Monday, September 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 2

അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി

താടിവളർത്തലും  മീശ വെട്ടലും മനുഷ്യ പ്രകൃതിയുടെ ഭാഗം

പരിശുദ്ധ ഖുർആൻ വചനം 2:124 ൻറെ വിശദീകരണത്തിൽ  ഇമാം ഇബ്നു കസീർ(റ) സ്വീഹീഹു മുസ്ലിമിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ, താടി വളർത്തുന്നതിനെയും മീശ വെട്ടുന്നതിനെയും കുറിച്ച് പറഞ്ഞത് അത് "ഫിത്‌റത്തിന്റെ" അഥവാ (മനുഷ്യ) പ്രകൃതിയുടെ ഭാഗം എന്നാണ്.

ദന്ത ശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും നഖം വെട്ടുന്നതിന്റെയും തുടങ്ങി  പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുകപോലുള്ള  തീർത്തും മനുഷ്യ പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങളുടെകൂടെയാണ് ഇസ്ലാം മീശവെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും എണ്ണിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 

മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും ഇസ്‌ലാമിൽ നിന്നും പുറം തള്ളുവാൻ ശ്രമിക്കുന്നവരോട് ഒരു എളിയ ചോദ്യം -

 പ്രാഥമിക കർമ്മം കഴിഞ്ഞാൽ വെള്ളം കൊണ്ട് വൃത്തിയാക്കുന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗം ആണെന്ന് നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ, അതേ മനുഷ്യ പ്രകൃതിയുടെ ഭാഗമായി സ്വഹീഹു മുസ്ലിമിലെ ഹദീസിൽ ആദ്യമായി എണ്ണിയ മീശ വെട്ടലിനേയും താടി വളർത്തുന്നതിനെയും തള്ളിക്കളയുവാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്, എന്താണ് നിങ്ങളുടെ പക്കൽ ഉള്ള തെളിവ് ?

ഏതൊരു മനുഷ്യ പ്രകൃതിയുടെ ഭാഗമായിക്കൊണ്ടാണോ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ആ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മീശവെട്ടൽ എന്നാണ് പരിശുദ്ധ ഖുർആൻ വചനത്തിന്റെ വെളിച്ചത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നത്.

"ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല." - ഖുർആൻ 30:30.

"പ്രവാചകൻ (സ)യുടെ വാക്ക് : 'അഞ്ചു എണ്ണം പ്രകൃതിയുടെ ഭാഗം ആകുന്നു' അതിൽ സൂചിപിച്ചതാണ് മീശ വെട്ടൽ, അത് ഇസ്ലാമിന്റെ ചര്യയിൽ പെട്ടതാകുന്നു" - ഖുർത്വുബി, ഖുർആൻ 30:30.

ഹൃദയത്തിൽ നിന്നും കരൾ കഷ്ണം വലിച്ചെടുക്കുന്നത് പോലെ സ്വഹീഹായ ഈ ഹദീസുകളെ 'അതൊരു ഹദീസല്ലേ' എന്ന് പറഞ്ഞു കൊണ്ട് മാറ്റി നിറുത്തിയാൽ മാഹാനായ ഇബ്രാഹീം(അ) പരീക്ഷിക്കപെട്ട  "ചില കല്പനകൾ" എന്ന വിശുദ്ധ ഖുർആനിലെ പ്രയോഗത്തിന്നു എന്ത് വ്യാഖ്യാനമാണ്  തൽപരകക്ഷികൾ നൽകുക? ഏതൊരു മനുഷ്യ പ്രക്രിതിയിലെക്കാണോ അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നത് ആ പ്രകൃതിയുടെ ഭാഗമല്ല താടി വളർത്തലും മീഷവെട്ടലും എന്ന് പറയുവാൻ ഉള്ള സ്വന്തം ദേഹേച്ച മാത്രമാണോ ഇത്തരം ആളുകളുടെ കൈമുതൽ? 

മീശ വെട്ടൽ ശുദ്ധിയുടെ ഭാഗം 

പരിശുദ്ധ ഖുർആൻ വചനം 2:124ൻറെ വിശദീകരണത്തിൽ  ഇമാം ഖുർത്വുബി(റ) ഏറ്റവും ശരി എന്ന് പറഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞ ഹദീസിൽ മീശ വെട്ടുന്നതിനെ  ശുചിത്വത്തിന്റെ അഥവാ വൃത്തിയുടെ ഭാഗമായിട്ടാണ് എണ്ണിയിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയം ആകുന്നു. ദന്തശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും കൂടെയാകുന്നു ഇസ്ലാം മീശ വെട്ടുന്നതിനെ ഉൾപെടുത്തിയത്.

വീണ്ടും ഒരു സംശയം

തങ്ങളുടെ ദേഹേച്ചക്ക് പറ്റിയതല്ല എന്ന് കാണുമ്പോൾ പിശാച്ച് മനുഷ്യ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്ന സംശയം താടിയുടെ വിഷയത്തിലും കടന്നുവന്നിട്ടുണ്ട്. അത്തരം ഒരു സംശയമാണ് - താടി വളർത്തലും മീശവെട്ടലും ബഹുദൈവ വിശ്വാസികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി മാത്രം പറഞ്ഞതാണ് എന്ന്.

നബി (സ) പറഞ്ഞു: "മുശ്രിക്കുകളിൽ നിന്നും (നിങ്ങൾ) വ്യത്യസ്തർ ആകുവിൻ. മീശകൾ വെട്ടുവിൻ, താടി വളർത്തുവിൻ" - ഇമാം ബുഖാരി, ഇമാം മുസ്ലിം.

തൽപരകക്ഷികൾ ഈ ഹദീസിനെ ഉദ്ധരിച്ചുകൊണ്ട്  പറയുന്നത് എന്തെന്നാൽ, താടി വളർത്തലും മീശ വെട്ടലും പ്രവാചകന്റെ കാലത്തെ മുശ്രിക്കുകളിൽ നിന്നും വ്യതസ്തർ ആകുവാൻ മാത്രമുള്ള ഒരു താൽകാലിക കല്പനയാണെന്നും ആ കല്പന ഇന്ന് ബാധകമല്ല എന്നുമാണ് ഇക്കൂട്ടർ പറയുന്നത്.

പരിശുദ്ധ ഖുർആൻ പഠിക്കുമ്പോൾ ഈ വാദത്തിന്ന് യാതൊരുവിധ അടിസ്ഥാനവും ഇല്ല എന്ന് മാത്രമല്ല, വളരെ അപകടം പിടിച്ച ഒരു വാദമാണ് ഇതെന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.  

"മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു." എന്ന് തുടങ്ങുന്ന പരിശുദ്ധ ഖുർആൻ വചനം 2:213നെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) ചില കാര്യങ്ങൾ പറയുന്നുണ്ട്. 

" അവർ ( അഥവാ ജൂതന്മാരും നസറാണികളും) ജുമുഅ ദിവസത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അത് ശനിയാഴ്ച ആകി, ക്രിസ്ത്യാനികൾ അത് ഞായറാഴ്ചയും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ വെള്ളിയാഴ്ചയിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഖിബ്ലയുടെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ക്രിസ്ത്യാനികൾ കിഴക്കിനെയും ജൂതന്മാർ ബൈത്തുൽ മുഖദ്ദസിനെയും  ഖിബ്ലയാക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ ആ ഖിബ്ലയിലേക്ക് (അഥവാ മസ്ജിദുൽ ഹറമിലേക്ക് )  നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നിസ്കാരത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു.  അവരിൽ റുകൂഉ ചെയ്യുന്ന എന്നാൽ സുജൂദു ചെയ്യാത്തവരും സുജൂദു ചെയ്യുന്ന എന്നാൽ  റുകൂഉ ചെയ്യാത്തവരും ഉണ്ട് . അവരിൽ നിസ്കരിക്കുമ്പോൾ സംസാരിക്കുന്നവർ ഉണ്ട്. അവരിൽ നിസ്കരിക്കുമ്പോൾ നടക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നോമ്പിന്റെ കാര്യത്തിൽ ഭിന്നിച്ചു. അവരിൽ പകലിൽ ചില സമയങ്ങളിൽ മാത്രം നോമ്പ് എടുക്കുന്നവർ ഉണ്ട്. അവരിൽ ചിലർ ചില ഭക്ഷണത്തിന്നു മാത്രം  നോമ്പ് എടുക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഇബ്രാഹീം(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അപ്പോൾ ജൂതന്മാർ പറഞ്ഞു അദ്ദേഹം ജൂതനാണെന്ന്. ക്രിസ്ത്യാനികൾ പറഞ്ഞു അദ്ദേഹം ക്രിസ്ത്യാനി ആണെന്ന്. എന്നാൽ അല്ലാഹു അദ്ദേഹത്തെ ഋജുമനസ്കനായ മുസ്ലിം (അഥവാ ദൈവത്തിനു പൂർണമായി കീഴൊതുങ്ങിയവൻ) ആക്കി. അങ്ങിനെ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു  

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഈസ(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അദ്ദേഹത്തെ കളവാക്കുകയും അദ്ദേഹത്തിന്റെ മാതാവിനെ പറ്റി ഭയങ്കര കള്ള വാർത്തയും പറഞ്ഞു. ക്രിസ്ത്യാനികളാകട്ടെ ആദ്ദേഹത്തെ ദൈവവും ദൈവപുത്രനും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു." - ഇമാം ഇബ്നു കസീർ, ഖുർആൻ 2:213.

പറഞ്ഞുവരുന്നത് എന്തെന്നാൽ , നബി (സ)യുടെ കൽപന ഉള്ള മീഷവെട്ടലും താടി വളർത്തലും ജൂതന്മാരിൽനിന്നും ക്രിസ്ത്യാനികളിൽ നിന്നും തൽപര കക്ഷികൾ പറയുന്ന രൂപത്തിൽ ഉള്ള  വ്യതസ്തരാവർ ആണെങ്കിൽ, താഴെ പറയുന്ന പമ്പര വിഡ്ഢിത്വം പറയേണ്ടിവരും.

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ദിവസമായി വെള്ളിയാഴ്ചയെ തിരെഞ്ഞെടുത്താൽ നമ്മൾ ജുമുഅ നിറുത്തി വെക്കേണ്ടിവരും!

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ഖിബ്ലയായി മസ്ജിദുൽ ഹറമിനെ തിരെഞ്ഞെടുത്താൽ, ഒരു മുസ്ലിം നമസ്കാരത്തിൽ ഖിബ്ലയെ അഭിമുഖീകരിക്കുന്നതിന്നു പ്രസക്തി ഇല്ലാതാകും!

• ...

യഥാർഥത്തിൽ ഇമാം ഇബ്നു കസീർ(റ) മുകളിൽ പറഞ്ഞ ഏതെല്ലാം വിഷയങ്ങളിൽ ഒരു മുസ്ലിം ജൂത-നസറാണികളുമായി വളരെ വ്യക്തമായ വ്യത്യാസം പുലർത്തുന്നുണ്ടോ അതേ അർത്ഥത്തിൽ തന്നെയാണ്  നബി (സ) പറഞ്ഞ മീശ വെട്ടലിലൂടെയും താടി വളർത്തുന്നതുന്നതിലൂടെയും നിങ്ങൾ വ്യതസ്തർ ആകുവിൻ എന്ന കൽപനയെ ഒരു മുസ്ലിമിന്നു കാണുവാൻ സാധിക്കേണ്ടത്. 


തൊട്ട് മുകളിൽ പറഞ്ഞ ഈ ഒരു കാര്യം തന്നെയാണ് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ഡിതന്മാർ കാര്യങ്ങളെ വിശദീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഉസൈമീൻ(റ) യോട് ചോദിച്ചു.

"ജനങ്ങളിൽ ചില ആളുകൾ പറയുന്നതിനെ പറ്റി ഷെയ്ഖ് അവർകൾ ചോദിക്കപെട്ടു. 'തീർച്ചയായും താടി വളർത്തുവാൻ ഹദീസിൽ പറഞ്ഞതിന്റെ കാരണം  അഗ്നി ആരാധകരിൽ നിന്നും നാസറാണികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി ആണെന്നും, അതുകൊണ്ട്  അത് ഇപ്പോൾ (ഈ കാലഘട്ടത്തിൽ)  ചെയ്യേണ്ടതില്ലെന്നും കാരണം അവർ (മുശ്രിക്കുകൾ)  താടി വളർത്തുകയും ചെയ്യുന്നു?

അദ്ദേഹം പറഞ്ഞു: പല വിധത്തിൽ നമുക്ക് ഇതിന്നു മറുപടി പറയാം.

ഒന്ന്: താടി വളർത്തുവാൻ പറഞ്ഞത് വെറും വ്യതസ്തർ ആകുവാൻ വേണ്ടി അല്ല. പക്ഷെ അത് സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ട ഹദീസിൽ പറഞ്ഞ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആയതുകൊണ്ടാണ്. തീർച്ചയായും  താടി വളർത്തൽ അല്ലാഹു ജനങ്ങളെ ഏതു പ്രകൃതിയിൽ സൃഷ്ടിച്ചുവോ ആ പ്രകൃതിയുടെ ഭാഗം ആകുന്നു. അതുകൊണ്ട് അവർ അതിനനുസരിച്ച് ഉള്ളതിനെ ഭംഗിയായും അതിന്നു എതിർ ഉള്ളതിനെ അഭംഗിയായും കാണുന്നു.

രണ്ട്: ജൂതന്മാരും ക്രിസ്ത്യാനികളും അഗ്നി ആരാധകരും താടി വളർത്തുന്നില്ല, അവരിൽ നാലിൽ ഒന്ന് പോലും അത് ചെയുന്നില്ല. അതിനു പകരം അവരിൽ ഭൂരിഭാഗവും താടി വടിക്കുന്നവരും ആണെന്നുള്ളത്‌ വളരെ വ്യക്തമാണ്.  

മൂന്ന്: " മജ്മൂഉ ഫതാവ, ഇബ്നു ഉസൈമീൻ.  

• അപ്പോൾ ജുമുഅ, ഖിബ്ല, നിസ്കാരം, നോമ്പ്  എന്ന്  തുടങ്ങിയ വിഷയങ്ങളിൽ എങ്ങിനെ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തമായോ അതേ രൂപത്തിൽ  മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും കണ്ടു കൊണ്ട് മീശ വെട്ടുകയും താടി വളർത്തുകയും ചെയ്യുന്നവർ  ആണോ സ്വയം വിഡ്ഢി?

• അതല്ല, മുശ്രിക്കുകൾ ഇന്ന് താടി വളർത്തുന്നുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞുകൊണ്ട്, താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്ന, കാര്യങ്ങൾ തല കുത്തനെ ചെയ്യുന്ന, ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ ജുമുഅയും ഖിബ്ലയും നിസ്കാരവും നോമ്പും ഒക്കെ അപകടത്തിൽ കൊണ്ട് ചാടികുന്ന, സ്വന്തം ദേഹേച്ചയെ പിൻപറ്റുന്നവർ ആണോ സ്വയം വിഡ്ഢി?

തുടരും, ഇന്ഷാ അല്ലാഹു 

അബൂ അബ്ദുൽ മന്നാൻ