Wednesday, July 2, 2014

തൗഹീദും ശിർക്കും - ഭാഗം - 2

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

ഒന്നാം ഭാഗത്തിൽ പറഞ്ഞ കാര്യങ്ങൾ തൗഹീദാകുന്ന നമ്മുടെ വിഷയത്തിന്റെ അടിത്തറയാണ്. അല്ലാഹു മാത്രമാണ് ആദിയിലും അവസാനത്തിലും ഉള്ളവൻ എന്നത് അവന്റെ രണ്ടു നാമ-വിശേഷണം എന്നതിലുപരി,  വളരെ കൃത്യമായ രണ്ടു മാനങ്ങൾ അതിൽ ഉണ്ട്. 

1. സൃഷ്ടികൾക്ക് മുൻപ് അല്ലാഹു മാത്രമേ ഉണ്ടായിരുന്നു.
2. സൃഷ്ടികൾ നശിച്ചതിന്നു ശേഷവും  അല്ലാഹു മാത്രമേ ഉണ്ടാകൂ.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥയെകുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാതിരുന്ന എന്നാൽ അല്ലാഹു മാത്രമുണ്ടായിരുന്ന ആ ആദിയിൽ ഉള്ളവനെയാണ് ഇനി നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്.

ആരാണ് ആദിയിൽ ഉള്ളവനായ അല്ലാഹു

ആദിയിൽ ഉള്ള അല്ലാഹുവിനെ നമ്മൾ പരിചയപ്പെടേണ്ടത്  അവൻ ഏകനാകുന്നു എന്ന ഉന്നതവും ഉദാത്തവും ആയ അവന്റെ നാമവിശേഷണത്തിലൂടെയാണ് .

A.  ആദിയിൽ ഏകനായവൻ അല്ലാഹു

ആദിയിൽ ഉള്ള അല്ലാഹുവിനെ നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് വളരെ ഹൃസ്വവും അതേസമയം വളരെയധികം പോരിഷകളും ഉള്ള, തൗഹീദ് എന്ന് മറ്റൊരു പേരുള്ള അദ്ധ്യായത്തിലൂടെയാണ്.

"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2

പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ന്റെ ഒന്നും രണ്ടും വചനങ്ങളെ വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇമാം ഇബ്നു കസീർ (റഹി) പറയുന്നു -

"അബൂ സഈദിൽ  ഖുളിരിയ്യ് (റ)വിൽ  നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു രാത്രിയിൽ ഖത്താദ ഇബ്നു നുഇമാൻ (നിസ്കാരത്തിൽ)  എല്ലാം 'ഖുൽ ഹുവല്ലാഹു അഹദു' പാരായണം ചെയ്തു. അങ്ങിനെ അത് റസൂൽ (സ)യുടെ അടുത്ത് പ്രധിപാദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:  എന്റെ ആത്മാവ് ആരുടെ കയ്യിലാണോ (അവനാണ് സത്യം) തീർച്ചയായും അത് ഖുർആനിന്റെ പകുതിയോ അല്ലെങ്കിൽ മൂന്നിൽ ഒന്നോ ആകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

നബി (സ)യുടെ ഈ തിരുവചനങ്ങളിൽ നിന്നും തന്നെ ഈ അധ്യായത്തിന്റെ പ്രാധ്യാനവും മഹത്വവും മനസ്സിലാക്കാം. അങ്ങിനെ അല്ലാഹു ഏകനാകുന്നു എന്നുപറഞ്ഞാൽ -

1. അല്ലാഹു ആദിയിൽ ഏകനാകുന്നു.
2. അല്ലാഹു ഇന്നും ഏകനാകുന്നു.
3. അല്ലാഹു അവസാനത്തിലും ഏകനാകുന്നു.
4. അല്ലാഹു എന്നും ഏകനാകുന്നു. 

അല്ലാഹു ഏകനാകുന്നു എന്നുപറഞ്ഞാൽ -

5. ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു നശിപ്പിച്ചപ്പോൾ അവൻ ഏകാനായതല്ല.
6. ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ അവൻ ഏകാനായതല്ല.
7. ഏതെങ്കിലും ഒരു സൃഷ്ടി എന്തെങ്കിലും പ്രവർത്തിച്ചപ്പോൾ  അവൻ ഏകാനായതല്ല.
8. ...

ആദിയിൽ സർവ്വ സൃഷ്ടികൾക്കും മുൻപ് ഉണ്ടായിരുന്ന അല്ലാഹു ഏകനിൽ ഏകാനായതിന്ന്  അവന്റെ കോടാനുകോടി വരുന്ന ഏതെങ്കിലും ഒരു സ്രിഷ്ടിയുമായോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും ഒരു പ്രവർത്തനവുമായൊ യാതൊരു ബന്ധവും ഇല്ല.

يَعْنِي: هُوَ الْوَاحِدُ الْأَحَدُ، الَّذِي لَا نَظِيرَ لَهُ وَلَا وَزِيرَ، وَلَا نَدِيدَ وَلَا شَبِيهَ وَلَا عَدِيلَ، وَلَا يُطلَق هَذَا اللَّفْظُ عَلَى أَحَدٍ فِي الْإِثْبَاتِ إِلَّا عَلَى اللَّهِ، عَزَّ وَجَلَّ؛ لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അതായത്, അവൻ (അല്ലാഹു) ഏകനിൽ ഏകനാകുന്നു. അവന്ന് തുണ ഇല്ല, അവന്ന് സഹായി ഇല്ല, അവന്ന് എതിരാളി ഇല്ല, അവന്ന് സമപ്പെടുത്തിനോക്കുവാൻ ഒരാളില്ല. ഈ വാക്ക് ( അൽ  അഹദ്) സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരിക്കലും വകവെച്ചുകൊടുക്കുവാൻ പാടില്ല, കാരണം, അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

അപ്പോൾ, ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ പരിപൂർണ്ണ അർത്ഥത്തിൽ അല്ലാഹു ഏകനായിരുന്നു.

ഇനി, അല്ലാഹുവിന്റെ ഈ ആദിയിലുള്ള ഈ പരിപൂർണ്ണത, "അവൻ ഏകനാകുന്നു" എന്ന നാമവിശേഷണത്തിൽ മാത്രം പരിമിധമല്ല, അത് അവന്റെ സകല നാമവിശേഷണങ്ങൾക്കും ബാധകമാണ്.

B. ആദിയിൽ തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പരിപൂർണ്ണനായവൻ അല്ലാഹു

അല്ലാഹു ആദിയിൽ ഉള്ള അവസ്ഥയിൽ  തന്നെ അവന്റെ എല്ലാ നാമവിശേഷണങ്ങളും അതിൽ അവന്റെ ഏകത്വവും പരിപൂർണ്ണമാകുകയും ചെയ്തിട്ടുണ്ട്.

• അല്ലാഹുവിന്റെ സർവ്വ നാമ-വിശേഷണങ്ങൾക്കും അർഹനായികൊണ്ട്‌ അവൻ മാത്രം ഉള്ള അവസ്ഥ. അതുകൊണ്ട് തന്നെ ആ ആദിയിൽ അവൻ സർവ്വഗുണ സമ്പൂർണ്ണൻ  ആയിട്ടുണ്ട്‌.

അല്ലാഹുവിനു എന്തൊക്കെ നാമങ്ങളും വിശേഷണങ്ങളും ഉണ്ടോ, അതിൽ എല്ലാം തന്നെ അല്ലാഹു പരിപൂർണ്ണൻ ആകുന്നു, അതിലേക്കു ഒന്നും ചേർക്കുവാനോ ഒന്നും കുറക്കുവാനോ ഇല്ല. കാരണം, അല്ലാഹു പറയുന്നു "അവൻ സ്വമദാകുന്നു" - 

"അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2.

എന്താണ്  'സ്വമദ്' എന്നത്കൊണ്ടുള്ള വിവക്ഷ എന്നതിനെപറ്റി, ഇമാം ഇബ്നു കസീർ(റഹി), ഇബ്നു അബ്ബാസ്‌ (റ) തൊട്ട്  പറയുന്നു.

قَالَ عَلِيُّ بْنُ أَبِي طَلْحَةَ، عَنِ ابْنِ عَبَّاسٍ: هُوَ السَّيِّدُ الَّذِي قَدْ كَمُلَ فِي سُؤْدُدِهِ، وَالشَّرِيفُ الَّذِي قَدْ كَمُلَ فِي شَرَفِهِ، وَالْعَظِيمُ الَّذِي قَدْ كَمُلَ فِي عَظْمَتِهِ، وَالْحَلِيمُ الَّذِي قَدْ كَمُلَ فِي حِلْمِهِ، وَالْعَلِيمُ الَّذِي قَدْ كَمُلَ فِي عِلْمِهِ، وَالْحَكِيمُ الَّذِي قَدْ كَمُلَ فِي حِكْمَتِهِ  وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"ഇബ്നു അബ്ബാസ് (റ)വിൽ നിന്നും അലി ഇബ്നു അബീ ത്വൽഹ(റ) പറയുന്നു  -

• തന്റെ സർവാധികാരത്തിൽ പരിപൂർണ്ണനായ സർവാധികാരി ആകുന്നു അവൻ (അല്ലാഹു).
• തന്റെ മാന്യതയിൽ  പരിപൂർണ്ണനായ മാന്യൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ മഹത്വത്തിൽ പരിപൂർണ്ണനായ മഹത്വമേറിയവൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ സഹനശീലത്തിൽ പരിപൂർണ്ണനായ സഹനശീലൻ  ആകുന്നു അവൻ (അല്ലാഹു).
• തന്റെ അറിവിൽ പരിപൂർണ്ണനായ എല്ലാം അറിയുന്നവൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ യുക്തിയിൽ പരിപൂർണ്ണനായ യുക്തിയുള്ളവൻ ആകുന്നു അവൻ (അല്ലാഹു).

വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അപ്പോൾ, തൂവെള്ള വസ്ത്രം പോലെ അല്ലാഹുവിന്റെ ഏകത്വം വളരെ വ്യക്തം.

1. അല്ലാഹു ആദിയിൽ അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
2. അല്ലാഹു ഇന്നും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
3. അല്ലാഹു അവസാനത്തിലും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
4. അല്ലാഹു എന്നും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു. 

അതുകൊണ്ടാണ്  അല്ലാഹു ഏകനാകുന്നു എന്നതിനെ വിശദീകരിക്കുന്നിടത്ത് ഇമാം ഇബ്നു കസീർ(റഹി) പറഞ്ഞത്  -

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

ആദിയിൽ സർവ്വ രാജാധികാരത്തിന്റെയും ഉടയവനായ അല്ലാഹു തന്റെ മുഴുവൻ നാമ-വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ അയതോടൊപ്പം തന്നെ അവൻ അതിൽ ഏകനും ആയിത്തീന്നു.

അപ്പോൾ, ആരാണ് ആദിയിൽ ഉള്ള അല്ലാഹു എന്ന ചോദ്യത്തിനു വളരെ ലളിതവും എന്നാൽ വളരെ സുഭദ്രവുമായ  ഉത്തരം വളരെ വ്യക്തം.

• ആദിയിൽ ഏകാനായവൻ അല്ലാഹു.

• ആദിയിൽ തന്റെ സർവ്വ നാമ-വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയവൻ അല്ലാഹു.

തന്റെ ഏകത്വത്തിലും, പരിപൂർണ്ണതയിലും സൃഷ്ടികളെതൊട്ട് ഉന്നതനായവൻ അല്ലാഹു 

സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികൾക്കും മുൻപ്, യാതൊരു തുടക്കവും ഇല്ലാതെ, അല്ലാഹു എകനാകുകയും, അതോടൊപ്പം തന്നെ തന്റെ സർവ്വ വിശേഷണങ്ങളിലും ഉന്നതനും പ്രതാപവാനുമായ അല്ലാഹു സർവ്വഗുണ-സംബൂർണ്ണൻ ആകുകയും ചെയ്തു.

ഈ പരമമായ സത്യം, അല്ലാഹുവിന്റെ രണ്ടു ഉന്നത നാമ-വിശേഷണങ്ങളായ  'അഹദ്', 'സ്വമദ്' എന്നതിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുകസീർ(റഹി) വിശദീകരിച്ചതിൽ  നിന്നും നമുക്ക് വളരെ കൃത്യമായി മനസ്സിലായി.

കാര്യം അങ്ങിനെയാണെങ്കിൽ -

• പേനയെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• അർഷിനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

സ്വർഗ്ഗ നരഗ ആകാശ സൂര്യ നക്ഷത്ര ചന്ദ്രാദികളെയും ഭൂമിയേയും ഒക്കെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• മലക്കുകളെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• ജിന്നിനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• ഏതൊരു സൃഷ്ടിയെ സ്രിഷ്ടിക്കുമ്പോഴും അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്യുകയില്ല, കാരണം അവൻ സർവ്വ  സൃഷ്ടികൾക്ക് മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി അഥവാ അല്ലാഹു സർവ്വഗുണ-സംബൂർണ്ണൻ ആയി.

അനന്തമായ കാലഘട്ടത്തിന്റെ വളരെ നിസ്സാരമായ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെടുകയും മറ്റൊരു നിമിഷത്തിൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കഴിവുകെട്ട, നിസ്സാരന്മാരും, ദുർബലരും, നിലനിൽപ്പിന്നു വേണ്ടി പരാശ്രയമുള്ളവരും ആയ സൃഷ്ടികളെതൊട്ട് ആദിയിലും അവസാനത്തിലും ഏകനും സർവ്വഗുണ-സംബൂർണ്ണനും ആയ അല്ലാഹു എത്രയോ പരിശുദ്ധൻ ആകുന്നു, എത്രയോ ഉന്നതൻ ആകുന്നു.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment