്ടും എത്രത്തോളം അഭേദ്യമാണ് എന്ന വസ്‌തുതയും ഈ ഒരു സംഭവവും അതുപോലുള്ളതും കൃത്യമായി വിരൽ ചൂണ്ടുന്നുണ്ട്.  

കാര്യങ്ങൾ അങ്ങനെയാകുമ്പോൾ,  ലോകാവസാനം വരെയുള്ള ജനതതിക്ക് വേണ്ടി അല്ലാഹുവാൽ സംരക്ഷിക്കപ്പെട്ട ഇസ്‌ലാം അന്നും ഇന്നും എന്നും അതിന്റെ പൂർണ്ണ രൂപത്തിൽ നിലനിൽക്കുന്നത് പരിശുദ്ധ ഖുർആനിനാലും, ആ പരിശുദ്ധ ഖുർആനിനെ ജീവിച്ചു ഉത്തമ മാതൃക സൃഷ്ടിച്ച തിരു നബി(സ)യുടെ ചര്യയാലും, ആ ചര്യയെ സ്വഹാബത്ത് (റ) അനുധാവനം ചെയ്‌ത രീതിയിലുമാണ് എന്നും നമുക്ക് മനസ്സിലാകും.

യുക്തിയുടെയോ മറ്റെന്തെങ്കിലും ഭൗതികതയുടെയോ അളവുകോലുകൾ വെച്ചല്ല മഹാനായ സ്വഹാബി ഇബ്‌നു ഉമർ (റ)  ഖുർആനിൽ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന്ന് മറുപടി പറഞ്ഞത്. പകരം, അല്ലാഹുവിന്റെ തിരു ദൂതർ എപ്രകാരം പ്രവൃത്തിച്ചോ അത് അതേപടി സ്വീകരിക്കുക എന്നതാണ് അടിസ്ഥാന തത്വമായി അദ്ദേഹം പറഞ്ഞത്. അത്തരമൊരു നിലപാട് സ്വീകരിച്ച സ്വഹാബത്തിന്റെ നിലപാടാണ് ശരി എന്നാണ് അല്ലാഹു തന്നെ പറയുന്നത്.

"നിങ്ങള്‍ ഈ വിശ്വസിച്ചത്‌ പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിലോ അവരുടെ നിലപാട്‌ കക്ഷിമാത്സര്യം മാത്രമാകുന്നു." - ഖുർആൻ 2:137. 

അതെ, സ്വാഹാബാത്താകുന്ന നിങ്ങൾ വിശ്വസിച്ചപോലെ അവരും വിശ്വിസിച്ചാൽ അവർ നേർമാർഗത്തിലായി. അല്ല എങ്കിൽ കക്ഷതിത്വത്തിന്റെ പടുകുഴിയിലാണ് അവർ ചെന്നെത്തുക എന്നതാണ് സാരം. 

അപ്പോൾ ഖുർആൻ ഈ ലോകത്ത് നിലനിൽക്കണം എന്നുണ്ടെങ്കിൽ അതിന്റെ കൂടെ ആ ഖുർആനിന്റെ ഏറ്റവും ഉത്തമമായ മാതൃക കൂടി  അന്യൂനമായി നിലനിൽക്കണം എന്നത് അത്യന്താപേക്ഷിതമാണ്. അല്ല എന്നാണെങ്കിൽ, മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട സുന്നത്തിൽ മാത്രം കാണുന്ന യാത്രയിലുള്ള ചുരുക്കി നിസ്കാരം പോലെയുള്ള ഒരുപാട് വിഷയങ്ങൾ തോന്നുന്നവർ തോന്നുന്ന പോലെ സ്വീകരിക്കുകയും തോന്നുന്നവർ തോന്നുന്ന പോലെ തള്ളിക്കളയുകയും ചെയ്യും ​و​​الله المستعان
  
അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Sunday, January 28, 2018

ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ; ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ

ഇതര ജീവികളില്‍ നിന്നും മനുഷ്യന്‍ എന്ന ജീവി വര്‍ഗത്തെ ഏറ്റവും വ്യതിരിക്തനാക്കുന്നത് ചിന്തിക്കുവാനും അതിനനുസരിച്ച് തിരെഞ്ഞെടുക്കുവാനുമുള്ള അവന്റെ കഴിവും സ്വാതന്ത്ര്യവും ആണല്ലോ.

വൈവിധ്യങ്ങളായ ഭൌതിക പ്രത്യയ ശാസ്ത്രങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ തരം മതങ്ങളും നിലനിൽക്കുന്ന ലോകമാണല്ലോ ഇത്. വ്യത്യസ്ത ആശയക്കാർ തമ്മിലുള്ള സംവാദങ്ങളും മറ്റുമൊക്കെ പലപ്പോഴും ബഹളങ്ങളിലും കോലാഹലങ്ങളിലും, ഒരുപാട് നീണ്ടുനിൽക്കുന്ന തർക്ക-വിതർക്കങ്ങളിലുമൊക്കെയാണ് അവസാനിക്കാറുള്ളത്.

ഇത്തരമൊരു സന്ദർഭത്തിലാണ് പൂര്‍വ്വ വേദങ്ങളെ മുഴുവനും അവയുടെ യാഥാര്‍ത്ഥ രൂപത്തില്‍ അംഗീകരിച്ചുകൊണ്ടും ലോകത്തെ സര്‍വ്വ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമാണെന്നും പ്രഖ്യാപിച്ചുകൊണ്ടുമുള്ള പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലുള്ള നിലപാട് വളരെ പ്രസക്തമാകുന്നത്.

മതത്തിൽ നിർബന്ധം ചെലുത്തലേ ഇല്ല. ഖുർആൻ 2:256.

ഇഷ്ട്ടമുള്ളവർ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. ഖുർആൻ 18:29.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും. ഖുർആൻ 109:6

പരിശുദ്ധ ഖുർആനിൽ മൂന്ന് വ്യത്യസ്ത  സ്ഥലങ്ങളിൽ പറഞ്ഞ സ്പഷ്ടമായ മൂന്ന് കൽപ്പനകളാണ് മുകളിൽ.

താൻ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ആദർശത്തെ ഒരിക്കലും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാനോ, നിർബന്ധം ചെലുത്തുവാനോ പാടില്ല എന്ന് വളരെ സ്പഷ്ടമായാണ് പറഞ്ഞിരിക്കുന്നത്.

വൈജ്ഞാനികവും, ധൈഷണികവുമായ സംവാദങ്ങൾ ആകാം. ശരിയെന്ന് തോന്നുന്നുവെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ  തള്ളിക്കളയാം.

വൈജ്ഞാനികമായ ഒരു സംവാദമോ ചർച്ചയോ ഒക്കെ ഉണ്ടായാൽ അതിൽ  തർക്കിച്ചു-തർക്കിച്ചു നിൽക്കാതെ അവസാനം പറയേണ്ട വാക്കും അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഖുർആൻ പറഞ്ഞു തന്നു "നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും".

എന്റെ മതം മാത്രമേ ഇവിടെ നിലനിൽക്കാവൂ എന്നല്ല പറഞ്ഞത്. മറിച്ച്, നിങ്ങൾക്ക് നിങ്ങളുടെ മതവുമായി മുന്നോട്ട് പോകാം; എനിക്ക് എന്റെ മതവുമായും.

നിർബന്ധം ചെലുത്തരുത് 

പരിശുദ്ധ ഖുർആനിനെ കുറിച്ച് ഒരൽപം അടിസ്ഥാന ബോധമുള്ളവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് അതിലേക് ആരെയെങ്കിലും എന്തെങ്കിലും നിർബന്ധം ചെലുത്തി കൊണ്ടുവരുവാൻ ഒരിക്കലും പാടില്ല എന്നുള്ളത്.

"മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ. ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു." - ഖുര്‍ആന്‍ 2:256.

മുഹമ്മദ്‌ നബി(സ)യുടെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ വ്യതസ്ത്യ സമയങ്ങളിലായി അവതരിച്ച ഖുര്‍ആനിലെ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം വളരെ പ്രസക്തമാണ്.

"മദീനക്കാരായ അന്‍സ്വാരികളില്‍പെട്ട ചിലര്‍ക്ക് യഹൂദമതമോ ക്രിസ്തീയ മതമോ സ്വീകരിച്ച മക്കളുണ്ടായിരുന്നു. മുസ്‌ലിംകളായ ആ പിതാക്കള്‍ അവരെ തടയുകയും ഇസ്‌ലാം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്." - അമാനി മൌലവി, ഖുര്‍ആന്‍ 2:256.

മദീന പട്ടണത്തില്‍ നിന്നും ഇസ്ലാം സ്വീകരിച്ച ചില ആളുകള്‍ക്ക് യഹൂദ-ക്രിസ്തീയ മതങ്ങള്‍ സ്വീകരിച്ച മക്കള്‍ ഉണ്ടായിരുന്നു. ആ മക്കളെ ഇസ്ലാം സ്വീകരിക്കുവാന്‍ വേണ്ടി ഇസ്ലാം സ്വീകരിച്ച അവരുടെ പിതാക്കള്‍ നിർബന്ധം ചെലുത്തി. എന്നാല്‍ അങ്ങിനെയൊരു നിര്‍ബന്ധം പാടില്ല എന്ന മഹത്വമേറിയ നിലപാട് തുറന്ന് പ്രഖ്യാപിക്കുകയാണ് പരിശുദ്ധ ഖുര്‍ആന്‍ ഈ വചനത്തിലൂടെ ചെയ്യുന്നത്.

"മതം കേവലം ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല; വിശ്വാസമാണ് അതിന്‍റെ അടിസ്ഥാനം. നിര്‍ബന്ധവും ശക്തിയും ഉപയോഗിച്ച് വിശ്വാസം മാറ്റുവാനും ഉണ്ടാക്കുവാനും സാധ്യമല്ല." - അമാനി മൌലവി, ഖുര്‍ആന്‍ 2:256.

പരിശുദ്ധ ഖുര്‍ആനിന്റെ നിലപാട് ഇവിടെ വളരെ ഉന്നതമാണ്. വിശ്വാസമാണ് മതത്തിന്റെ അടിസ്ഥാനം എന്നിരിക്കെ അതിലേക്ക് ഏതെങ്കിലും ഒരാളെ എന്തെങ്കിലും നിര്‍ബന്ധം ചെലുത്തിയോ അല്ലെങ്കില്‍ എന്തെങ്കിലും പ്രലോഭനങ്ങള്‍ നല്‍കിയോ കൊണ്ടുവരുന്നത് തീര്‍ത്തും നിരര്‍ത്ഥകമാണ്.

സന്മാർഗം ഇന്നതാണെന്നും ദുർമാർഗം ഇന്നതാണെന്നും പരിശുദ്ധ ഖുർആൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുള്ള മനുഷ്യ ബുദ്ധിയുടെ മുന്നിൽ ആ സന്മാർഗ്ഗ പാത വളരെ തെളിമയോടെ സമർപ്പിക്കുകയാണ് പരിശുദ്ധ ഖുർആൻ ചെയ്യുന്നത്. അതിൽ ഒരാളെയും നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യേണ്ട ഒരു കാര്യവും ഇല്ല, ആവശ്യവും ഇല്ല.

ഇഷ്ട്ടമുള്ളവർ വിശ്വസിക്കട്ടെ; ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ

"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." ഖുര്‍ആന്‍ 18:29.

ഖുർആൻ വീണ്ടും പറയുന്നു. സത്യം ഇന്നതാണെന്നും അസത്യം ഇന്നതാണെന്നും വ്യക്തമാക്കുക എന്നതാണ് ഖുർആനിന്റെ ശൈലി. അത് പഠിച്ചും, മനസ്സിലാക്കിയും വേണമെങ്കിൽ സ്വീകരിക്കാനും അല്ലെങ്കിൽ സ്വീകരിക്കാതിരിക്കുവാനുമുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഖുർആൻ നൽകുന്നു എന്നതുമൊക്കെയാണ് യാഥാർഥ്യം.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം; എനിക്ക്‌ എന്‍റെ മതവും

"മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക. നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റെതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും, ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും ഭാഗഭാക്കാകുമല്ലോ.- അമാനി മൌലവി, ഖുര്‍ആന്‍ 109:6.

മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകൾ മുഹമ്മദ് നബി(സ)യുടെ മുൻപിൽ സമർപ്പിച്ച ഒരു നീക്കുപോക്ക് നിർദേശമാണ് മുകളിൽ. ഇത്തരം ഒരു നീക്കുപോക്കിനുള്ള മറുപടിയായിക്കൊണ്ടാണ് പരിശുദ്ധ ഖുര്ആനിലെ  അദ്ധ്യായം  109 അവതരിക്കുന്നത്.

"(ബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും." - ഖുർആൻ 109. 

ഏകനായ ആരാധ്യനെ വിട്ട് വ്യത്യസ്തങ്ങളായ ആരാധ്യന്മാരെ സ്വീകരിക്കുക എന്നത് ഒരിക്കലും യോജിക്കുവാൻ പറ്റില്ല എന്നായിരുന്നു മുഹമ്മദ് നബി (സ) അവരോട് പറഞ്ഞത്. 

അതേസമയം ഭൗതികമായ പരസ്പര സഹായങ്ങളിലും, ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങളിലും, കാര്യങ്ങളിലും എല്ലാം തന്നെ പരസ്പരം സഹകരിച്ചും ഇടപെട്ടും മുന്നോട്ട് പോകുകയും  ചെയ്‌ത വളരെ ഉന്നതമായ ഒരു നിലപാടായിരുന്നു പ്രവാചകൻ മുഹമ്മദ് നബി(സ) ജീവിച്ചു കാണിച്ച  പരിശുദ്ധ ഖുർആനിന്റെ  മാതൃക.

പ്രിയ സഹോദരങ്ങളെ, വ്യത്യസ്ത മതങ്ങളിലും, ആചാരങ്ങളിലും, ആശയങ്ങളിലും ഒക്കെ വിശ്വസിച്ചുകൊണ്ട് തന്നെ നമുക്ക്  ഒന്നിച്ചു ജീവിക്കാം, പരസ്പരം സഹായിക്കാം, പരസ്പരം സഹകരിക്കാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.