Tuesday, September 9, 2014

തൗഹീദും ശിർക്കും - ഭാഗം - 8

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഒരു മനുഷ്യന്റെ സ്വർഗ്ഗവും നരഗവും എന്നെന്നേക്കുമായി തീരുമാനിക്കുന്ന തൗഹീദിന്റെയും അതിന്റെ നേരെ വിപരീധം ആയ ശിർക്കിന്റെയും വളരെ സുപ്രധാനമായ പ്രാമാണികമായ ആശയങ്ങൾ ആണ് ഈ വിഷയത്തിന്റെ ഒന്ന് മുതൽ എഴ് വരെ ഉള്ള ഭാഗങ്ങളിൽ പറഞ്ഞത്.

തൗഹീദിന്റെ നിർവചനവും അതിന്റെ നേരെ വിപരീധമായ ശിർക്കിന്റെയും നിർവചനം സകല സൃഷ്ടികൾക്കും മുൻപ് ആദിയിൽ പരിപൂർണ്ണം ആയി എന്നാണ് കഴിഞ്ഞ ഭാഗത്ത് അവസാനമായി പറഞ്ഞത്.

മനുഷ്യനെയോ, മലക്കിനെയോ, ജിന്നിനെയോ, മറ്റ് ഏതെങ്കിലും സൃഷ്ടിയെയോ അല്ലാഹു സൃഷ്ടിച്ചപ്പോൾ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള തൗഹീദിന്റെയൊ അതിന്റെ നേരെ വിപരീധമായ ശിർക്കിന്റെയോ നിർവചനം പുതുക്കേണ്ട ഒരു അവസ്ഥ അല്ലാഹുവിന്നു ഒരിക്കലും തന്നെ ഉണ്ടായിട്ടില്ല.

തൗഹീദും ശിർക്കും എന്നാൽ അത് അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധപ്പെട്ട, ഏതെങ്കിലും ഒരു സൃഷ്ടിയുടെ അസ്ഥിത്വവുമായി ഒരിക്കലും ബന്ധമില്ലാത്തതാണ് എന്ന് ഒരിക്കൽക്കൂടി ഓർമ്മപെടുത്തുകയാണ്.

B. ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് 

ഇവിടെയാണ്‌ ആമുഖത്തിൽ സൂചിപ്പിച്ച മൂന്നാമത്തെ വാദവുമായി ബന്ധപെട്ട് കൊണ്ടുള്ള കൃത്യമായ ഒരു തീരുമാനത്തിലേക്ക് വിളിച്ചം വീശുന്ന കാര്യം പറയുന്നത്.

തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് - ആദിയിൽ സർവ്വഗുണ സമ്പൂർണ്ണമായ, തുല്യത ഇല്ലാത്ത, ഉപമകൾ ഇല്ലാത്ത  അല്ലാഹുവിന്റെ കഴിവുകളും പ്രവർത്തനങ്ങളും മാത്രം ആണെന്നും, ശിർക്ക് സംഭവിക്കുന്നത്‌ - ഈ  സർവ്വഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ കഴിവുകളോ പ്രവർത്തനങ്ങളോ അവന്റെ സൃഷ്ടിയിൽ ആരോപിക്കുമ്പോൾ മാത്രം ആണ് എന്നും കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും  വളരെ  വ്യക്തമാണ്.

തന്റെ സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, തുല്യത ഇല്ലാത്ത, ഉപമ ഇല്ലാത്ത, ഏതൊരു കഴിവോ പ്രവർത്തനമോ അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്ന് കരുതി ചോദിച്ചാലോ മാത്രം സംഭവിക്കുന്ന, ശിർക്കാകുന്ന ഒരു കഴിവോ/പ്രവർത്തനമോ ഉണ്ടെങ്കിൽ അത് അല്ലാഹുവിന്ന്  മാത്രമേ ഉള്ളൂ,

"ഇസ്ലാമിക വീക്ഷണത്തിൽ മൌലികപ്രദാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെ പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽക്രിഷ്ട്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിൽ ആകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, അവനെപോലെ  - അവന്നു തുല്യമായതോ, കിടയത്തതോ യാതൊന്നും തന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോടു തുല്യതയോ, സമത്വമോ കൽപ്പിക്കുന്നതിനാണ്  'ശിർക്ക്' (പങ്കുചേർക്കൽ - അഥവാ ബഹുദൈവവിശ്വാസം) എന്ന് പറയുന്നത്." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

ഒരിക്കൽ കൂടി, എപ്പോൾ മാത്രമാണ്  തൗഹീദ് സംഭവിക്കുന്നത്‌ എന്നും, എപ്പോൾ മാത്രമാണ് ശിർക്ക്  സംഭവിക്കുന്നത്‌ എന്നും വളരെ വ്യക്തം.

• യാതൊരു സത്തയിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

• യാതൊരു ഉൽക്രിഷ്ട്ട ഗുണങ്ങളിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

• യാതൊരു പ്രവർത്തനത്തിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

രണ്ടാം ഭാഗത്ത്‌ വളരെ കൃത്യമായി സൂചിപ്പിച്ച, അല്ലാഹുവിന്റെ 'സ്വമദ്' എന്ന നാമത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു -

هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ

"ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അല്ലാഹു അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല എന്ന് പറഞ്ഞ വിശേഷണങ്ങൾ ഏതെല്ലാം ഉണ്ടോ, അതിന്റെ ഉടയവൻ അല്ലാഹു മാത്രമാണ്.

"ഉദാഹരണമായി, 'അല്ലാഹു കാണുന്നവനാണ്'  (بصير) 'അവൻ കേൾക്കുന്നവൻ ആണ്'  (سميع) 'അവൻ പറഞ്ഞു' (قال) 'അവന്റെ കൈകൾ' (يداه) 'അവന്റെ മുഖം' ( وجه اللَّهُ) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നും തന്നെ, സ്രിഷ്ടികളുടെതുമായി താരതമ്മ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും, മഹത്വത്തിന്നും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്യങ്ങളാണ് അവ ഉൾകൊള്ളുന്നതെന്നും ഓർമ്മിച്ചിരിക്കേണ്ടതാകുന്നു ." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

കാര്യം അങ്ങിനെയാണെങ്കിൽ -

ഏതൊരു കഴിവുകൾ സ്രിഷ്ടികളുടെതുമായി താരതമ്മ്യപ്പെടുത്തുവാൻ പാടില്ലാത്തതായി ഉണ്ടോ, ആ കഴിവുകൾ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു കഴിവുകൾ അല്ലാഹുവിന്റെ പരിശുദ്ധതക്കും, മഹത്വത്തിന്നും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്യങ്ങൾ ആയി ഉണ്ടോ, ആ കഴിവുകൾ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു കഴിവ് സൃഷ്ടിയിൽ ഉണ്ടെന്ന് കൽപ്പിച്ചാൽ ശിർക്ക് ആകുമോ ആ കഴിവ് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു പ്രവർത്തനത്തെ സൃഷ്ടിയുടെ പ്രവർത്തനമായി കൽപ്പിച്ചാൽ ശിർക്ക് ആകുമോ ആ പ്രവർത്തനം അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

I. സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വേർ തിരിയുന്നു

സൃഷ്ടിയുടെ കഴിവിനെ കുറിച്ചും, അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ഒരേ സമയം, പ്രധിപാദിച്ചുകൊണ്ട്  അല്ലാഹു പറയുന്നു -.

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌." - ഖുർആൻ 2:20.    

തന്റെ അടിമകളായ സർവ്വ സൃഷ്ടികൾക്കും അവരുടെ പ്രകൃതിക്കനുസരിച്ച് വ്യതസ്തങ്ങൾ ആയ കഴിവുകൾ നൽകിയ അല്ലാഹു, തന്റെ അടിമകളിൽ ഒന്നായ മനുഷ്യവർഗത്തിൽപെട്ട കപടവിശ്വാസികൾക്ക് വന്നു ഭവിച്ചേക്കാവുന്ന അവസ്ഥയെ പറ്റി പറയുന്നു - അവൻ  ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ നശിപ്പിച്ചു കളയുമായിരുന്നു എന്ന്.

فَيَجِبُ عَلَى كُلِّ مُكَلَّفٍ أَنْ يَعْلَمَ أَنَّ اللَّهَ تَعَالَى قَادِرٌ، لَهُ قُدْرَةٌ بِهَا فَعَلَ وَيَفْعَلُ مَا يَشَاءُ عَلَى وَفْقِ عِلْمِهِ وَاخْتِيَارِهِ. وَيَجِبُ عَلَيْهِ أَيْضًا أَنْ يَعْلَمَ أَنَّ لِلْعَبْدِ قُدْرَةً يَكْتَسِبُ بِهَا مَا أَقْدَرَهُ اللَّهُ تَعَالَى عَلَيْهِ عَلَى مَجْرَى الْعَادَةِ، وَأَنَّهُ غَيْرُ مُسْتَبِدٍّ بِقُدْرَتِهِ.

"അല്ലാഹു കഴിവുള്ളവൻ ആണെന്നും, അതുകൊണ്ട് അവൻ പ്രവൃത്തിച്ചു എന്നും, അല്ലാഹു അവന്റെ ഇച്ച്ചക്കും അറിവിന്നും അനുസരിച്ചുകൊണ്ട് അവൻ ഉദ്ദേശിച്ചത് പ്രവൃത്തിക്കുകയും ചെയ്യും എന്ന് അറിയൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു.

അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട്  അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും, അവൻ (അടിമ) അവന്റെ കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ല എന്നും മനസ്സിലാക്കൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 2:20.

കാര്യം വ്യകതമാണ് -

• എല്ലാ കഴിവുകളുടെയും ഉടമയായ അല്ലാഹു അവന്റെ സൃഷ്ടികൾക്ക് കഴിവുകൾ നൽകിയിട്ടുണ്ട്.

• അല്ലാഹു ആകട്ടെ അവന്റെ കഴിവുകളിൽ ആദിയിലും അവസാനത്തിലും പരിപൂർണ്ണനും, സ്വയം കഴിവുള്ളവനും ആകുന്നു.

• സൃഷ്ടികൾ ആകട്ടെ അവരുടെ കഴിവുകളിൽ പരിപൂർണ്ണർ അല്ല, സ്വയം കഴിവുള്ളവർ അല്ല.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിയുടെയും കഴിവുകൾ പരിശുദ്ധ ഖുർആനിൽ പലയിടത്തും അല്ലാഹു പറയുന്നുണ്ട്. അവയിൽ രണ്ടെണ്ണം മാത്രം താഴെ പറയുന്നു.

A. അല്ലാഹുവിന്റെ കഴിവും ജിന്നിന്റെ കഴിവും വേർതിരിയുന്നു  

നാലാം ഭാഗത്ത് പറഞ്ഞ പോലെ, ജിന്നിന്റെ കാഴ്ചയെകുറിച്ചു അല്ലാഹു പറയുന്നു - 

"തീര്‍ച്ചയായും അവനും (ശൈത്വാനും) അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; " - ഖുർആൻ 7:27.

അതേ അല്ലാഹു തന്നെ പറയുന്നു -

"അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന് ?" ഖുർആൻ 96 :14. 

അപ്പോൾ ജിന്നും മനുഷ്യനെ കാണുന്നു, അല്ലാഹുവും മനുഷ്യനെ കാണുന്നു!

• അല്ലാഹു മനുഷ്യനെ കാണുന്ന പോലെയാണോ, ജിന്ന് മനുഷ്യനെ കാണുന്നത് ?

ഒരിക്കലും അല്ല.

• അല്ലാഹുവിന്റെ കാഴ്ച എന്നാൽ അത് ആദിയിൽ പരിപൂർണ്ണം ആയ അവന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം ആകുന്നു. അല്ലാഹു ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ ആകുന്നു. 

• ജിന്നിന്റെ കാഴ്ച എന്നാൽ, അത് ആദിയിൽ ഉള്ളത് അല്ല, അത് അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം അല്ല. ജിന്ന് ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ അല്ലപരിപൂർണ്ണൻ അല്ല.

സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വക തിരിച്ച് മനസ്സിലാക്കുമ്പോൾ ആണ് ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗമെന്നും, ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗം അല്ല എന്നും മനസ്സിലാകുക.

B. അല്ലാഹുവിന്റെ കഴിവും മലക്കിന്റെ കഴിവും വേർതിരിയുന്നു 

മലക്കുകൾ മനുഷ്യന്റെ പ്രവർത്തനം അറിയുന്നു എന്നതിനെ പറ്റി അല്ലാഹു പറയുന്നു -

"നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അറിയുന്നു" - ഖുർആൻ 82:12

മനുഷ്യന്റെ പ്രവർത്തനങ്ങൾ അല്ലാഹു അറിയുന്നു എന്ന് പരിശുദ്ധ ഖുർആനിൽ പലസ്ഥലത്തും പറഞ്ഞ പോലെ, കുട്ടിയായിരുന്ന മഹാനായ യൂസുഫ് നബിയെ യാത്രാസംഘം ഒളിപ്പിച്ചുവെച്ചതിനെ കുറിച്ച്  അല്ലാഹു പറയുന്നു -

"അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു." - ഖുർആൻ 12:19. 

മനുഷ്യന്റെ പ്രവർത്തനത്തെ മലക്കും അറിയുന്നു, അല്ലാഹുവും അറിയുന്നു!

• അല്ലാഹു മനുഷ്യനന്റെ പ്രവർത്തനത്തെ അറിയുന്ന പോലെയാണോ, മലക്കുകൾ മനുഷ്യന്റെ പ്രവർത്തനത്തെ  അറിയുന്നത്  ?

ഒരിക്കലും അല്ല.

• അല്ലാഹുവിന്റെ അറിവ് എന്നാൽ അത് ആദിയിൽ പരിപൂർണ്ണം ആയ അവന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം ആകുന്നു. അല്ലാഹു ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ ആകുന്നു. 

• മലക്കിന്റെ അറിവ്  എന്നാൽ, അത് ആദിയിൽ ഉള്ളത് അല്ല, അത് അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം അല്ല. മലക്ക്  ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ അല്ല, പരിപൂർണ്ണൻ അല്ല.

സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വക തിരിച്ച് മനസ്സിലാക്കുമ്പോൾ ആണ് ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗമെന്നും, ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗം അല്ല എന്നും മനസ്സിലാകുക.

"സൃഷ്ടികളെ സംബന്ധിച്ച്  ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവോട് ബന്ധപ്പെടുത്തിക്കൊണ്ട് ഖുർആനിലോ ഹദീസിലൊ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അത് ഭാഷയുടെയും, വാച്യാർത്ഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ധേശ്യത്തിലും, യാഥാർത്ഥത്തിലും അവ വ്യത്യസ്തം ആയിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

കാര്യം അങ്ങിനെയാണെങ്കിൽ -

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ മനുഷ്യന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ മലക്കിന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ ജിന്നിന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ ഒരു സൃഷ്ടിക്കും ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

തൗഹീദ് അഥവാ അല്ലാഹുവിന്റെ അജയ്യമായ ഏകത്വത്തിന്റെ അടിസ്ഥാനം എന്നാൽ അത്  തുടക്കമോ ഒടുക്കമോ ഇല്ലാത്ത, തുല്യത ഇല്ലാത്ത, ഉപമകൾ ഇല്ലാത്ത, 'അവനെ പോലെ ഒന്നും ഇല്ലാത്ത' അവന്റെ കഴിവുകളും/പ്രവർത്തനങ്ങളും മാത്രം ആകുന്നു.

എന്നാൽ ഈ പറഞ്ഞ അല്ലാഹുവിന്റെ അജയ്യമായ കഴിവുകളും പ്രവർത്തനങ്ങളും മനസ്സിലാക്കികൊണ്ട് തൗഹീദ് പഠിക്കുന്നതിന്ന് പകരം, അല്ലാഹുവീന്റെ കോടാനുകോടി സൃഷ്ടികളിൽ വെറും രണ്ടെണ്ണം മാത്രമായ, അനന്തമായ കാലഘട്ടത്തിന്റെ നിസ്സാരമായ കോണിൽ സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, തങ്ങളുടെ കഴിവുകളിൽ പരിധിയും, പരിമിധിയും ഒക്കെ ഉള്ള മലക്കിന്റെയും, വിശിഷ്യാ ജിന്നിന്റെയും കഴിവുകളും പ്രവർത്തനങ്ങളും വെച്ചുകൊണ്ട് തൗഹീദിനെ മനസ്സിലാക്കുവാനും, നിർവചിക്കുവാനും ശ്രമിച്ചതാണ് ഈ വിഷയത്തിൽ ഒരു വിഭാഗം ആളുകൾക്ക് പറ്റിയ എറ്റവും വലിയ അമളി, അല്ല എറ്റവും വലിയ വഴികേട്.

അല്ലാഹുവിന്റെ അജയ്യമായ അസ്ഥിത്വത്തിന്റെ മേൽ പിഴച്ച വാദങ്ങൾ ഉന്നയിച്ച പല സമൂഹങ്ങളും ഈ ഭൂലോകത്ത് കടന്നു പോയിട്ടുണ്ട്. അത്തരം ആളുകൾക് എന്തൊരു വിശേഷണമാണ് യോജിച്ചതെന്ന് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മാതൃക കാട്ടിയിടുണ്ട്, അവന്റെ വചനങ്ങളെ തിരുസുന്നത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ച അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ വളരെ കൃത്യമായി ആ വിശേഷണം പറഞ്ഞു തന്നിട്ടുണ്ട്.

അങ്ങിനെ അല്ലാഹു മാതൃക കാട്ടിയ, അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ വളരെ കൃത്യമായി പറഞ്ഞ പിഴച്ച കക്ഷികളുടെ ആ വിശേഷണം അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ അടുത്ത ഭാഗത്ത് പറയാം.

ആദിയിലും അവസാനത്തിലും ഒരിക്കലും തന്നെ ഇല്ലാത്ത ജിന്നിനെയും മലക്കിനെയും, എല്ലാ സൃഷ്ടികളേയും മാറ്റിനിറുത്തിയിട്ട്‌ അല്ലാഹു അവന്നുണ്ട്‌ എന്ന് പറഞ്ഞ സർവ്വ-ഗുണ സമ്പൂർണ്ണം ആയ കഴിവുകളിലൂടെ തൗഹീദ് പഠിക്കുവാൻ ശ്രമിക്കുക, നേരായ പാതയിൽ എത്തിയേക്കാം, അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment