Monday, July 28, 2014

തൗഹീദും ശിർക്കും - ഭാഗം - 5

​അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

കഴിഞ്ഞ നാല് ഭാഗങ്ങളിൽ പറഞ്ഞത് തൗഹീദ് എന്ന നമ്മുടെ വിഷയത്തിന്റെ വളരെ അടിസ്ഥാനപരമായ, കാതലായ ഭാഗങ്ങൾ ആകുന്നു. അവകൾ  താഴെ കൊടുക്കുന്നു.

A. ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു.

B. ആദിയിൽ ഏകൻ ആയവനും, തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണനായവൻ അല്ലാഹു.

C. ആദിയിൽ പരിപൂർണ്ണമായ തന്റെ ഏകത്വവും സർവാധികാരവും ഒരിക്കലും പങ്കുവെക്കാത്തവൻ  അല്ലാഹു. 

D. മുഇജിസത്തുകളിലൂടെ തന്റെ രാജാധികാരം പങ്കുവെക്കാത്തവൻ അല്ലാഹു.

E. തന്റെ എകത്വത്തിന്നു സൃഷ്ടികളുമായി യാതൊരു സാമ്യതയും  ഇല്ലാത്തവൻ അല്ലാഹു.

ഈ പറഞ്ഞ കാര്യങ്ങളിൽ ഓരോന്നും മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കിയില്ലെങ്കിൽ അതിന്റെ പര്യാവസാനം കുഫുറും,  അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കും ആയിരിക്കും എന്നത് ഓരോ ആളുകളും വളരെ ഗൌരവമായി കാണേണ്ടതാകുന്നു.

ഇതുവരെ പറഞ്ഞ മർമ്മപ്രധാനമായ കാര്യങ്ങളുടെ വെളിച്ചത്തിൽ ആണ്  തൗഹീദ് എന്നാൽ എന്താണ് എന്നും എങ്ങിനെയാണ് പണ്ഡിതന്മാർ തൗഹീദിനെ നിർവചിച്ചത്  എന്നും മനസ്സിലാക്കേണ്ടത്.

തൗഹീദ് 

"വഹ്ഹദ" എന്ന അറബി പദത്തിൽനിന്നുമാണ് 'തൗഹീദ്' എന്ന പദം വന്നത്. 'വഹ്ഹദ' എന്നാൽ അതിനർത്ഥം 'എകനാക്കി' എന്നതാണ്. അങ്ങിനെവരുമ്പോൾ ഉയർന്നു വരുന്ന രണ്ടു സുപ്രധാനമായ ചോദ്യങ്ങളാണ് ആരെയാണ് ഏകൻ ആകേണ്ടത്? എന്തിലാണ് ഏകൻ ആകേണ്ടത് ?

A. ഏകാനാക്കേണ്ടത് ആരെ ?

ഒരു സംശയവും ഇല്ല, ആദിയിലും അവസാനത്തിലും സർവ്വഗുണ സംബൂർണ്ണൻ ആയ അല്ലാഹുവിനെ ആകുന്നു ഏകാനാക്കേണ്ടത് , അവനെ മാത്രം ആകുന്നു ഏകാനാക്കേണ്ടത് .

'തൗഹീദ്' എന്ന് മറ്റൊരു പേരുള്ള പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ആദ്യത്തെ രണ്ടു വചനങ്ങൾ ഇമാം ഇബ്നു കസീർ (റഹി) വിശദീകരിച്ചത് ഈ വിഷയത്തിന്റെ രണ്ടാം ഭാഗത്ത് പറഞ്ഞത് ഇവിടെ ഓർക്കണം.

"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2

يَعْنِي: هُوَ الْوَاحِدُ الْأَحَدُ، الَّذِي لَا نَظِيرَ لَهُ وَلَا وَزِيرَ، وَلَا نَدِيدَ وَلَا شَبِيهَ وَلَا عَدِيلَ، وَلَا يُطلَق هَذَا اللَّفْظُ عَلَى أَحَدٍ فِي الْإِثْبَاتِ إِلَّا عَلَى اللَّهِ، عَزَّ وَجَلَّ؛ لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അതായത്, അവൻ (അല്ലാഹു) ഏകനിൽ ഏകനാകുന്നു. അവന്ന് തുണ ഇല്ല, അവന്ന് സഹായി ഇല്ല, അവന്ന് എതിരാളി ഇല്ല, അവന്ന് സമപ്പെടുത്തിനോക്കുവാൻ ഒരാളില്ല. ഈ വാക്ക് ( അൽ  അഹദ്) സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരിക്കലും വകവെച്ചുകൊടുക്കുവാൻ പാടില്ല, കാരണം, അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

അപ്പോൾ ഏകൻ ആക്കേണ്ടത്, ആദിയിൽ ഏകനിൽ ഏകനായ, തുണ ഇല്ലാത്ത, സഹായി ഇല്ലാത്ത, എതിരാളി ഇല്ലാത്ത, സമപ്പെടുത്തി നോക്കുവാൻ വേറെ ഒരാൾ ഇല്ലാത്ത, സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനെ ആകുന്നു.

കാര്യം അങ്ങിനെയാണെങ്കിൽ -

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത മനുഷ്യനെ അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത മലക്കിനെ  അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത ജിന്നിനെ  അല്ല.

• ഏകൻ ആക്കേണ്ടത്  ആദിയിലും അവസാനത്തിലും ഒരിക്കലും ഇല്ലാത്ത ഒരു  സൃഷ്ടിയെയും  അല്ല.

എന്നാൽ, ഏകൻ ആകേണ്ടത് മനുഷ്യനെയോ, മലക്കിനെയോ, ജിന്നിനെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയെയോ ആണ് എന്നാണ് ആരെങ്കിലും വാദിക്കുന്നത് എങ്കിൽ, അവരുടെ പര്യാവസാനം കാലാകാലം നരഗം ഉറപ്പിക്കുന്ന ശിർക്കാണ് എന്നത് ഇവിടെ വളരെ ഗൌരവമായി ഉണർത്തുകയാണ്

B. ഏകാനാക്കേണ്ടത്  ഏതൊരു കാര്യത്തിൽ  ?

ആദിയിലും അവസാനത്തിലും ഉള്ള അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്, ഏതൊരു കഴിവുകളിലും പ്രവർത്തനങ്ങളിലും  അവൻ സർവ്വഗുണ സംബൂർണ്ണൻ ആയോ അതിൽ ആകുന്നു.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു ആദിയിലും അവസാനത്തിലും ഏകൻ ആയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

• ഏതൊരു നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അവനെ പോലെ എന്ന് പറയുവാൻ ആരും ഇല്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്. 

• ഏതൊരു നാമ-വിശേഷണങ്ങളും പ്രവർത്തനങ്ങളും ആരുമായും അവൻ പങ്കുവേചില്ലയോ, ആ നാമ-വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

അല്ലാഹുവിന്റെ ഒരു ഉന്നതമായ നാമമായ 'സ്വമദ്' എന്നതിനെ മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ്‌ (റ) വിശദീകരിച്ചത്, രണ്ടാം ഭാഗത്ത് പറഞ്ഞതിന്റെ പ്രസക്തമായ വരികൾ ഇവിടെ ഓർക്കേണ്ടതുണ്ട്.

 وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അതെ, യാതൊരാൾക്കും വകവെച്ചു കൊടുക്കുവാൻ പാടില്ലാത്ത അല്ലാഹുവിന്റെ സർവ്വ കഴിവുകളിലും, പ്രവർത്തനങ്ങളിലും  ആകുന്നു തീർച്ചയായും അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

കാര്യം അങ്ങിനെയാണെങ്കിൽ -

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മലക്കിന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ജിന്നിന്റെ കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല

• അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സൃഷ്ടിയുടെയും ഏതെങ്കിലും കഴിവുകളിലോ പ്രവർത്തനങ്ങളിലോ അല്ല.

എന്നാൽ, ആദിയിലോ, അവസാനത്തിലോ ഒരിക്കലും ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെയോ, ജിന്നിന്റെയോ, മലക്കിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവിലോ, പ്രവർത്തനത്തിലൊ ആണ് അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്ന് ഒരാൾ വാദിച്ചാൽ, അത് അല്ലാഹുവിന്റെ കഴിവോ, പ്രവർത്തനമോ അവന്റെ സൃഷ്ടികളിൽ ആരോപിക്കുന്നതിനു തുല്യമാണ്, അത് പര്യാവസാനിക്കുന്നത് കാലാകാലം നരഗം ഉറപ്പിക്കുന്ന ശിർക്കിലെക്കാണ്, അല്ലാഹുവിൽ ശരണം.

ആദിയിൽ സർവ്വഗുണ സംബൂർണ്ണമായ, ആരുമായും ഒരിക്കലും പങ്കുവെക്കാത്ത, മുഇജിസത്തുകളിലൂടെ ഒരിക്കലും പങ്കുവെക്കാത്ത,  ആരുമായും ഒരു സാദ്രിശ്യവും ഇല്ലാത്ത, ആരുമായും ഒരു തുല്യതയും ഇല്ലാത്ത, അവനെ പോലെ എന്ന് പറയുവാൻ ഒരാൾ ഇല്ലാത്ത  അല്ലാഹുവിന്റെ അപാരമായ, അനന്തമായ കഴിവുകളിലും പ്രവർത്തനങ്ങളിലും ആകുന്നു ഉന്നതനും, പ്രതാപവാനുമായ അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

ഇത്തരുണത്തിൽ അല്ലാഹുവിനെ ഏകാനാക്കുന്നതിന്റെ പേരാകുന്നു 'തൗഹീദ്'.

തുടരും ഇൻഷാ അല്ലാഹു

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف

Monday, July 14, 2014

തൗഹീദും ശിർക്കും - ഭാഗം - 4

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയപ്പെട്ട സഹോദരങ്ങളെ

ഒന്നാം ഭാഗത്ത് സൂചിപ്പിച്ച പോലെ, ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പ്രഖ്യാപിക്കുന്നതിന്നു മുൻപ്,  ഏതൊരു അല്ലാഹുവിനെ കുറിച്ചാണ് 'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന സത്യസാക്ഷ്യം താൻ വഹിക്കുന്നത് എന്ന് വളരെ കൃത്യമായി അറിയേണ്ടതുണ്ട്.

കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലും ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ് സുപ്രധാനമായ, അറിഞ്ഞില്ലെങ്കിൽ വിശ്വാസം അപകടത്തിൽ പെട്ടുപോകുന്ന ചില കാര്യങ്ങൾ പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ നമ്മൾ പറഞ്ഞത്.

ഇനിയും വളരെ പ്രാധാന്യത്തോട്കൂടി മനസ്സിലാക്കേണ്ട മറ്റൊരു സംഗതി ആണ് അല്ലാഹുവിന്റെ ഏകത്വത്തിനോ, അവന്റെ സർവ്വഗുണ സമ്പൂർണ്ണതക്കോ, സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കേവല സൃഷ്ടികളുമായി യാതൊരുവിധത്തിലും ഒരു  സാമ്യതയും ഒരിക്കലും ഇല്ല എന്നത്.

E. തന്റെ എകത്വത്തിന്നു സൃഷ്ടികളുമായി യാതൊരു സാമ്യതയും  ഇല്ലാത്തവൻ അല്ലാഹു

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ പരിപൂര്‍ണ്ണമായ തന്റെ ഏകത്വവും ആ എകത്വത്തില്‍ പരിപൂർണ്ണമായ തന്റെ സര്‍വ്വഗുണ സമ്പൂര്‍ണ്ണതയും അല്ലാഹു  ഒരാളുമായും ഒരിക്കലും പങ്കുവെക്കില്ല എന്ന്‍ വളരെ വ്യക്തമായി.

അതേപോലെതന്നെ, മുഇജിസത്തുകൾ എന്നാൽ അത് അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രം നടക്കുന്ന ഒന്നാണെന്നും, അതിൽ അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഒരു അംശം പോലും പങ്കുവെക്കുന്ന പ്രശ്നം ഒരിക്കലും  ഇല്ല എന്നും പറഞ്ഞുകഴിഞ്ഞു.

ഇനി, തന്റെ ഏകത്വത്തിന്നും, സർവ്വഗുണ സമ്പൂർണ്ണതക്കും, ആരുമായും പങ്കുവെക്കാത്ത രാജാതിപത്യത്തിന്നും പിന്നീട് വന്ന സൃഷ്ടികളുമായി എന്തെങ്കിലും സാമ്യത ഉണ്ടോ?

രണ്ടാം ഭാഗത്ത്, 'തൗഹീദ്' എന്ന് മറ്റൊരു  പേരുള്ള പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ഒന്നാം വചനമായ  "കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു" എന്നതിനെ വിശദീകരിച്ചുകൊണ്ട്  ഇമാം ഇബ്നു കസീർ(റഹി) പറഞ്ഞത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

• യാതൊരു കഴിവില്‍ അല്ലാഹു ഏകാനായോ, ആ ഒരു കഴിവും പിന്നീട് വന്ന സൃഷ്ടിയുടെ ഒരു കഴിവും തമ്മില്‍ എന്തെങ്കിലും ഒരു സാമ്യം ഉണ്ടോ? ഒരിക്കലും ഇല്ല.

• യാതൊരു പ്രവൃത്തിയില്‍ അല്ലാഹു ഏകാനായോ, ആ ഒരു പ്രവൃത്തിയും സൃഷ്ടിയുടെ ഒരു പ്രവൃത്തിയും തമ്മില്‍ എന്തെങ്കിലും ഒരു സാമ്യം ഉണ്ടോ? ഒരിക്കലും ഇല്ല.

"ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവന്‍. ) നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച്‌ വര്‍ധിപ്പിക്കുന്നു. അവനെ പോലെ യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." - ഖുർആൻ 42:11.

لَيْسَ كَمِثْلِهِ شَيْءٌ أَيْ: لَيْسَ كَخَالِقِ الْأَزْوَاجِ كُلِّهَا شَيْءٌ؛ لِأَنَّهُ الْفَرْدُ الصَّمَدُ الَّذِي لَا نَظِيرَ لَهُ

'അവനെ പോലെ യാതൊന്നും ഇല്ല' അതായതു, എല്ലാ ഇണകളെയും  സൃഷ്ടിച്ചവനെ പോലെ ഒന്നും ഇല്ല കാരണം, അവൻ അതുല്യനും, സർവ്വാശ്രയനായ യജമാനനുമായ തുണ ഇല്ലാത്തവനും ആകുന്നു." - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 42:11.

അതെ, എല്ലാ ഇണകളെയും സ്രിഷ്ടിച്ച അല്ലാഹുവിന്നു, അവന്റെ സൃഷ്ടികളുമായി കഴിവിലോ പ്രവൃത്തിയിലോ യാതൊരു സാമ്യതയും ഒരിക്കലും  ഇല്ല.

അമാനി മൗലവി(റഹി), ഒന്ന് കൂടി വിശദമാക്കുന്നു -

"ഇസ്ലാമിക വീക്ഷണത്തിൽ മൌലികപ്രദാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെ പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽക്രിഷ്ട്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിൽ ആകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, അവനെപോലെ  - അവന്നു തുല്യമായതോ, കിടയത്തതോ യാതൊന്നും തന്നെ ഇല്ല." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

അപ്പോൾ, സൃഷ്ടികളുടെ എന്തെങ്കിലും കഴിവിവോ പ്രവർത്തനമോ അല്ലാഹുവിന്റെ എന്തെങ്കിലും കഴിവുമായോ പ്രവർത്തനവുമായോ യാതൊരു സദ്രിശ്യമോ തുലനം ചെയ്യലോ ഒരിക്കലും സാധ്യം അല്ല.

I. അല്ലാഹുവിന്റെ ഇറക്കം     

അല്ലാഹുവിന്റെ ഒന്നാം ആകാശത്തേക്കുള്ള ഇറക്കവുമായി ബന്ധപ്പെട്ടുകൊണ്ട്‌ നബി (സ) പറഞ്ഞു -

"രാത്രിയുടെ മൂന്നിൽ ഒന്ന് ബാകിയാകുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും. എന്നിട്ട് പറയും 'ആരെങ്കിലും എന്നെ വിളിച്ചാൽ, ഞാൻ അവന്ന് ഉത്തരം നൽകും, ആരെങ്കിലും എന്നോട് ചോദിച്ചാൽ, ഞാൻ അവന്നു നൽകും, ആരെങ്കിലും എന്നോട് പാപമോചനം തേടിയാൽ, ഞാൻ അവന്നു പൊറുത്തു കൊടുക്കും.' " - ബുഖാരി, മുസ്ലിം.

ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നതിനെപറ്റി  അല്ലാഹു പറയുന്നു -

"മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു." ഖുർആൻ 97:4.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച അവന്റെ  ഇറക്കവും, അവന്റെ സൃഷ്ടികളിൽ ഒന്നായ മലക്കുകളുടെ ഇറക്കവും തമ്മിൽ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

II. അല്ലാഹുവിന്റെ കാഴ്ച   

നബി(സ)യെ ദ്രോഹിച്ച ഒരു മനുഷ്യന്റെ ചെയ്തിയെ അല്ലാഹു കാണുന്നുണ്ട് എന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു - 

"അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന് ?" ഖുർആൻ 96 :14.

അതേ അല്ലാഹു തന്നെ പറയുന്നു ശൈത്വാനും കൂട്ടരും മനുഷ്യരായ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു എന്ന്.

"തീര്‍ച്ചയായും അവനും (ശൈത്വാനും) അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു." - ഖുർആൻ 7:27.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച അവന്റെ കാഴ്ചയും, അവന്റെ സൃഷ്ടികളിൽ ഒന്നായ ജിന്നിന്റെ കാഴ്ചയും തമ്മിൽ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

III. അല്ലാഹുവിന്റെ സംസാരം 

മൂസ നബിയുമായി അല്ലാഹു നേരിട്ട് നടത്തിയ സംസാരത്തെ കുറിച്ച് അല്ലാഹു പറയുന്നു -

"നിനക്ക്‌ നാം മുമ്പ്‌ വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട്‌ അല്ലാഹു നേരിട്ട്‌ സംസാരിക്കുകയും ചെയ്തു." - ഖുർആൻ 4:164.

ഇബ്രാഹീം നബിയുടെ അടുത്തേക്ക്‌ മനുഷ്യരൂപത്തിൽ വന്ന മലക്കുകളോട്, അദ്ദേഹം ചോദിച്ച ചോദ്യത്തെ കുറിച്ച്  അല്ലാഹു പറയുന്നു -

"അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു. എന്നിട്ട്‌ അത്‌ അവരുടെ അടുത്തേക്ക്‌ വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?" - ഖുർആൻ 51:26-27.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച, അവന്റെ ഒരു സൃഷ്ടിയോടുള്ള അവന്റെ സംസാരവും, അവന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യനും, അവന്റെ  മറ്റൊരു സൃഷ്ടിയായ മലക്കും തമ്മിലുള്ള സംസാരവും ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

ഇനിയും ഒരുപാട് ഇത്തരത്തിൽ ഉള്ള, അല്ലാഹുവിന്റെ കഴിവും, പ്രവർത്തനവും, അവന്റെ വിവിധങ്ങൾ ആയ സൃഷ്ടികളുടെ കഴിവും പ്രവർത്തനത്തെ കുറിച്ചും ഒക്കെ ഉദാഹരണങ്ങൾ പരിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും നമുക്ക് കാണാവുന്നതാണ്. അവിടങ്ങളിൽ എല്ലാം തന്നെ അല്ലാഹുവിന്റെ ഏതെങ്കിലും കഴിവിന്ന് അവന്റെ സൃഷ്ടികളുടെ കഴിവുമായോ,   അല്ലാഹുവിന്റെ ഏതെങ്കിലും പ്രവർത്തനത്തിന്ന് അവന്റെ സൃഷ്ടികളുടെ പ്രവർത്തനവുമായോ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

ഇത്തരുണത്തിൽ ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും കഴിവിനോ പ്രവർത്തനത്തിനോ, ഏതൊരു കാര്യത്തിൽ അല്ലാഹു ആദിയിലും അവസാനത്തിലും സർവ്വഗുണ സംബൂർണ്ണൻ ആയോ, അതിന്നു യാതൊരു സാദ്രിശ്യവും ഇല്ല, "അല്ലാഹുവിനെ പോലെ" എന്ന് പറയുവാൻ വേറെ ആൾ ഇല്ല.

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ മനുഷ്യന്റെ  ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ  ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.   

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ മലക്കിന്റെ   ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.   

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ ജിന്നിന്റെ   ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല. 

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ അവന്റെ ഏതെങ്കിലും സൃഷ്ടിയുടെ, ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ". وَلَيْسَ فِيمَا وَصَفَ اللَّهُ بِهِ نَفْسَهُ وَلَا رَسُولَهُ تَشْبِيهٌ، فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَاتُ الصَّرِيحَةُ وَالْأَخْبَارُ الصَّحِيحَةُ، عَلَى الْوَجْهِ الَّذِي يَلِيقُ بِجَلَالِ اللَّهِ تَعَالَى، وَنَفَى عَنِ اللَّهِ تَعَالَى النَّقَائِصَ، فَقَدْ سَلَكَ سَبِيلَ الْهُدَى.

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല. 

ഉന്നതനായ അല്ലാഹുവിന്റെ മഹത്വത്തിന്നു യോജിച്ച രീതിയിൽ, (ഖുർആൻ) വചനങ്ങളിലും  സ്വഹീഹായ (നബി) വചനങ്ങളിലും  വന്നതിനെ ആരെങ്കിലും സത്യപ്പെടുത്തുകയും അല്ലാഹുവിന്നു എന്തെങ്കിലും കുറവുണ്ട് എന്നതിനെ നിഷേധിക്കുകയും ചെയ്‌താൽ, തീർച്ചയായും അവൻ സന്മാർഗത്തിൽ പ്രവേശിച്ചു" - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54. 

അല്ലാഹുവിന്റെ ഒരു ന്യൂനതയും ഇല്ലാത്ത, ഒരു കുറവും ഇല്ലാത്ത കഴിവുകളെ പറ്റിയും, അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ പ്രവൃത്തികളിൽപെട്ട സിംഹാസത്തിലുള്ള ആരോഹണവും ഒക്കെ പരാമർശിച്ചുകൊണ്ട് മഹാനായ ഇമാം ഇബ്നു കസീർ(റഹി) പറയുന്നതാണ് തൊട്ട് മുകളിൽ ഉള്ളത്.

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

മലക്കിന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

ജിന്നിന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

• ഏതെങ്കിലും ഒരു സൃഷ്ടിയുടെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, ഇതെഴുതുന്നത്, ആരെയെങ്കിലും 'കാഫിർ' എന്ന് വിളിക്കുവാൻ വേണ്ടി അല്ല. മറിച്ച്, സത്യവും അസത്യവും വേർതിരിക്കുന്ന "അൽ ഫുർഖാൻ" എന്ന് മറ്റൊരു പേർ ഉള്ള പരിശുദ്ധ ഖുർആനിൽ, അല്ലാഹുവും അവന്റെ തിരുനബി(സ)യും പറഞ്ഞുതന്ന പാതയിൽ നിന്നും വ്യതിചലിച്ച ആളുകളെ പറ്റി 'മുഷ്രിക്ക് ' എന്നും, 'കാഫിർ' എന്നും, 'വഴിപിഴച്ചവർ' എന്നും, 'തെമ്മാടികൾ' എന്നും, 'സ്വയം വിഡ്ഢി' എന്നും 'കഴുതകൾ' എന്നും 'നാൽകാലികളെക്കാൾ അധപതിച്ചവർ' എന്നും ഒക്കെയുള്ള പ്രയോഗങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം മോശമായ വിശേഷണങ്ങളിൽ നിന്നെല്ലാം അവൻ വിട്ടു നിൽക്കുവാൻ പരമാവധി ശ്രമിക്കും, എന്തെങ്കിലും കക്ഷിത്വമോ വ്യക്തി വിരോധമോ അവനെ സത്യത്തിന്റെ മാർഗത്തിൽ നിന്നും വ്യതിചലിപ്പിക്കുക ഇല്ല തന്നെ.

അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഭാഗമായ, അല്ലാഹു സർവ്വഗുണ സംബൂർണ്ണൻ ആയ അവന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അവന്റെ സൃഷ്ടികളിൽ ആരോപിക്കുന്നവർ അവസാനം ചെന്നെത്തുന്നത് അല്ലാഹുവിന്നു സമൻമാരെ ഉണ്ടാകുന്ന, ശാശ്വതമായയി നരഗത്തിലേക്ക് എത്തിക്കുന്ന ഷിർക്കിലേക്കാണ്. അല്ലാഹു അനുഗ്രഹിക്കുകയാണെകിൽ അത് എങ്ങിനെ എന്ന് പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ വഴിയെ നമുക്ക് മനസ്സിലാക്കാം.

പരിശുദ്ധ ഖുർആനും തിരുസുന്നത്തും മുന്നോട്ടു വെക്കുന്ന വിശ്വാസം എന്തെന്നാൽ  അത് അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മധ്യത്തിൽ ഉള്ള വിശ്വാസമാണ്. ആ വിശ്വാസത്തിൽ എറ്റവും പ്രാധാന്യമേറിയ അല്ലാഹുവിനെ കുറിച്ചുള്ള വളരെ ഉന്നതമായ, മഹത്വമേറിയ, തുലത്യയില്ലാത്ത വിശ്വാസ-ഭാഗങ്ങലിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാളെ ഖബറിലും, പിന്നീട് അല്ലാഹുവിന്റെ കോടതിയിലും ഒറ്റക്ക് നിന്നുകൊണ്ട് മറുപടി പറയേണ്ടിവരുന്ന ആ ദിനത്തെ ഓർത്തുകൊണ്ട്‌ വിശ്വാസം ക്രമപ്പെടുത്തുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Monday, July 7, 2014

തൗഹീദും ശിർക്കും - ഭാഗം - 3

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയപ്പെട്ട സഹോദരങ്ങളെ

ആരാണ് ആദിയിൽ ഉള്ളവനായ അല്ലാഹു എന്നതിനെകുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഇവിടെ പറയുന്ന മിക്കവാറും ഭാഗങ്ങളും തൊട്ട്മുൻപ് കഴിഞ്ഞ ഭാഗങ്ങളുടെ തുടർച്ച ആയിരിക്കും. 

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ രണ്ടു കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

A. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ അഥവാ ആദിയിൽ അവന്റെ അനന്തമായ കഴിവുകളോട്  കൂടി അല്ലാഹു ഏകനിൽ ഏകനായി.

B. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ അഥവാ ആദിയിൽ, അവന്റെ കഴിവുകൾ പരിപൂർണ്ണമാണ്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളിൽ ഇനി ഒന്ന് കൂടുവാണോ കുറയുവാനോ ഇല്ല; അത് ആദിയിൽ പരിപൂർണ്ണം ആകുന്നു, ഇന്നും, എന്നും പരിപൂർണ്ണം ആകുന്നു. 

ആദിയിൽ പരിപൂർണ്ണമായ ഉന്നതനും മഹാനുമായ ആ അല്ലാഹുവിന്റെ അസ്ഥിത്വത്തെ സംബന്ധിച്ചു ചില സുപ്രധാനമായ കാര്യങ്ങൾകൂടി മനസ്സിലാക്കേണ്ടതുണ്ട്.

C. ആദിയിൽ പരിപൂർണ്ണമായ തന്റെ ഏകത്വവും സർവാധികാരവും ഒരിക്കലും പങ്കുവെക്കാത്തവൻ  അല്ലാഹു 

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ അല്ലാഹുവിന്റെ ഏകത്വവും ആ ഏകത്വത്തിൽ  അവന്റെ സർവാധികാരവും പരിപൂർണ്ണമായി എന്ന് പറഞ്ഞുകഴിഞ്ഞു. ഇനി അല്ലാഹു അവന്റെ ഏതെങ്കിലും ഒരു നാമവിശേഷണമോ, ഒരു പ്രവർത്തനമോ, ഒരു കഴിവോ  അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയുമായി പങ്കു വെക്കുമോ ? ഇല്ല, ഒരിക്കലും ഇല്ല.

പരിശുദ്ധ ഖുർആൻ അസന്നിഗ്ദമായി, അർത്ഥ-ശങ്കക്ക് ഇടഇല്ലാത്ത വിധം, വളരെ വ്യക്തമായി പ്രഖ്യാപിച്ച കാര്യം ആകുന്നു ഇത്.

പരിശുദ്ധനും ഉന്നതനുമായ അല്ലാഹു ഒരിക്കലും തന്നെ തന്റെ ആധിപത്ത്യത്തിന്റെ ഒരു അംശവും ഒരാളുമായും ഒരു സന്ദർഭത്തിലും പങ്കുവെചിട്ടില്ല പങ്കു വെക്കുകയും ഇല്ല.

"സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക." - ഖുർആൻ 17:111.

فيكون عاجزا ذا حاجة إلى معونة غيره ضعيفا، ولا يكون إلها من يكون محتاجا إلى معين على ما حاول، ولم يكن منفردا بالمُلك والسلطان

"അങ്ങിനെയാണെങ്കിൽ (അല്ലാഹുവിന്നു  അവന്റെ  ആധിപത്യത്തില്‍ വല്ല പങ്കുകാരനും ഉണ്ടെങ്കിൽ), അവനെ കൂടാതെയുള്ള ദുർബലമായ ഒരു സഹായിയെ ആവശ്യമുള്ളവനാകും അവൻ. കാര്യസാധനം ആവശ്യമുള്ളവരുടെ കാര്യങ്ങൾ നിറവേറ്റികൊടുക്കുന്ന ആരാധ്യൻ ആകുകയില്ല അവൻ. രാജാധികാരത്തിലും അധീശത്തിലും അവൻ ഏകൻ ആകുകയും ഇല്ല." - ത്വബരി(റഹി), ഖുർആൻ  17:111.

കാര്യം വളരെ വ്യക്തമാണ്. അങ്ങിനെയങ്ങാനും ഒരു പങ്കുകാരൻ ഉണ്ടായിരുന്നെങ്കിൽ, അല്ലാഹു ഒരിക്കലും അരാധനക്കർഹൻ ആകുകയില്ല എന്നാണു ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പരിശുദ്ധ ഖുർആൻ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത്.

അല്ലാഹു വീണ്ടും ആവർത്തിച്ചു പറയുന്നു- 

"ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അവനാകുന്നു. അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു." - ഖുർആൻ 25:2.

അപ്പോൾ അല്ലാഹിവിന്റെ ആധിപത്യം അവന്റെ സകല സൃഷ്ടികളിൽനിന്നും ഉന്നതമാണ്, ആ ആധിപത്യത്തിൽ അവന്നു യാതൊരു പങ്കാളിയും ഇല്ലായിരുന്നു, ഇന്നും ഇല്ല, ഒരിക്കലും ഉണ്ടാകുകയും ഇല്ല.

D. മുഇജിസത്തുകളിലൂടെ തന്റെ രാജാധികാരം പങ്കുവെക്കാത്തവൻ അല്ലാഹു 

മനുഷ്യകുലത്തെ നേർമാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി അല്ലാഹു കാലാകാലങ്ങളിൽ അവന്റെ ദൂദന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരുടെ പ്രവാചകത്വത്തിന്നു തെളിവായിക്കൊണ്ട് വിവിധങ്ങൾ ആയ മുഇജിസത്തുകൾ അഥവാ അൽഭുതകഴിവുകൾ അല്ലാഹു അവരിലൂടെ ജനങ്ങൾക്ക്‌ വേണ്ടി വെളിവാക്കിയിട്ടുണ്ട്.

• ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ കഴിവിൽനിന്നും എന്തെങ്കിലും ഒരു അംശം പങ്കുവെക്കുന്ന ഒരു സംഗതി അല്ല മുഇജിസത്തുകൾ.

മുകളിൽ സൂചിപ്പിച്ച പരിശുദ്ധ ഖുർആൻ വചനങ്ങൾ  17:111, 25:2 എന്നിവയിലൂടെ അല്ലാഹു വളരെ കൃത്യമായി വ്യക്തമാക്കിയ കാര്യമാണ്, അല്ലാഹു അവന്റെ രാജാധികാരം ഒരിക്കലും ഒരാളുമായും പങ്കുവെക്കില്ല എന്നത്.

I. മൂസ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല

മുഇജിസത്തുകൾ എന്നാൽ അത് അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രം നടക്കുന്നവയാകുന്നു. മൂസ നബി(അ)യുടെ മുഇജിസത്തുളെ കുറിച്ച് പറയുന്നിടത്ത് അല്ലാഹു പറയുന്നു -

"അദ്ദേഹം ( ഫിര്‍ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌." - ഖുർആൻ 17:102.

وأنهنّ من عند الله لا من عند غيره، إذ كنّ معجزات لا يقدر عليهنّ، ولا على شيء منهنّ سوى ربّ السموات والأرض، وهو جمع بصيرة.

"തീർച്ചയായും അവകൾ (മുഇജിസത്തുകൾ) അല്ലാഹുവിൽ നിന്നുള്ളതാണ്; അവനെ കൂടാതെ ഉള്ളവരിൽ നിന്നും അല്ല. തീർച്ചയായും മുഇജിസത്തുകൾക്കുമേൽ എന്തെങ്കിലും കഴിവോ, അതിൽ നിന്നും എന്തെങ്കിലും (ഒരു അംഷമോ) ഭൂമിയുടെയും ആകാശങ്ങളുടെയും രക്ഷിതാവിന്നു അല്ലാതെ ഇല്ല, അവൻ മുഴുവൻ (കാര്യങ്ങളെയും) കാണുന്നവനാകുന്നു  " - ഇമാം ത്വബരി(റഹി), ഖുർആൻ 17:102.

മുഇജിസത്തുകളുടെ കാര്യം അങ്ങിനെ ആണെങ്കില്‍, അതിനെക്കാള്‍ താഴ്‌ന്ന ശ്രേണിയില്‍ വരുന്ന കറാമാത്തുകളുടെ കാര്യവും അങ്ങിനെ തന്നെ.

II. ഈസ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല 

മഹാനായ ഈസ(അ)ന്റെ മുഇജിസത്തുകളിൽപെട്ട വളരെ അല്‍ഭുതകരമായ മരിച്ചവരെ ജീവിപ്പിക്കുക എന്നതിനെ കുറിച്ച് പറയുമ്പോൾ  "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും" എന്നും  "അല്ലാഹുവിന്റെ അനുമതിയോടുകൂടി"എന്നുമൊക്കെ അല്ലാഹു വ്യക്തമാക്കിയത് വളരെ ശ്രദ്ധേയമാണ്.

"ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും,  മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും." - ഖുർആൻ 3:49.

• ആത്മാവിനെ നൽകുന്നവൻ എന്നത് അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.
• രോഗം സുഖപ്പെടുത്തുന്നവൻ എന്നത് അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.
• മരിച്ചവരെ ജീവിപ്പിക്കുന്നവൻ എന്നതും അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.

അപ്പോൾ, മഹാനായ ഈസ നബിക്ക് അല്ലാഹു ഒരിക്കലും തന്നെ, ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണമായ തന്റെ കഴിവിൽനിന്നും ഏതെങ്കിലും ഒരു കഴിവ് മുഇജിസത്തു എന്ന പേരിൽ നൽകിയിട്ടില്ല. മറിച്ചു, അവകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അനുമതിയോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങൾ ആകുന്നു.

III. സുലൈമാൻ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല 

സുലൈമാൻ നബിക്ക് അല്ലാഹു നൽകിയ അൽഭുത കഴിവുകളെ പരാമർശിച്ചുകൊണ്ട് അല്ലാഹു തന്നെ പറയുന്നത്  "രക്ഷിതാവിന്‍റെ കല്‍പനപ്രകാരം" എന്നാണ്.

"സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിന്‍റെ ഒരു ഉറവ്‌ ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു." - ഖുർആൻ 34:12  

അപ്പോൾ, അല്ലാഹു അവന്റെ ദൂദന്മാർക്കു നൽകുന്ന അല്‍ഭുത ദ്രിഷ്ടാന്തങ്ങളിലൂടെ ഒരിക്കലും തന്നെ അവന്റെ രാജാധികാരത്തിന്റെ ഭാഗമായ എന്തെങ്കിലും ഒരു കഴിവ് അവന്റെ ഒരു സ്രിഷ്ടിയുമായും ഒരിക്കലും പങ്കുവെക്കില്ല, ആ സൃഷ്ടികൾ അല്ലാഹുവിനോട് ഏറവും അടുപ്പം സിദ്ധിച്ച അവന്റെ ദൂദന്മാർ ആയിരുന്നാൽ പോലും, കാരണം അല്ലാഹു പറയുന്നു "ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല" (25:2)  എന്ന്.

കാര്യം അങ്ങിനെയാണെങ്കിൽ -

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, മൂസ നബിയുടെ കക്ഷത്തിലൂടെയും കയ്യിലൂടെയും ഒക്കെ അല്ലാഹു കാണിച്ച അൽഭുതങ്ങൾ.

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, ഈസ നബിയിലൂടെ അല്ലാഹു രോഗം സുഖപ്പെടുത്തിയതും, മരിച്ചവരെ ജീവിപ്പിച്ചതും.

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, സുലൈമാൻ നബിക്ക് അല്ലാഹു കാറ്റിനെ കീഴ്പെടുത്തി കൊടുത്തതും, ജിന്നിനെ കീഴ്പെടുത്തി കൊടുത്തതും.

ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, ഏതൊരു പ്രവാചകനിലൂടെയും അല്ലാഹു വെളിപ്പെടുത്തിയ ഏതൊരു അൽഭുതവും.

ഇനി അതല്ല, മുഇജിസത്തല്ലേ, അത് കൊണ്ട് അങ്ങിനെ ഒക്കെ ആവാം എന്നാണ്‌ ആരെങ്കിലും മനസ്സിലാക്കിയത് എങ്കിൽ, നിങ്ങൾ അറിയുക - അത് അല്ലാഹുവിന്നു പങ്കാളികളെ ഉണ്ടാക്കുന്ന പരിപാടി ആണ്, അത് ശാശ്വതമായ നരഗക്കുഴിയിലേക്ക് ഉള്ള വഴി ആകുന്നു. അല്ലാഹുവിൽ ശരണം.

സൃഷ്ടാവും, സംരക്ഷകനും, സര്‍വ്വ നിയന്താവുമായ, എന്തിന്നും കഴിവുള്ള, ഉന്നതനായ അല്ലാഹുവിന്റെ ഏകത്വവുമായി ബന്ധപെട്ട വളരെ സുപ്രധാനമായ ഭാഗങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇഹലോകം സമ്പാധിക്കുവാന്‍ ഉപയോഗിക്കുന്ന അല്ലാഹു തന്ന ബുദ്ധി, പ്രമാണങ്ങളിലൂടെ, ബുദ്ധി തന്ന അല്ലാഹുവിനെ മനസ്സിലാക്കുവാന്‍ ഉപയോഗപ്പെടുത്തുക!

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Wednesday, July 2, 2014

തൗഹീദും ശിർക്കും - ഭാഗം - 2

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

ഒന്നാം ഭാഗത്തിൽ പറഞ്ഞ കാര്യങ്ങൾ തൗഹീദാകുന്ന നമ്മുടെ വിഷയത്തിന്റെ അടിത്തറയാണ്. അല്ലാഹു മാത്രമാണ് ആദിയിലും അവസാനത്തിലും ഉള്ളവൻ എന്നത് അവന്റെ രണ്ടു നാമ-വിശേഷണം എന്നതിലുപരി,  വളരെ കൃത്യമായ രണ്ടു മാനങ്ങൾ അതിൽ ഉണ്ട്. 

1. സൃഷ്ടികൾക്ക് മുൻപ് അല്ലാഹു മാത്രമേ ഉണ്ടായിരുന്നു.
2. സൃഷ്ടികൾ നശിച്ചതിന്നു ശേഷവും  അല്ലാഹു മാത്രമേ ഉണ്ടാകൂ.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥയെകുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാതിരുന്ന എന്നാൽ അല്ലാഹു മാത്രമുണ്ടായിരുന്ന ആ ആദിയിൽ ഉള്ളവനെയാണ് ഇനി നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്.

ആരാണ് ആദിയിൽ ഉള്ളവനായ അല്ലാഹു

ആദിയിൽ ഉള്ള അല്ലാഹുവിനെ നമ്മൾ പരിചയപ്പെടേണ്ടത്  അവൻ ഏകനാകുന്നു എന്ന ഉന്നതവും ഉദാത്തവും ആയ അവന്റെ നാമവിശേഷണത്തിലൂടെയാണ് .

A.  ആദിയിൽ ഏകനായവൻ അല്ലാഹു

ആദിയിൽ ഉള്ള അല്ലാഹുവിനെ നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് വളരെ ഹൃസ്വവും അതേസമയം വളരെയധികം പോരിഷകളും ഉള്ള, തൗഹീദ് എന്ന് മറ്റൊരു പേരുള്ള അദ്ധ്യായത്തിലൂടെയാണ്.

"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2

പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ന്റെ ഒന്നും രണ്ടും വചനങ്ങളെ വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇമാം ഇബ്നു കസീർ (റഹി) പറയുന്നു -

"അബൂ സഈദിൽ  ഖുളിരിയ്യ് (റ)വിൽ  നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു രാത്രിയിൽ ഖത്താദ ഇബ്നു നുഇമാൻ (നിസ്കാരത്തിൽ)  എല്ലാം 'ഖുൽ ഹുവല്ലാഹു അഹദു' പാരായണം ചെയ്തു. അങ്ങിനെ അത് റസൂൽ (സ)യുടെ അടുത്ത് പ്രധിപാദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:  എന്റെ ആത്മാവ് ആരുടെ കയ്യിലാണോ (അവനാണ് സത്യം) തീർച്ചയായും അത് ഖുർആനിന്റെ പകുതിയോ അല്ലെങ്കിൽ മൂന്നിൽ ഒന്നോ ആകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

നബി (സ)യുടെ ഈ തിരുവചനങ്ങളിൽ നിന്നും തന്നെ ഈ അധ്യായത്തിന്റെ പ്രാധ്യാനവും മഹത്വവും മനസ്സിലാക്കാം. അങ്ങിനെ അല്ലാഹു ഏകനാകുന്നു എന്നുപറഞ്ഞാൽ -

1. അല്ലാഹു ആദിയിൽ ഏകനാകുന്നു.
2. അല്ലാഹു ഇന്നും ഏകനാകുന്നു.
3. അല്ലാഹു അവസാനത്തിലും ഏകനാകുന്നു.
4. അല്ലാഹു എന്നും ഏകനാകുന്നു. 

അല്ലാഹു ഏകനാകുന്നു എന്നുപറഞ്ഞാൽ -

5. ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു നശിപ്പിച്ചപ്പോൾ അവൻ ഏകാനായതല്ല.
6. ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ അവൻ ഏകാനായതല്ല.
7. ഏതെങ്കിലും ഒരു സൃഷ്ടി എന്തെങ്കിലും പ്രവർത്തിച്ചപ്പോൾ  അവൻ ഏകാനായതല്ല.
8. ...

ആദിയിൽ സർവ്വ സൃഷ്ടികൾക്കും മുൻപ് ഉണ്ടായിരുന്ന അല്ലാഹു ഏകനിൽ ഏകാനായതിന്ന്  അവന്റെ കോടാനുകോടി വരുന്ന ഏതെങ്കിലും ഒരു സ്രിഷ്ടിയുമായോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും ഒരു പ്രവർത്തനവുമായൊ യാതൊരു ബന്ധവും ഇല്ല.

يَعْنِي: هُوَ الْوَاحِدُ الْأَحَدُ، الَّذِي لَا نَظِيرَ لَهُ وَلَا وَزِيرَ، وَلَا نَدِيدَ وَلَا شَبِيهَ وَلَا عَدِيلَ، وَلَا يُطلَق هَذَا اللَّفْظُ عَلَى أَحَدٍ فِي الْإِثْبَاتِ إِلَّا عَلَى اللَّهِ، عَزَّ وَجَلَّ؛ لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അതായത്, അവൻ (അല്ലാഹു) ഏകനിൽ ഏകനാകുന്നു. അവന്ന് തുണ ഇല്ല, അവന്ന് സഹായി ഇല്ല, അവന്ന് എതിരാളി ഇല്ല, അവന്ന് സമപ്പെടുത്തിനോക്കുവാൻ ഒരാളില്ല. ഈ വാക്ക് ( അൽ  അഹദ്) സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരിക്കലും വകവെച്ചുകൊടുക്കുവാൻ പാടില്ല, കാരണം, അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

അപ്പോൾ, ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ പരിപൂർണ്ണ അർത്ഥത്തിൽ അല്ലാഹു ഏകനായിരുന്നു.

ഇനി, അല്ലാഹുവിന്റെ ഈ ആദിയിലുള്ള ഈ പരിപൂർണ്ണത, "അവൻ ഏകനാകുന്നു" എന്ന നാമവിശേഷണത്തിൽ മാത്രം പരിമിധമല്ല, അത് അവന്റെ സകല നാമവിശേഷണങ്ങൾക്കും ബാധകമാണ്.

B. ആദിയിൽ തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പരിപൂർണ്ണനായവൻ അല്ലാഹു

അല്ലാഹു ആദിയിൽ ഉള്ള അവസ്ഥയിൽ  തന്നെ അവന്റെ എല്ലാ നാമവിശേഷണങ്ങളും അതിൽ അവന്റെ ഏകത്വവും പരിപൂർണ്ണമാകുകയും ചെയ്തിട്ടുണ്ട്.

• അല്ലാഹുവിന്റെ സർവ്വ നാമ-വിശേഷണങ്ങൾക്കും അർഹനായികൊണ്ട്‌ അവൻ മാത്രം ഉള്ള അവസ്ഥ. അതുകൊണ്ട് തന്നെ ആ ആദിയിൽ അവൻ സർവ്വഗുണ സമ്പൂർണ്ണൻ  ആയിട്ടുണ്ട്‌.

അല്ലാഹുവിനു എന്തൊക്കെ നാമങ്ങളും വിശേഷണങ്ങളും ഉണ്ടോ, അതിൽ എല്ലാം തന്നെ അല്ലാഹു പരിപൂർണ്ണൻ ആകുന്നു, അതിലേക്കു ഒന്നും ചേർക്കുവാനോ ഒന്നും കുറക്കുവാനോ ഇല്ല. കാരണം, അല്ലാഹു പറയുന്നു "അവൻ സ്വമദാകുന്നു" - 

"അല്ലാഹു സ്വാശ്രയനും ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു." - ഖുർആൻ 112:1-2.

എന്താണ്  'സ്വമദ്' എന്നത്കൊണ്ടുള്ള വിവക്ഷ എന്നതിനെപറ്റി, ഇമാം ഇബ്നു കസീർ(റഹി), ഇബ്നു അബ്ബാസ്‌ (റ) തൊട്ട്  പറയുന്നു.

قَالَ عَلِيُّ بْنُ أَبِي طَلْحَةَ، عَنِ ابْنِ عَبَّاسٍ: هُوَ السَّيِّدُ الَّذِي قَدْ كَمُلَ فِي سُؤْدُدِهِ، وَالشَّرِيفُ الَّذِي قَدْ كَمُلَ فِي شَرَفِهِ، وَالْعَظِيمُ الَّذِي قَدْ كَمُلَ فِي عَظْمَتِهِ، وَالْحَلِيمُ الَّذِي قَدْ كَمُلَ فِي حِلْمِهِ، وَالْعَلِيمُ الَّذِي قَدْ كَمُلَ فِي عِلْمِهِ، وَالْحَكِيمُ الَّذِي قَدْ كَمُلَ فِي حِكْمَتِهِ  وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"ഇബ്നു അബ്ബാസ് (റ)വിൽ നിന്നും അലി ഇബ്നു അബീ ത്വൽഹ(റ) പറയുന്നു  -

• തന്റെ സർവാധികാരത്തിൽ പരിപൂർണ്ണനായ സർവാധികാരി ആകുന്നു അവൻ (അല്ലാഹു).
• തന്റെ മാന്യതയിൽ  പരിപൂർണ്ണനായ മാന്യൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ മഹത്വത്തിൽ പരിപൂർണ്ണനായ മഹത്വമേറിയവൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ സഹനശീലത്തിൽ പരിപൂർണ്ണനായ സഹനശീലൻ  ആകുന്നു അവൻ (അല്ലാഹു).
• തന്റെ അറിവിൽ പരിപൂർണ്ണനായ എല്ലാം അറിയുന്നവൻ ആകുന്നു അവൻ (അല്ലാഹു).
• തന്റെ യുക്തിയിൽ പരിപൂർണ്ണനായ യുക്തിയുള്ളവൻ ആകുന്നു അവൻ (അല്ലാഹു).

വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അപ്പോൾ, തൂവെള്ള വസ്ത്രം പോലെ അല്ലാഹുവിന്റെ ഏകത്വം വളരെ വ്യക്തം.

1. അല്ലാഹു ആദിയിൽ അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
2. അല്ലാഹു ഇന്നും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
3. അല്ലാഹു അവസാനത്തിലും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു.
4. അല്ലാഹു എന്നും അവന്റെ സർവ്വ നാമ-വിശേഷണങ്ങളിലും ഏകനാകുന്നു. 

അതുകൊണ്ടാണ്  അല്ലാഹു ഏകനാകുന്നു എന്നതിനെ വിശദീകരിക്കുന്നിടത്ത് ഇമാം ഇബ്നു കസീർ(റഹി) പറഞ്ഞത്  -

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

ആദിയിൽ സർവ്വ രാജാധികാരത്തിന്റെയും ഉടയവനായ അല്ലാഹു തന്റെ മുഴുവൻ നാമ-വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ അയതോടൊപ്പം തന്നെ അവൻ അതിൽ ഏകനും ആയിത്തീന്നു.

അപ്പോൾ, ആരാണ് ആദിയിൽ ഉള്ള അല്ലാഹു എന്ന ചോദ്യത്തിനു വളരെ ലളിതവും എന്നാൽ വളരെ സുഭദ്രവുമായ  ഉത്തരം വളരെ വ്യക്തം.

• ആദിയിൽ ഏകാനായവൻ അല്ലാഹു.

• ആദിയിൽ തന്റെ സർവ്വ നാമ-വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയവൻ അല്ലാഹു.

തന്റെ ഏകത്വത്തിലും, പരിപൂർണ്ണതയിലും സൃഷ്ടികളെതൊട്ട് ഉന്നതനായവൻ അല്ലാഹു 

സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികൾക്കും മുൻപ്, യാതൊരു തുടക്കവും ഇല്ലാതെ, അല്ലാഹു എകനാകുകയും, അതോടൊപ്പം തന്നെ തന്റെ സർവ്വ വിശേഷണങ്ങളിലും ഉന്നതനും പ്രതാപവാനുമായ അല്ലാഹു സർവ്വഗുണ-സംബൂർണ്ണൻ ആകുകയും ചെയ്തു.

ഈ പരമമായ സത്യം, അല്ലാഹുവിന്റെ രണ്ടു ഉന്നത നാമ-വിശേഷണങ്ങളായ  'അഹദ്', 'സ്വമദ്' എന്നതിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുകസീർ(റഹി) വിശദീകരിച്ചതിൽ  നിന്നും നമുക്ക് വളരെ കൃത്യമായി മനസ്സിലായി.

കാര്യം അങ്ങിനെയാണെങ്കിൽ -

• പേനയെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• അർഷിനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

സ്വർഗ്ഗ നരഗ ആകാശ സൂര്യ നക്ഷത്ര ചന്ദ്രാദികളെയും ഭൂമിയേയും ഒക്കെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• മലക്കുകളെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• ജിന്നിനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, കാരണം അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി.

• ഏതൊരു സൃഷ്ടിയെ സ്രിഷ്ടിക്കുമ്പോഴും അല്ലാഹുവിന്റെ ഏതെങ്കിലും ഒരു വിശേഷണം കൂടുകയോ കുറയുകയോ ചെയ്യുകയില്ല, കാരണം അവൻ സർവ്വ  സൃഷ്ടികൾക്ക് മുൻപ്, ആദിയിൽ സർവ്വ വിശേഷണങ്ങളിലും പരിപൂർണ്ണൻ ആയി അഥവാ അല്ലാഹു സർവ്വഗുണ-സംബൂർണ്ണൻ ആയി.

അനന്തമായ കാലഘട്ടത്തിന്റെ വളരെ നിസ്സാരമായ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെടുകയും മറ്റൊരു നിമിഷത്തിൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കഴിവുകെട്ട, നിസ്സാരന്മാരും, ദുർബലരും, നിലനിൽപ്പിന്നു വേണ്ടി പരാശ്രയമുള്ളവരും ആയ സൃഷ്ടികളെതൊട്ട് ആദിയിലും അവസാനത്തിലും ഏകനും സർവ്വഗുണ-സംബൂർണ്ണനും ആയ അല്ലാഹു എത്രയോ പരിശുദ്ധൻ ആകുന്നു, എത്രയോ ഉന്നതൻ ആകുന്നു.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف