Sunday, December 14, 2014

തൗഹീദും ശിർക്കും - ഭാഗം - 10

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള, സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത, തൗഹീദിന്റെ നേരെ വിപരീദമായ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവോ, ഒരു പ്രവർത്തനമോ - മനുഷ്യൻ, മലക്ക്, ജിന്ന് എന്ന് തുടങ്ങിയ കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒരു സൃഷ്ടിക്ക് ഉണ്ടെന്ന് പറഞ്ഞവൻ കാഫിർ അഥവാ സത്യനിഷേധി/അവിശ്വാസി ആയിത്തീർന്നു എന്നാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

നിസ്കാരം ഉപേക്ഷിച്ചവനിൽ സംഭവിച്ച കുഫ്ർ ചർച്ച ചെയ്യുന്നിടത്ത്, ഇസ്ലമിൽനിന്നും പുറത്തുപോകുന്ന കുഫ്ർ ആണോ അതല്ല ഇസ്ലാമിന്റെ അകത്ത്തന്നെ നിൽകുന്ന കുഫ്ർ ആണോ എന്നൊക്കെ ഇമാം നവവി(റഹി)യെ പോലെയുള്ള പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്. 

എന്നാൽ അല്ലാഹു മൂവരിൽ ഒരാളെന്ന് വാദിച്ചുകൊണ്ട്‌, മഹാനായ ഈസ നബി(അ)യുടെ മില്ലത്തിൽ നിന്നും അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ എങ്ങിനെ പുറത്തുപോയോ, അതേ രൂപത്തിൽ തന്നെയാണ് - ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ്, ജിന്നിന്നും മലക്കിന്നും ഒക്കെ ഉള്ളത് എന്ന് വാദിച്ചവർ മുഹമ്മദ്‌ നബി(സ) യുടെ മില്ലത്തിൽ നിന്നും പുറത്തുപോയത്.

അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ, ആ മതത്തിൽപെട്ട ഒരു സഹോദരൻ അതിന്റെ ഗൌരവം അറിയാതെയാണ് ആ വാദം ഉന്നയിക്കുന്നത് എങ്കിൽപോലും പരിശുദ്ധ ഖുർആൻ വചനം 5:73ന്റെ അടിസ്ഥാനത്തിൽ ആ വാദം കുഫ്ർ അഥവാ സത്യനിഷേധം തന്നെയാണ് എന്നതിൽ തർക്കമില്ല. 

അതുപോലെ തന്നെയാണ് ശിർക്കാകുന്ന കഴിവ് അല്ലാഹുവിന്നും ഉണ്ട്, കൂടാതെ ജിന്നിന്നും ഉണ്ട്, മലക്കിന്നും ഉണ്ട് എന്ന മറ്റൊരു മൂവർ-സംഘ വാദം അറിഞ്ഞോ/അറിയാതെയോ കൊണ്ടുവന്ന, സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ ഒരേ നിലവാരത്തിലേക്ക് കൊണ്ടുവന്ന, സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ സാദ്രിശ്യപ്പെടുത്തിയ, ആഹ്ലുസുന്നത്തിന്റെ പ്രാമാണികരായ പണ്ഡിതന്മാർ കാഫിറുകൾ എന്നും നീചന്മാർ എന്നും വിധി എഴുതിയ ആളുകളുടെയും അവസ്ഥ.

കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ച പോലെ, ഒരു സാങ്കൽപ്പിക വാദം പടച്ചുണ്ടാക്കുകയും അങ്ങിനെ ആ സാങ്കൽപ്പിക വാദത്തിനു ഒരു മതവിധി പുറപ്പെടുവിക്കുന്ന ഒരു പ്രവർത്തനം അല്ല അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ ചെയ്തത്.

അന്ത്യദൂദനായ മുഹമ്മദ്‌ നബി (സ)യുടെ നിഴലും വിയർപ്പും കണ്ടും കൊണ്ടും ജീവിച്ച സ്വഹാബിവര്യൻ അബ്ദുല്ലാ ഇബ്നു ഉമർ (റ)ന്റെ കാലം തൊട്ട് തന്നെ, ഇറാഖിലെ ബസറയിൽ രൂപം കൊണ്ട, ഈമാൻ കാര്യങ്ങളിൽ സ്ഥിരപ്പെട്ട ഖദ്റിനെ നിഷേധിച്ച ഖദ്രിയാക്കൾ മുതൽ പരിശുദ്ധ ഖുർആൻ സത്യവിശ്വാസികളുടെ നിലപാടായിക്കൊണ്ട് പറഞ്ഞ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന നിലപാടിനെ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ബുദ്ധിക്ക് യോജിച്ചാല്‍ ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന് മാറ്റിപ്പറഞ്ഞുകൊണ്ട് കേരളക്കരയുടെ മണ്ണിൽ ഹദീസ് നിഷേധത്തിന്റെ ആധുനിക പതിപ്പുമായിവന്ന, ഇസ്ലാമിന്റെ പേരിൽ പിഴച്ച വാദങ്ങളുമായി രംഗത്ത് വന്ന സകല പിഴച്ച കക്ഷികളെയും അഹല്സുന്നത്തിന്റെ പണ്ഡിതന്മാർ, പ്രാമാണികമായി നേരിടുകയും അവരുടെ പിഴച്ച വാദങ്ങളെ വളരെ വ്യക്തമായി പരിശുദ്ധ ഖുർആനിന്റെയും സ്വഹീഹായ തിരുവചനങ്ങളുടെയും അടിസ്ഥാനത്തിൽ തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്, ആ പിഴച്ച കക്ഷികളുടെ പര്യാവസാനവും വ്യക്തമാക്കിയിട്ടുമുണ്ട്.

അത്തരമൊരു ദുരന്തപൂർണ്ണമായ പര്യാവസാനത്തിലേക്കാണ് ഉണ്ടെന്നു കരുതി ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്നും മലക്കിന്നും ഒക്കെ ഉള്ളത് എന്ന് വാദിച്ചവർ എത്തിച്ചേർന്നിട്ടുള്ളത്.

III. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം സൃഷ്ടിയെ സൃഷ്ടാവിൽ ആരോപിക്കൽ  

മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ മറ്റ് ഏതൊരു സൃഷ്ടി ആകട്ടെ, അവകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അടിമകൾ ആകുന്നു.

وَالْخَلْقُ كُلُّهُمْ عَبِيدٌ لِلَّهِ تعالى

"സൃഷ്ടി എന്നാൽ അവകൾ ഒന്നടങ്കം ഉന്നതനായ അല്ലാഹുവിന്റെ അടിമകൾ ആകുന്നു." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 30:28.

അല്ലാഹു എന്നാൽ അവൻ അവന്റെ സൃഷ്ടികളായ അടിമകളുടെ സൃഷ്ടാവ് മാത്രമല്ല, അവരുടെ പ്രവർത്തനങ്ങളും അവന്റെ സൃഷ്ടിയാണ് എന്നും അവൻ തന്നെ പറയുന്നു.

"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌ !" - ഖുർആൻ 37:96.

وَالتَّقْدِيرُ وَاللَّهَ خَلَقَكُمْ وَعَمَلَكُمْ وَهَذَا مَذْهَبُ أَهْلِ السُّنَّةِ: أَنَّ الْأَفْعَالَ خَلْقُ لِلَّهِ عَزَّ وَجَلَّ وَاكْتِسَابٌ لِلْعِبَادِ.

"അത് സൂചിപ്പിക്കുന്നത് അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചു എന്നാകുന്നു. ഇതാണ് അഹ്ലുസുന്നത്തിന്റെ മാർഗ്ഗം: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ സൃഷ്ടിയാണ് പ്രവർത്തനങ്ങൾ എന്നും (ആ പ്രവർത്തനങ്ങളുടെ) പരിണിതഫലം അടിമക്കുള്ളതാണ് എന്നും." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 37:96.

അപ്പോൾ മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവയുടെയും, അവയുടെ കഴിവുകളുടേയും, അവയുടെ പ്രവർത്തനങ്ങളുടെയും എല്ലാം സൃഷ്ടാവ് അല്ലാഹു ആകുന്നു.

ഭാഗം-8ല്‍ പറഞ്ഞപോലെ ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമ അല്ലാഹു മാത്രം ആയിരിക്കെ, ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ അല്ലാഹു നൽകിയത് എന്ന്  ഒരാൾ വാദിച്ചാൽ, അത് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ആരോപണങ്ങളിൽ നിന്നും പരിശുദ്ധനാണ്‌, ഉന്നതനാണ്.

സർവ്വ സൃഷ്ടികളേയും അവയുടെ കഴിവുകളേയും, അവയുടെ പ്രവർത്തനങ്ങളേയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ആദിയിൽ, തന്റെ കഴിവുകളിലും പ്രവർത്തനങ്ങളിലും സർവ്വഗുണ സംബൂർണ്ണനായി അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പരമ സത്യമെങ്കിൽ - ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ ഉള്ളത് എന്ന വാദം, ആദിയിൽ ഇല്ലാത്ത, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് (അതെ, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ്) അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണത്തെതൊട്ട് പരിശുദ്ധനാണ്‌, ഉന്നതനാണ്.

 وَمَعْلُومٌ أَنَّ اللَّهَ كَانَ قَبْلَ أَنْ يَخْلُقَ الْمَخْلُوقَاتِ وَخَلَقَهَا فَلَمْ يَدْخُلْ فِيهَا وَلَمْ يُدْخِلْهَا فِيهِ فَلَيْسَ فِي مَخْلُوقَاتِهِ شَيْءٌ مِنْ ذَاتِهِ وَلَا فِي ذَاتِهِ شَيْءٌ مِنْ مَخْلُوقَاتِهِ وَعَلَى ذَلِكَ دَلَّ الْكِتَابُ وَالسُّنَّةُ وَاتَّفَقَ عَلَيْهِ سَلَفُ الْأُمَّةِ وَأَئِمَّتُهَا.

"സൃഷ്ടികളുടെയും അവയെ സ്രിഷ്ടിക്കുന്നതിന്നും മുൻപ് തീർച്ചയായും അല്ലാഹു ഉണ്ടായിരുന്നു എന്നും, അവൻ ( അഥവാ അല്ലാഹു) അതിൽ ( അഥവാ സൃഷ്ടിയിൽ) പ്രവേശിക്കുകയില്ല എന്നും, അവന്റെ ഒരു സൃഷ്ടിയിലും അവന്റെ സത്തയുടെ ഒരു അംശവും ഇല്ല എന്നും, അവന്റെ സത്തയിൽ അവന്റെ സൃഷ്ടികളുടെ ഒന്നും തന്നെ ഇല്ല എന്നും അറിയപ്പെട്ടതാണ്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും അതറിയിച്ചിട്ടുള്ളതും, മുൻഗാമികൾ ആയ നേതാക്കളും അവരുടെ നേതാക്കളും അത് അന്ഗീകരിച്ചതും ആകുന്നു." - മജ്‌മൂഉ ഫതാവ, ഇമാം ഇബ്നു ത്വയ് മിയ്യ(റഹി).

കാര്യം അങ്ങിനെയാണെങ്കിൽ -

* സൃഷ്ടിക്കപ്പെട്ട മനുഷ്യ കഴിവ് എന്നാൽ അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവ് എന്നാൽ  അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട മലക്കിന്റെ കഴിവ് എന്നാൽ  അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി കഴിവും അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

{وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ} 
ووجه ذلك أن فعل العبد من صفاته، والعبد مخلوق لله، وخالق الشيء خالق لصفاته، ووجه آخر أن فعل العبد حاصل بإرادة جازمة وقدرة تامة، والإرادة والقدرة كلتاهما مخلوقتان لله - عز وجل - وخالق السبب التام خالق للمسبب.

"{അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌}

അതിന്റെ വിവക്ഷ  എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം അവന്റെ (അടിമയുടെ) വിശേഷണത്തിൽ പെട്ടതാണ്. അടിമയാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിയാണ്, ഒരു കാര്യത്തെ സ്രിഷ്ടിച്ചവൻ അതിന്റെ വിശേഷണത്തിന്റെ സൃഷ്ടാവ് ആകുന്നു. മറ്റൊരു വിവക്ഷ എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം ഉണ്ടാകുന്നത് ക്രിത്യമായ ഉദ്ദേശത്തോടുകൂടിയും, പരിപൂർണ്ണമായ കഴിവുകൊണ്ടും ആകുന്നു, ഉദ്ദേശവും, കഴിവുമാകട്ടെ അവരണ്ടും അല്ലാഹുവിന്റെ രണ്ടു സ്രിഷ്ടികളാകുന്നു - പൂർണ്ണമായ കാരണത്തിന്റെ സൃഷ്ടാവ്  കാരണക്കാരന്റെ സൃഷ്ടാവും ആകുന്നു. " - മജ്‌മൂഉ ഫതാവ, ഉസൈമീൻ(റഹി).

മലക്കിനെയും, ജിന്നിനെയും ഒക്കെ സൃഷ്ടിച്ച അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടി തന്നെയാണ് മലക്കിന്റെയും, ജിന്നിന്റെയും വിശേഷണമായ അതിന്റെ കഴിവും, അതിന്റെ പ്രവര്‍ത്തനങ്ങളും.

അപ്പോൾ മനുഷ്യനെയും, ജിന്നിനെയും, മലക്കിനെയും, അവയുടെ വിശേഷണമായ അവയുടെ കഴിവുകളേയും സൃഷ്ടിച്ചത് അല്ലാഹു ആണ് എന്നതിനാലും, لَيْسَ كَمِثْلِهِ شَيْءٌ  അഥവാ 'അവനെ പോലെ ഒരു വസ്തുവും ഇല്ല' എന്നതിനാലും, സൃഷ്ടിക്കപെട്ട സ്രിഷ്ടി-കഴിവും, സൃഷ്ടിക്കപെട്ട സൃഷ്ടി-പ്രവർത്തനങ്ങളും ആദിയിൽ സർവ്വ-ഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ കഴിവുകളും പ്രവർത്തനങ്ങളുമായും ഒരു സാദ്രിശ്യമോ, സമത്വമോ ഇല്ലാത്തതിനാലും - ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം എന്നാൽ അത് സൃഷ്ടിയെ സൃഷ്ടാവിൽ ആരോപിക്കൽ ആകുന്നു, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണങ്ങളെ  തൊട്ട് ഉന്നതനാകുന്നു, പരിശുദ്ധനാകുന്നു.

IV. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം അല്ലാഹുവിന്ന് ഉപമകൾ സൃഷ്ടിക്കൽ   

മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവക്കെല്ലാം അവയുടെ സ്രിഷ്ടിപ്പിന്റെ പ്രകൃതിയുടെ ഭാഗമായിക്കൊണ്ട് അതിന്റേതായ കഴിവും, പ്രവർത്തനവും ഉണ്ടെന്നത് പരിശുദ്ധ ഖുർആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നുണ്ട്.

"മറ്റെല്ലാ സൃഷ്ടികളേയും വർഗ്ഗങ്ങളെയുംപോലെ ജിന്ന് വർഗത്തിന്നും ചില പ്രകൃതിവ്യവസ്ഥകളും, നിയമ പരിധികളും അല്ലാഹു നിശ്ചയിച്ചിരിക്കുമെന്ന് തീർച്ചയാകുന്നു. ആ വലയത്തിനുള്ളിൽ മാത്രമേ അവർക്ക് എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ." - അമാനി മൗലവി (റഹി), ഖുർആൻ അദ്ദ്യായം 15, വ്യാഖ്യാനക്കുറിപ്പ്‌.

ജിന്നുകളുടെ പ്രക്രിതിക്കനുസരിച്ച് അല്ലാഹു സൃഷ്ടിച്ച അവയുടെ കഴിവും, അല്ലാഹു സൃഷ്ടിച്ച അവയുടെ പ്രവർത്തനങ്ങളും എന്നാൽ അത് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഭാഗമായ തൗഹീദുമായൊ, അതിന്റെ വിപരീധമായ ഷിർക്കുമായോ യാതൊരു ബന്ധവും ഇല്ല, കാരണം, അല്ലാഹു എന്നാൽ അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഉണ്ടായിരുന്നവൻ ആണ് എന്നതും, ആ ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ അവൻ സർവ്വ-ഗുണ സംബൂർണ്ണനും ആയിട്ടുണ്ട്‌ എന്നതും ഈ വിഷയത്തിന്റെ ഭാഗം ഒന്നിലും, ഭാഗം രണ്ടിലും വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌.

"അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവർത്തനങ്ങളിലോ ഏതെങ്കിലും വസ്തുവിന്നു അവനോട് സമത്വവും സാദ്രിശ്യവും സങ്കൽപ്പിക്കുന്നതിൽ നിന്നാണല്ലോ ശിർക്ക് ഉൽഭവിക്കുന്നത്."- അമാനി മൗലവി (റഹി), ഖുർആൻ 16:74.

അല്ലാഹുവിന്റെ ഏതൊരു അധികാരാവകാശങ്ങളോ, പ്രവർത്തനങ്ങളോ സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിക്കുമ്പോഴോ, ആ വിശ്വാസത്തിൽ ഒരു സൃഷ്ടിയോട് ചോദിക്കുമ്പോഴോ മാത്രം സംഭവിക്കുന്ന ശിർക്ക്, ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽപെട്ടത് ചോദിച്ചാലും സംഭവിക്കും എന്ന് വാദിക്കുമ്പോൾ അത് സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത അല്ലാഹുവിന്റെ കഴിവുകൾക്ക് ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽ ഉപമകൾ സൃഷ്ടിക്കൽ ആകുന്നു.

"ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല." - ഖുർആൻ 16:74.

അമാനി മൗലവി (റഹി) പറഞ്ഞ പോലെ, ഏതൊരു വലയത്തിനുള്ളിൽ മാത്രമേ ജിന്നുകൾക്ക്‌ എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ, ആ കഴിവുകൾ എന്നാൽ അത്, ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് എന്ന് വന്നാൽ, അത് സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഏകനിൽ ഏകാനാകുകയും, തന്റെ കഴിവുകളിലും, പ്രവര്‍ത്തനങ്ങളിലും സർവ്വ-ഗുണ-സംബൂർണ്ണനും ആയ അല്ലാഹുവിന്റെ കഴിവുകളിലും, പ്രവർത്തനങ്ങളിലും, സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവുമായും, പ്രവര്‍ത്തനവുമായും സാദ്രിശ്യവും, ഉപമയും സ്രിഷ്ടിക്കലാകുന്നു.

فَلا تَضْرِبُوا لِلَّهِ الْأَمْثالَ أَيِ الْأَمْثَالَ الَّتِي تُوجِبُ الْأَشْبَاهَ وَالنَّقَائِصَ، أَيْ لَا تَضْرِبُوا لِلَّهِ مَثَلًا يَقْتَضِي نَقْصًا وَتَشْبِيهًا بِالْخَلْقِ. وَالْمَثَلُ الْأَعْلَى وَصْفُهُ بِمَا لَا شَبِيهَ لَهُ وَلَا نَظِيرَ، جَلَّ وَتَعَالَى عَمَّا يَقُولُ الظَّالِمُونَ وَالْجَاحِدُونَ عُلُوًّا كَبِيرًا

" 'ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌.അതായത്, സാദ്രിശ്യപ്പെടുത്തലും, കുറവുകളും ഉള്ള ഉപമകൾ (അല്ലാഹുവിന്റെ മേൽ പറയരുത്). അതായത് സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തലും, കുറവുകളും വിളിച്ചുവരുത്തുന്ന ഉപമകൾ നിങ്ങൾ അല്ലാഹുവിന്ന് ഉണ്ടാക്കരുത്. സാദ്രിശ്യമില്ലാത്ത, തുണയില്ലാത്ത അവന്റെ വിശേഷണങ്ങൾ ആകുന്നു ഉന്നതമായ ഉപമ. പിഴച്ചവരും, നിഷേധികളുമായ ആളുകൾ പറഞ്ഞുണ്ടാക്കുന്നതിനെ തൊട്ട് (അല്ലാഹു) ഏറ്റവും വലിയ ഉന്നതനായിരിക്കുന്നു, ഏറ്റവും വലിയ പ്രതാപവാനുമായിരിക്കുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 16:60.

ഒരിക്കൽ കൂടി, പരിശുദ്ധനായ അല്ലാഹുവിന്റെ വിശേഷണങ്ങളിലും, പ്രവർത്തനങ്ങളിലും എന്തെങ്കിലും വിധത്തിലുള്ള ന്യൂനത ആരോപിക്കുന്നതിനെതൊട്ടും, സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തുന്നതിനെതൊട്ടും, സൃഷ്ടികളിൽ ഉപമകൾ സൃഷ്ടിക്കപ്പെടുന്നനെതൊട്ടും പരിശുദ്ധ ഖുർആനും, തിരുസുന്നതും വളരെ ശക്തമായ ഭാഷയിൽ വിലക്കുന്നുണ്ട്. അങ്ങിനെ ആരെങ്കിലും പ്രവൃത്തിച്ചാൽ അവർ പിഴച്ചവരാണ് എന്നും, നിഷേധികളാണ് എന്നുമാണ് പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ ഉണർത്തുവാനുള്ളത്.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف