Thursday, August 14, 2014

തൗഹീദും ശിർക്കും - ഭാഗം - 6

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഏതൊരു കാര്യത്തിലാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്നാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്‌.

തീർച്ചയായും, ഏതൊരു വിശേഷണങ്ങളിൽ അവൻ സർവ്വഗുണ-സംബൂർണ്ണൻ ആയോ, ഏതൊരു പ്രവർത്തനങ്ങളിൽ  അവൻ സംബൂർണ്ണൻ ആയോ അതിൽ ആകുന്നു അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

ആദിയിലോ, അവസാനത്തിലോ ഒരിക്കലും തന്നെ ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും, തങ്ങളുടെ കഴിവുകളിൽ പരിധിയും, പരിമിധിയും ഒക്കെയുള്ള, മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവുകളിലോ, പ്രവർത്തനങ്ങളിലോ അല്ല അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്നാണ് കഴിഞ്ഞ ഭാഗത്ത് സൂചിപിച്ചത്.

أنواع التوحيد بالنسبة لله عز وجل تدخل كلها في تعريف عام وهو إفراد الله سبحانه وتعالى بما يختص به 

"ഉന്നതനും പ്രതാപവാനുമായ അല്ലാഹുവുമായി ബന്ധപെട്ട തൗഹീദിന്റെ എല്ലാ നിർവചനങ്ങളും പൊതുവായ ഒരു നിർവചനത്തിൽ ഉൾകൊള്ളുന്നതാണ്. അതായത് അല്ലാഹുവിന്ന് പ്രത്യേകമായ കാര്യങ്ങളിൽ അവനെ മാത്രം തനിച്ചാക്കുക എന്നതാണ് ". - ഫതാവ ഇബ്നു ഉസൈമീൻ(റഹി).

അപ്പോൾ തൗഹീദിന്റെ എല്ലാ വശങ്ങളും കടന്നു വരുന്നത്, ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്നും പ്രത്യേകം ആയോ, അതിൽ ആകുന്നു.

അതുകൊണ്ട് തന്നെ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കൽ സംഭവിക്കുന്നത്‌, ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്നും പ്രത്യേകം ആയോ അതിൽ അവനെ മാത്രം പ്രത്യേകം ആക്കുമ്പോൾ  ആകുന്നു.

ഏതൊക്കെയാണ് അല്ലാഹുവിന്ന് പ്രത്യേകം ആയ കാര്യങ്ങൾ?

അല്ലാഹുവിന്ന് പ്രത്യേകം ആയ കാര്യങ്ങൾ എന്നാൽ അത്  വളരെ വിശാലമായ രണ്ടു കാര്യങ്ങൾ ആകുന്നു.

ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞാൽ,  ആ വിശാലമായ രണ്ടു കാര്യങ്ങളെ കുറിച്ചാണ് 'തൗഹീദ്' എന്ന് മറ്റൊരു പേരുള്ള, പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ഒന്നാമത്തെ വചനത്തിൽ വന്ന അല്ലാഹുവിന്റെ നാമമായ 'അഹദ്'എന്ന നാമത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ (റഹി) പറഞ്ഞത് -

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

ഇത്തരുണത്തിൽ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകൻ ആക്കുക എന്നതിന്റെ അടിസ്ഥാനങ്ങൾ എന്നാൽ  അത് അവന്റെ നാമ-വിശേഷണങ്ങളും, പ്രവർത്തനങ്ങളും ആകുന്നു .

C. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ 

അല്ലാഹുവിന്റെ ഏകത്വത്തിന്റെ അടിസ്ഥാനം എന്നാൽ അത് അവന്റെ ഉന്നതങ്ങളായ, തുല്യത ഇല്ലാത്ത, സാദ്രിശ്യം ഇല്ലാത്ത, ആരുമായും പങ്കുവെക്കാത്ത, അതിനെ പോലെ എന്ന് പറയുവാൻ വേറെ ഒന്ന് ഇല്ലാത്ത, ഉന്നതവും, മഹത്വമേറിയതുമായ അവന്റെ നാമ-വിശേഷണങ്ങൾ ആകുന്നു. അല്ലാഹു പറയുന്നു -

"അല്ലാഹുവിന്‌ ഏറ്റവും നല്ല നാമങ്ങൾ ഉണ്ട്. അതിനാല്‍ ആ നാമങ്ങളിൽ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും." - ഖുർആൻ  7:180.

തൗഹീദ് അഥവാ അല്ലാഹുവിന്റെ ഏകത്വം, അത് മനസ്സിലാക്കേണ്ടത് അല്ലാഹിവിന്റെ നാമങ്ങൾ പ്രതിനിധാനം ചെയ്യുന്ന  വിശേഷണങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം. അത് അതേപടി അങ്ങീകരിക്കുക, അത് സൃഷ്ടികളിൽ ഒരാൾക്കും വകവെച്ചുകൊടുക്കാതെ, അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുക, ആ പരിശുദ്ധങ്ങളായ നാമങ്ങൾകൊണ്ട്   അവന്റെ വിളിച്ചു പ്രാർത്ഥിക്കുക.

ഈ വചനത്തിന്റെ വിശദീകരണത്തിൽ, പണ്ഡിതന്മാരിൽ ബഹുഭൂരിഭാഗവും ചർച്ച ചെയ്ത, ഇമാം ബുഖാരി(റഹി)യും ഇമാം മുസ്ലിം(റഹി)യും അവരുടെ സ്വഹീഹുകളിൽ കൊടുത്ത ഒരു ഹദീസിൽ നബി(സ) പറയുന്നു -

"തീർച്ചയായും അല്ലാഹുവിന്നും തൊണൂറ്റി ഒൻപത് നാമങ്ങൾ ഉണ്ട്, നൂറിൽ ഒന്ന് കുറവ്. ആരെങ്കിലും അത് ശരിയാവണ്ണം പഠിച്ചാൽ,അവൻ സ്വർഗത്തിൽ പ്രവേശിച്ചു" - ബുഖാരി, മുസ്ലിം.

എന്നാൽ അല്ലാഹുവിന്റെ നാമങ്ങൾ തൊണൂറ്റി ഒൻപതിൽ പരിമിധമല്ലെന്നും, അതിന്റെ എണ്ണത്തിന്  കൃത്ത്യമായ ഒരു കണക്ക്  നമ്മുടെ പക്കൽ ഇല്ലെന്നും, അല്ലാഹുവിന്റെ പക്കൽ മാത്രമാണ് അതിന്റെ യഥാർത്ത വിവരമെന്നും, മറ്റു ഹദീസുകളെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി)യെ പോലെ ഉള്ള പ്രാമാണികരായ പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്.

അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ എണ്ണം അത് എത്രതന്നെ ആയായാലും അതിൽ എല്ലാം തന്നെ അവന്റെ ഏകത്വം ആദിയിൽ തന്നെ പരിപൂർണ്ണമായി, ഇന്നും പരിപൂർണ്ണം, സൃഷ്ടികൾ എല്ലാം നശിച്ചതിന്നു ശേഷം, അവസാനത്തിലും പരിപൂർണ്ണം. അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ഒന്നും കൂട്ടുവാനോ ഒന്നും കുറക്കുവാനോ ഇല്ല, ഒരിക്കലും ഇല്ല.

അങ്ങിനെ, അല്ലാഹു അവന്നാകുന്നു എന്ന് പറഞ്ഞ നാമവിശേഷണങ്ങളും, പ്രവർത്തനങ്ങളും അവന്നു മാത്രം വകവെച്ചുകൊടുക്കുമ്പോൾ  ആണ് തൗഹീദ് അഥവാ 'അല്ലാഹുവിനെ ഏകനാക്കൽസംഭവിക്കുന്നത്‌.

سَمَّى اللَّهُ سُبْحَانَهُ أَسْمَاءَهُ بِالْحُسْنَى لِأَنَّهَا حَسَنَةٌ فِي الْأَسْمَاعِ وَالْقُلُوبِ، فَإِنَّهَا تَدُلُّ عَلَى تَوْحِيدِهِ وَكَرَمِهِ وَجُودِهِ وَرَحْمَتِهِ وَإِفْضَالِهِ.

"പരിശുദ്ധനായ അല്ലാഹു അവന്റെ നാമങ്ങളെ നല്ലത് എന്നാണ് വിളിച്ചിരിക്കുന്നത്, കാരണം അത് ഹ്രിദയങ്ങൾക്കും കേൾവികൾക്കും നല്ലതാണ്. തീർച്ചയായും അതറിയിക്കുന്നത് അവന്റെ ഏകത്വവും, അവന്റെ മാന്യതയും, അവന്റെ വിശാല-ഗുണവും, അവന്റെ കാരുണ്യവും, അവന്റെ ഔദാര്യവും ആകുന്നു." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 7:180.

അതെ, അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ അറിയിക്കുന്നത് അവന്റെ ഏകത്വം ആകുന്നു.

അതുകൊണ്ട് തന്നെയാണ് തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് അല്ലാഹുവിന്റെ, സാദ്രിശ്യം ഇല്ലാത്ത, തുല്യത ഇല്ലാത്ത, ആരുമായും പങ്കുവെക്കാത്ത, അതിനെ പോലെ എന്ന് പറയുവാൻ വേറെ ഒന്ന് ഇല്ലാത്ത ഉന്നതവും, മഹത്വമേറിയതുമായ അവന്റെ നാമ-വിശേഷണങ്ങൾ ആകുന്നു എന്ന് പറയുന്നത്.

കാര്യം അങ്ങിനെയാണെങ്കിൽ -

• അല്ലാഹു 'പരമകാരുണ്യകൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു 'എല്ലാം കേൾക്കുന്നവൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു 'എല്ലാം കാണുന്നവൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു അവന്നുണ്ട്‌ എന്ന് പറഞ്ഞ ഏതെല്ലാം 'നാമ-വിശേഷണങ്ങൾ' ഉണ്ടോ, അതെല്ലാം തന്നെ അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

അതേസമയം -

മനുഷ്യന്ന് കേൾവിയും, കാഴ്ചയും ഉണ്ടെങ്കിൽ ആ കഴിവ്   അല്ലാഹുവിന്ന്  മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• നിശ്ചയിക്കപ്പെട്ട  മലക്കുകൾ  മനുഷ്യൻ പ്രവൃത്തിക്കുന്നത് അറിയുന്നു എന്ന്  പറഞ്ഞാൽ, മലക്കുകളുടെ ആ കഴിവ്  അല്ലാഹുവിന്ന്  മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ജിന്നുകൾ,   മനുഷ്യന്ന് അങ്ങോട്ട്‌ കാണാതെ, മനുഷ്യനെ ഇങ്ങോട്ട്  കാണുന്നു എന്ന് പറഞ്ഞാൽ, ജിന്നുകളുടെ ആ കഴിവ് അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും സൃഷ്ടികളുടെയോ കഴിവുകളിൽ അല്ല അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് കാരണം, നാലാം ഭാഗത്ത് വളരെ കൃത്യമായി സൂചിപ്പിച്ച പോലെ  അല്ലാഹുവിന്റെ കഴിവിന്ന് സൃഷ്ടികളുടെ കഴിവുമായി സാദ്രിശ്യം ഇല്ല, അല്ലാഹുവിന്റെ കഴിവ് സൃഷ്ടികളുടെ കഴിവ് പോലെ അല്ല, അല്ലാഹുവിന്റെ കഴിവുകൾക്ക് സൃഷ്ടികളിൽ ഉപമ ഇല്ല.

D. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ

അല്ലാഹുവിന്റെ നാമ-വിശേഷനങ്ങളോടൊപ്പം വരുന്ന തൗഹീദിന്റെ രണ്ടാമത്തെ അടിസ്ഥാന കാര്യമാണ് അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ.

പരിശുദ്ധ ഖുർആനിലും നബി(സ)യുടെ ഹദീസുകളിലും അല്ലാഹുവിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് ധാരാളം കാണാവുന്നതാണ്. അത്തരം പ്രവർത്തനങ്ങൾ എങ്ങിനെയാണ് ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ടത് എന്നും, എന്തൊരു നിലപാടാണ് അതിനോട് ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത് എന്നും ഒക്കെ അത് വിശദീകരിച്ച പണ്ഡിതന്മാർ വളരെ കൃത്യമായി നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.

وَأَنَّ الْمَسْلَكَ الْأَسْلَمَ فِي ذَلِكَ طَرِيقَةُ السَّلَفِ إِمْرَارُ مَا جَاءَ فِي ذَلِكَ مِنَ الْكِتَابِ وَالسُّنَّةِ مِنْ غَيْرِ تَكْيِيفٍ وَلَا تَحْرِيفٍ وَلَا تَشْبِيهٍ وَلَا تَعْطِيلٍ وَلَا تَمْثِيلٍ

"സലഫുകളുടെ (മുൻഗാമികളുടെ) പാതയാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടുകൂടി മനസ്സിലാക്കുന്നതിനുള്ള വഴി. അവരുടെ വഴി എന്നാൽ, ഖുർആനിലും നബിചര്യയിലും എന്തെലാം വന്നോ, അത്  'എങ്ങിനെ' എന്ന് പറയാതെ, (സ്വന്തം വക) 'വിശദീകരണം' പറയാതെ, (സൃഷ്ടികളോട് ) 'സാദ്രിശ്യം' പറയാതെ, 'നിഷേധം' പറയാതെ, 'ഉപമകൾ' പറയാതെ സ്വീകരിക്കൽ ആകുന്നു " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 20:5-8.

അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ  اسْتَوَى നെ അഥവാ  സിംഹാസനത്തിൽ ഉള്ള ആരോഹണത്തെ കുറിച്ച് വിശദീകരിക്കുന്നിടത്ത്, അല്ലാഹുവിന്റെ പ്രവർത്തനങ്ങളോട് മുൻഗാമികൾ സ്വീകരിച്ച നിലപാട് എന്താണ് എന്നാണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി)  വിശദീകരിച്ചത്.

• അല്ലാഹു തന്റെ ദാസനോട്  'നേരിട്ട് സംസാരിച്ചു' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ സംസാരവുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ സംസാരിച്ചു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

• അല്ലാഹു 'ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ ഇറക്കവുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ ഇറങ്ങുന്നു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

• അല്ലാഹു തന്റെ 'തന്റെ അടിമയുടെ പ്രവർത്തനം കണ്ടുകൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ കാഴ്ചയുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ കാണുന്നു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

مَذْهَب أهل السّنة وَالْجَمَاعَة أَن أَفعَال الله تَعَالَى لَا تقاس بِأَفْعَال عباده وَلَا تدخل تَحت شرائع عُقُولهمْ القاصرة بل أَفعاله لَا تشبه أَفعَال خلقه وَلَا صِفَاته صفاتهم وَلَا ذَاته ذواتهم لَيْسَ كمثله شَيْء وَهُوَ السَّمِيع الْبَصِير

"അഹ്ലു സുന്നത്ത് വൽ ജമാത്തിന്റെ നിലപാട് എന്തെന്നാൽ, തീർച്ചയായും ഉന്നതനായ അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ അവന്റെ അടിമയുടെ പ്രവർത്തനങ്ങളുമായി തുലനം ചെയ്യൽ ഇല്ല, പരിമിധമായ അവരുടെ ബുദ്ധിയിൽ അത് പ്രവേശിക്കുക ഇല്ല. 

അവന്റെ പ്രവർത്തനങ്ങൾ എന്നാൽ, അതിന്ന് അവന്റെ സൃഷ്ടികളുടെ പ്രവർത്തനങ്ങളുമായി സാദ്രിശ്യം ഇല്ല, അവന്റെ വിശേഷണം അവരുടെ വിശേഷണം അല്ല, അവന്റെ സത്ത അവരുടെ സത്തകൾ (പോലെ) അല്ല, അവനെ പോലെ ഒന്നും ഇല്ല, അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനും ആകുന്നു " - ഇമാം ഇബ്നു ഖയ്യിം(റഹി), مفتاح دار السعادة

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യൻ  എന്തെങ്കിലും ഒരു കാര്യം പ്രവൃത്തിച്ചാൽ  അത് അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• മലക്കിന്ന്  ആകാശ ലോകത്ത്  സഞ്ചരിക്കുവാൻ സാധിക്കും എങ്കിൽ ആ പ്രവർത്തനം  അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ജിന്നിന്ന്  കടലിൽ നിന്നും മുത്തും പവിഴവും കൊണ്ടുവരുവാൻ സാധിക്കും എങ്കിൽ ആ പ്രവർത്തനം   അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും  ഒരു പ്രവർത്തനം  അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

ഏതൊരു പ്രവർത്തനങ്ങളിൽ അല്ലാഹുവിന്നു അവന്റെ സൃഷ്ടികളുമായി ഒരു സാമ്യത ഇല്ലയോ, ഉപമ ഇല്ലയോ, തുലനം ചെയ്യൽ ഇല്ലയോ,  അത് അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുമ്പോൾ ആണ് തൗഹീദ് അഥവാ അല്ലാഹുവിനെ എകനാക്കൽ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

എന്നാൽ ഈ പറഞ്ഞതിന്ന് വിരുദ്ധമായി,  മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും സൃഷ്ടികളുടെയോ കഴിവുകളിൽപെട്ടതോ / പ്രവര്‍ത്തനങ്ങളിൽ പെട്ടതോ ആയത് അല്ലാഹുവിന്ന് മാത്രം വകവെച്ച് കൊടുക്കുന്നത് തൗഹീദിന്റെ ഭാഗം ആണ് എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും അയാൾ അല്ലാഹുവിന്റെ കൂടെ അവന്റെ സൃഷ്ടിയേയും ഏകനാക്കി, അല്ലാഹുവിൽ ശരണം.

• ആദിയിലും അവസാനത്തിലും  സര്‍വ്വഗുണ-സമ്പൂര്‍ണ്ണമായ അല്ലാഹഹുവിന്റെ നാമങ്ങളെ പറ്റി അലാഹു തന്നെ പറയുന്നു وَلِلَّهِ الْأَسْمَاءُ الْحُسْنَى അഥവാ  'അല്ലാഹുവിന്‌ ഏറ്റവും നല്ല നാമങ്ങൾ ഉണ്ട്' എന്ന്.

• ആദിയിലും അവസാനത്തിലും സര്‍വ്വഗുണ-സമ്പൂര്‍ണ്ണമായ അല്ലാഹഹുവിന്റെ നാമങ്ങളെ പറ്റിയും അവന്റെ പ്രവർത്തനങ്ങളെ  പറ്റിയും  അലാഹു തന്നെ പറയുന്നു لَيْسَ كَمِثْلِهِ شَيْءٌ അഥവാ 'അവനെ പോലെ ഒന്നും ഇല്ല' എന്ന്.

അല്ലാഹു അവന്നുണ്ട്‌ എന്ന് പറയാത്ത, ആദിയിൽ ഇല്ലാത്ത, അവസാനത്തിലും ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, പരിധിയും, പരിമിധിയും, ന്യൂനതകളും ഒക്കെ ഉള്ള മനുഷ്യന്റെയോ, ജിന്നിന്റെയോ, മലക്കിന്റെയോ, ഏതെങ്കിലും സൃഷ്ടിയുടെയോ കഴിവുകളിൽ പെട്ടതോ, പ്രവർത്തനങ്ങളിൽ പെട്ടതോ ആയത്, അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ ഭാഗാമാണ് എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും അയാൾ അല്ലാഹുവിന്റെ കൂടെ അവന്റെ സൃഷ്ടിയേയും ഏകനാക്കിയവൻ ആയി, അങ്ങിനെ അയാൾ  അല്ലാഹുവിന്റെ ഏകത്വത്തിൽ അവന്റെ സൃഷ്ടിയെ പങ്കാളിയാക്കിയവൻ ആയി , അങ്ങിനെ അയാൾ അല്ലാഹുവിന്ന് സമൻമാരെ ഉണ്ടാക്കിയവൻ ആയി, അല്ലാഹുവിൽ ശരണം. 

തുടരും ഇൻഷാ അല്ലാഹു

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف