Tuesday, January 14, 2014

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 3

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

മീശ വെട്ടലും താടി വളർത്തലും സമ്പൂർണ്ണ മുസ്ലിമിന്റെ അടയാളം 

വിശ്വാസംകൊണ്ടും കർമ്മംകൊണ്ടും അല്ലാഹുവിന്റെ കൽപനകളെയും നബി(സ)യുടെ ചര്യകളേയും യഥാവിധി ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുന്ന ഒരു മുസ്ലിനിറെ അടയാളമാണ് മനുഷ്യ പ്രകൃതിയുടെ ഭാഗമായികൊണ്ടും വൃത്തിയുടെ ഭാഗമായിക്കൊണ്ടും സ്വഹീഹായ ഹദീസുകൾ പഠിപ്പിക്കുന്ന, ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽ നിന്നും ഒരു മുസ്ലിമിനെ വ്യക്തമായി വകതിരിക്കുകയും ചെയ്യുന്ന മീശ വെട്ടലും താടി വളർത്തലും.

ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു -

"സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ (ഇസ്ലാമിൽ) പ്രവേശിക്കുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു." - ഖുർആൻ 2:208.

"ഇസ്ലാമിന്റെ മുഴുവൻ നിയമങ്ങളെയും പ്രവർത്തനത്തിൽ കൊണ്ടുവരുവാൻ     മഹത്വമേറിയവനായ അല്ലാഹു സത്യവിശ്വാസികളോട്  കൽപിക്കുന്നു. മുഹമ്മദ്‌ നബി(സ)യെയും അദ്ദേഹം കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയവരും അദ്ദേഹത്തിന്റെ മുൻപ് ഉള്ള നബിമാരെയും ദൂദന്മാരെയും അവർ  കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയവരും 'സത്യവിശ്വാസികൾ ' എന്നു പറഞ്ഞവരിൽ പെടും. ഇസ്ലാമിലെ നിയമങ്ങളിലേക്കും അതിന്റെ നിബന്ധനകളിലേക്കും  നിർബന്ധമാക്കപെട്ട കാര്യങ്ങളെ സൂക്ഷിക്കുന്നതിലേക്കും തീർച്ചയായും അല്ലാഹു രണ്ടു വിഭാഗം ആളുകളെയും ക്ഷണിക്കുകയാണ്. അതിൽനിന്നും ഏതെങ്കിലും ഒന്ന് വിട്ടുപോകുന്നത് അവൻ (അല്ലാഹു) അവരെ (സത്യവിശ്വാസികളെ) തടഞ്ഞിരിക്കുകയും ചെയ്‌തിരിക്കുന്നു. " - ഇമാം ത്വബരി(റഹി), ഖുർആൻ 2:208.

മീശ വെട്ടലും താടി വളർത്തലും മനുഷ്യ പ്രകൃതിയുടെയും വൃത്തിയുടെയും ഭാഗമായികൊണ്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്  എന്ന്  കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും വളരെവ്യക്തമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ഇബ്രാഹീം(അ) അലാഹുവിനാൽ പരീക്ഷിക്കപെട്ട മീശ വെട്ടലും താടി വളർത്തലും ഉൾപെട്ട കൽപനകൾ. അങ്ങിനെ, കൽപനകൾ മുഴുവൻ പൂർത്തീകരിച്ച ഒരു സമ്പൂർണ്ണ മുസ്ലിമായിക്കൊണ്ടാണ് പരിശുദ്ധ ഖുർആൻ മഹാനായ ഇബ്രാഹീം (അ)നെ പരിചയപ്പെടുത്തുന്നത്.

"നീ കീഴ്പെടുക (മുസ്ലിം ആകുക) എന്ന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു." - 2:131.

വെള്ളം നിറച്ച ഒരു പാത്രം കാണിച്ചുകൊണ്ട് ഇതുമുഴുവൻ കുടിക്കൂ എന്ന് ഒരാളോട് പറയുകയും അങ്ങിനെ അയാൾ അതെടുത്തു കുടിക്കുകയും ചെയ്തപോലെ അല്ല ഇബ്രാഹീം നബി(അ)യോട് അല്ലാഹു 'കീഴ്പെടുക (മുസ്ലിം ആകുക)' എന്ന് പറഞ്ഞപ്പോൾ 'ഞാനിതാ കീഴ്പെട്ടിരിക്കുന്നു (മുസ്ലിം ആയിരിക്കുന്നു)' എന്ന് അദ്ദേഹം പറഞ്ഞത്.

തന്റെ ബാല്യകാലത്തിലൂടെയും, കൌമാരപ്രായത്തിലൂടെയും യൌവനത്തിലൂടെയും, തന്റെ വാർധ്യക്യത്തിലും എല്ലാം തന്നെ, മരണം വരേക്കും അല്ലാഹുവിന്റെ കൽപനകൾ യഥാവിധി, ഒന്നെഴിയാതെ, യാതൊരു സന്ദേഹവും ഇല്ലാതെ, പരിപൂർണ്ണമായി, അല്ലാഹു തൃപ്തിപ്പെടും വിധം പാലിച്ചത്കൊണ്ടാണ് ഇബ്രാഹീം നബിയെ ഒരു സമ്പൂർണ്ണ മുസ്ലിമായിക്കൊണ്ട് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. 

ഏതൊരു കീഴൊതുക്കത്തിലൂടെയാണോ ഇബ്രാഹീം (അ) സമ്പൂർണ്ണ മുസ്ലിമായത് , അതേ കീഴൊതുക്കത്തിന്റെ ഭാഗമാണ് മീശ വെട്ടലും താടി വളർത്തലും എന്ന തിരിച്ചറിവാണ് അല്ലാഹുവിന്നു പൂർണ്ണമായി കീഴൊതുങ്ങുവാൻ ശ്രമിക്കുന്ന ഒരു മുസ്ലിമിന്നു ഉണ്ടാകേണ്ടത്.

ഇത്തരമൊരു അറിവിന്റെ അടിസ്ഥാനത്തിലാണ് മീശ വെട്ടലും താടി വളർത്തലും ഒരു സമ്പൂർണ്ണ മുസ്ലിമിന്റെ അടയാളമായി മാറുന്നത്.

എന്തുകൊണ്ട് താടി?

ചില ആളുകൾ ചോദിക്കുന്നു എന്താണ് ഒരു താടിയുടെ കാര്യം മാത്രം പറയുന്നത് എന്ന്. അത്തരം ആളുകളോട് പറയുവാനുള്ളത് എന്തെന്നാൽ, താടിയിൽ ഉപരി, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കൽപനകളോട് ഒരു മുസ്ലിം എന്തൊരു നിലപാട് സ്വീകരിക്കുന്നു എന്നത്  താടിയിലൂടെ  കടന്നുവരുന്നുണ്ട്. 

"തങ്ങള്‍ക്കിടയില്‍ ( റസൂല്‍ ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍." -ഖുർആൻ 24:51.

നബി (സ) പറഞ്ഞു: "മുശ്രിക്കുകളിൽ നിന്നും (നിങ്ങൾ) വ്യത്യസ്തർ ആകുവിൻ. മീശകൾ വെട്ടുവിൻ, താടി വളർത്തുവിൻ" - ഇമാം ബുഖാരി, ഇമാം മുസ്ലിം.

• "ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു" എന്ന് പ്രഖ്യാപിക്കുവാൻ  തയ്യാറണ്ടോ എന്ന് സ്വന്തം ആത്മാവിനോട് ചോദിക്കുക. 

പ്രമാണബദ്ധമായി ഇസ്ലാമിൽ സ്ഥിരപ്പെട്ട ഒരു  ചര്യയെ, അത് നഖം വെട്ടലാകട്ടെ, ദന്ത ശുദ്ധിവരുത്തലാകട്ടെ, മീശ വെട്ടലാകട്ടെ താടി വളർത്തലാകട്ടെ, ഏതു ചര്യയായാലും അതിൽ ഏതെങ്കിലും ഒന്നിനെ തങ്ങളുടെ ഇച്ച്ചകൾക്ക് അനുസരിച്ചുകൊണ്ട് തള്ളുവാൻ ശ്രമിക്കുന്നവരോട് ഉണർത്തുവാനുള്ളത് എന്തെന്നാൽ അവർ സ്വയം വിഡ്ഢികൾ ആയിരിക്കുന്നു എന്നാണ് .

ഒരു രണ്ടു സെന്റു ഭൂമിവാങ്ങുമ്പോൾ കാണിക്കുന്ന ലാഘവമെങ്കിലും മുഹമ്മദ്‌ നബി(സ)യുടെ ചര്യ മനസ്സിലാക്കുന്ന വിഷയത്തിൽ കാണിച്ചാൽ സ്വന്തം പരലോകത്തിന്നു അത് ഗുണം ചെയ്തേക്കാം.

താടിയും തീവ്രവാദവും

തങ്ങളുടെ വാദങ്ങൾക്ക് പ്രാമാണിക അടിത്തറ  ഇല്ല എന്ന് മനസ്സിലാകുകയും, സുന്നത്തിനെ സ്നേഹിക്കുന്ന ആളുകൾ അതേറ്റുപിടിക്കികയും ചെയ്യന്നത് കാണുമ്പോൾ സ്വന്തം  ദേഹേച്ച മാത്രം കൈമുതലുള്ളവർ ആരോപിക്കുന്ന ഒന്നാണ് തീവ്രവാദം.

അല്ലാഹു അയച്ച സകല പ്രാവാച്ചകന്മാരും, നമ്മുടെ ആദർശ പിതാവായ ഇബ്രാഹീം നബി(അ)യും,  അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ)യും, അവിടുത്തെ ചാണിന്നു ചാണായും മുഴത്തിന്നു മുഴമായും പിൻപറ്റിയ സച്ചരിതരായ സ്വഹാബത്തും ഒന്നടങ്കം ജീവിതത്തിൽ പകർത്തിയ, 24 മണിക്കൂറും പുണ്യം ലഭിക്കുന്ന, ജുമുഅയുടെയും ഖിബ്ലയുടെയും നിസ്കാരത്തിന്റെയും നോമ്പിന്റെയും തുടങ്ങിയ വിഷയങ്ങളിൽ ഒരു മുസ്ലിം ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽ നിന്നും വളരെ വ്യക്തമായി എങ്ങിനെ വെർതിരിഞ്ഞൊ അതേപോലെ ഒരു മുസ്ലിമിനെ ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽനിന്നും അഗ്നി ആരാധകരിൽ നിന്നുമൊക്കെ വേർതിരിക്കുന്ന താടി വളർത്തുക, മീശ വെട്ടുക എന്ന പ്രബലമായ നബിചര്യയെ സ്വന്തം  ദേഹേച്ചയുടെ ബലത്തിൽ മാത്രം പുറംതള്ളുവാൻ ശ്രമിക്കുന്നവർ അവസാനം എത്തിച്ചേരുന്ന ഒരു ദുരവസ്ഥയാണ് തീവ്രവാദ ആരോപണം.

മുസ്ലിം സമുദായം പ്രബലമായ പ്രവാചക ചര്യകളെ പുറംന്തള്ളുന്നത്‌ കാണുമ്പോൾ, അത്തരം നിലപാടുകൾ ശരിയല്ലെന്ന് പ്രമാണബദ്ധമായി സുന്നത്തിന്റെ ആളുകൾ സമർഥിക്കുകയും ജനങ്ങളെ സുന്നത്തിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്യുമ്പോൾ , അത്തരം പ്രവർത്തനങ്ങൾക്ക് തുരംഗം വെച്ചുകൊണ്ട്, മതമേലങ്കി അണിഞ്ഞ ചില ആളുകളാണ് നബി ചര്യയുടെ ഈ പുനസ്ഥാപനത്തെയും തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത്!

സമുദായം പുറന്തള്ളിയ മുഹമ്മദ്‌ നബി(സ)യുടെ സുന്നത്തുകളെ സമൂഹത്തിൽ ജീവിച്ചുകാണിക്കുന്ന ആളുകളെയാണ് ഇവർ തീവ്രവാദികൾ എന്ന് വിളിക്കുന്നത്‌ !!

യഥാർഥത്തിൽ മീശ വെട്ടുക,  താടി വളർത്തുക എന്ന സുന്നത്തിന്റെ പ്രചാരണത്തെ തീവ്രവാദം എന്ന് വിളിക്കുന്നവർ  അറിഞ്ഞോ അറിയാതെയോ ചെന്നെത്തുന്നത് ജൂതന്റെ തറവാട്ടിലാണ്.

"എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?" ഖുർആൻ 2:87.

• നരഗാവകാശിയായ ജൂതന്റെ ഗുണമായിട്ടാണ് പ്രവാചകചര്യ തള്ളുന്നവരെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

മീശ വെട്ടലും താടി വളർത്തലും നിങ്ങളുടെ മനസ്സിന്നു പിടിക്കാത്ത ഒന്നായത് കൊണ്ടല്ല എങ്കിൽ നിങ്ങളോട്  പറയുവാൻ ഉള്ളത്  - തെളിവ് കൊണ്ടുവരൂ, നിങ്ങൾ സത്യസന്ധൻമാർ ആണെങ്കിൽ.

ആരെയാണ് നിങ്ങൾ തീവ്രവാദി ആകുന്നത്?

മഹാനായ ഇബ്രാഹീം(അ)യേയും അദ്ദേഹത്തെ പിന്തുടർന്ന അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യും അവിടുത്തെ പിന്തുടർന്നവരെയും സത്യവിശ്വാസികൾ ആയിക്കൊണ്ടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

"തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട്‌ കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും ( അദ്ദേഹത്തില്‍ ) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു." ഖുർആൻ 3:68.

"ഇബ്നു മസ്ഊദ്(റ)ൽ നിന്നും നിവേദനം : തീർച്ചയായും ഓരോ നബിക്കും നബിമാരിൽനിന്നുമുള്ള ഉറ്റ സുഹൃത്തുക്കൾ ഉണ്ടാകും. തീർച്ചയായും അവരിൽപെട്ട എന്റെ ഉറ്റ സുഹൃത്ത്‌  എന്റെ (ആദർശ) പിതാവും ഉന്നതനും പ്രതാപവാനുമായ എന്റെ രക്ഷിതാവിന്റെ കൂട്ടുകാരനും (ആയ ഇബ്രാഹീം) ആകുന്നു. എന്നിട്ട് അവിടുന്ന്  'തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട്‌ കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും ( അദ്ദേഹത്തില്‍ ) വിശ്വസിച്ചവരുമാകുന്നു.' എന്ന് പാരായണം ചെയ്തു." - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 3:68.

24 മണിക്കൂറും പുണ്യം ലഭിക്കുന്ന, മുസ്ലിം സമുദായം വലിച്ചെറിഞ്ഞ നബിചര്യയുടെ പുന്സ്ഥാപനം നടത്തുന്ന ആളുകളെ തീവ്രവാദികൾ എന്ന് വിളിച്ച ആളുകളേ..., നിങ്ങൾ ആരെയാണ് യഥാർഥത്തിൽ തീവ്രവാദി എന്ന് വിളിച്ചത് ? , എന്തിനെയാണ് നിങ്ങൾ തീവ്രവാദം എന്ന് വിളിച്ചത് ?

മതത്തിന്റെ വിഷയത്തിൽ മാത്രം സ്വന്തം ബുദ്ധി പണയംവെച്ച ആളുകൾ തീർച്ചയായും രക്ഷിതാവിന്റെ കോടതിയിൽ ഇതിന്നു മറുപടിപറയേണ്ടിവരും എന്നത് തീർച്ച.

മർഹൂം അമാനി മൗലവി പരിശുദ്ധ ഖുർആൻ വചനം 2:131 വിശദീകരിച്ചുകൊണ്ട് പറയുന്നത് ഈ അവസരത്തിൽ വളരെ പ്രസക്തമാണ്.

"ഇബ്രാഹീം (അ) സ്വീകരിച്ചുവന്ന വിശ്വാസാദർശങ്ങളും നടപടി ക്രമങ്ങളും  മുകളിൽ (തഫ്സീറിൽ) പ്രസ്താവിച്ചപ്രകാരമായിരുന്നു. അതെ, ഇസ്ലാമിന്റെ മാർഗമായിരുന്നു അദ്ദേഹത്തിന്റെ മാർഗം. അപ്പോൾ അദ്ദേഹത്തിന്റെ ആ മാർഗം വിട്ടേച്ചു മറ്റൊരു മാർഗം സ്വീകരിക്കുന്നവർ തങ്ങളെ തന്നെ സ്വയം വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്." - അമാനി മൗലവി (റഹി) ഖുർആൻ 2:131.

നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നബി ചര്യകളെ സ്വന്തം ജീവിതത്തിലൂടെയും ആദർശ പ്രബോധനത്തിലൂടെയും പുന്സ്ഥാപിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ തീവ്രവാദം എന്ന് വിളിക്കുന്ന ആളുകളേ, നിങ്ങൾ അറിയുക -

• ഉന്നതനും പ്രതാപവാനുമായ അല്ലാഹിവിന്റെ കൽപനകൾ  വിശ്വാസത്തിലും കർമ്മത്തിലും കഴിവിന്റെ പരമാവധി പകർത്തുന്നതിന്റെ പേരാകുന്നു ഇസ്ലാം, അങ്ങിനെ ചെയ്യുന്ന ആളിനെ വിളിക്കുന്ന പേരാകുന്നു മുസ്ലിം.

തുടരും, ഇൻഷാ അല്ലാഹു

അബൂ അബ്ദുൽ മന്നാൻ.

No comments:

Post a Comment